ഐ.പി.എല്‍ 2024ല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് നിലയുറപ്പിക്കുന്നതിനുള്ള പ്രധാന കാരണങ്ങളിലൊന്നാണ് വിന്‍ഡീസ് സൂപ്പര്‍ താരം സുനില്‍ നരെയ്ന്‍. റണ്‍ വേട്ടയിലും വിക്കറ്റ് വേട്ടയിലും ഒരുപോലെ തിളങ്ങിയാണ് നരെയ്ന്‍ നൈറ്റ് റൈഡേഴ്‌സിന്റെ നെടുംതൂണാകുന്നത്.
11 മത്സരത്തില്‍ നിന്നും ഒരു സെഞ്ച്വറിയും മൂന്ന് അര്‍ധ സെഞ്ച്വറിയും അടക്കം 461 റണ്‍സടിച്ച് റണ്‍വേട്ടക്കാരുടെ പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ് നരെയ്ന്‍. കൊല്‍ക്കത്ത താരങ്ങളുടെ പട്ടികയില്‍ ഒന്നാമനുമാണ് ഈ സൂപ്പര്‍ ഓള്‍ റൗണ്ടര്‍.
വിക്കറ്റ് വേട്ടക്കാരുടെ പട്ടികയിലേക്ക് വരുമ്പോള്‍ പര്‍പ്പിള്‍ ക്യാപ്പിനുള്ള ഓട്ടത്തില്‍ ഏഴാമനും നൈറ്റ് റൈഡേഴ്‌സ് നിരയില്‍ വരുണ്‍ ചക്രവര്‍ത്തിക്ക് കീഴില്‍ രണ്ടാമനുമാണ് അദ്ദേഹം.
എന്നാല്‍ വിക്കറ്റ് വീഴ്ത്തുമ്പോഴോ റണ്‍ അടിച്ചുകൂട്ടുമ്പോഴോ വിന്നിങ് ഷോട്ടിലൂടെ മത്സരം വിജയിപ്പിക്കുമ്പോഴോ ഒരു തരത്തിലുള്ള ഭാവമാറ്റവും നരെയ്‌ന്റെ മുഖത്തുണ്ടാകാറില്ല. കളിക്കളത്തില്‍ ഇത്തരത്തിലുള്ള അപൂര്‍വം താരങ്ങളില്‍ ഒരാളാണ് നരെയ്ന്‍.
ഇപ്പോള്‍ ഇതിനുള്ള കാരണം വ്യക്തമാക്കുകയാണ് നരെയ്ന്‍. എന്തുകൊണ്ടാണ് വിക്കറ്റ് നേടുമ്പോള്‍ ഒരു തരത്തിലുള്ള ഇമോഷനുകളും പ്രകടിപ്പിക്കാത്തത് എന്ന നൈറ്റ്‌സ് പോഡ്കാസ്റ്റിലെ ചോദ്യത്തിന് ഉത്തരം പറയുകയായിരുന്നു താരം.
ചെറുപ്പത്തില്‍ തന്റെ പിതാവ് നല്‍കിയ ഉപദേശം പാലിക്കുകയാണ് താന്‍ ചെയ്യുന്നതെന്നാണ് നരെയ്ന്‍ പറഞ്ഞത്.
‘വളര്‍ന്നുവരുമ്പോള്‍ എന്റെ അച്ഛന്‍ നല്‍കിയ ഉപദേശമാണിത്. ഇന്ന് ഒരു താരത്തെ പുറത്താക്കിയാലും നാളെയോ പിന്നിടെപ്പോഴെങ്കിലുമോ അയാള്‍ക്കെതിരെ വീണ്ടും കളിക്കേണ്ടി വരും. കളിക്കളത്തിലെ ആ നിമിഷം ആസ്വദിക്കുക എന്നത് മാത്രമാണ് ചെയ്യേണ്ടത്, അമിതാഹ്ലാദം പ്രകടിപ്പിക്കാതിരിക്കുക,’ നരെയ്ന്‍ പറഞ്ഞു.
ആവേശം എന്ന ചിത്രത്തിലൂടെ വീണ്ടും ട്രെന്‍ഡിങ്ങായി മാറിയ കരിങ്കാളിയല്ലേ… എന്ന് തുടങ്ങുന്ന പാട്ടിന് താരം റീല്‍സ് ചെയ്തിരുന്നു. എന്നാല്‍ ഇതിലും ഒരു ഭാവഭേദവുമില്ലാതെയാണ് താരം ആരാധകര്‍ക്ക് മുമ്പില്‍ പ്രത്യക്ഷപ്പെട്ടത്.
അതേസമയം, 11 മത്സരത്തില്‍ നിന്നും 16 പോയിന്റുമായി ഒന്നാം സ്ഥാനത്ത് തുടരുന്ന കെ.കെ.ആറിന് ഒരു മത്സരം കൂടി വിജയിക്കാന്‍ സാധിച്ചാല്‍ പ്ലേ ഓഫില്‍ പ്രവേശിക്കാം. ഇനി മൂന്ന് മത്സരങ്ങളാണ് കെ.കെ.ആറിന് മുമ്പിലുള്ളത്. ഈ മൂന്നിലും വിജയിച്ച് പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്താനാകും കൊല്‍ക്കത്ത ഒരുങ്ങുന്നത്.