തങ്ങളുടെ ചരിത്രത്തിലെ തന്നെ ഏറ്റവും മോശം പ്രകടനങ്ങളിലൊന്ന് കാഴ്ചവെച്ചാണ് മുംബൈ ഇന്ത്യന്‍സ് ഐ.പി.എല്‍ 2024നോട് വിട പറഞ്ഞിരിക്കുന്നത്. പോയിന്റ് പട്ടികയില്‍ പത്താം സ്ഥാനത്താണ് ഐ.പി.എല്‍ ചരിത്രത്തില്‍ ആദ്യമായി അഞ്ച് കപ്പുയര്‍ത്തിയ ടീം ഫിനിഷ് ചെയ്തത്.
പുതിയ ക്യാപ്റ്റന് കീഴില്‍ പുത്തനുണര്‍വോടെ കളിക്കുമെന്ന മാനേജ്‌മെന്റിന്റെ പ്രതീക്ഷകളെ മുംബൈ ഇന്ത്യന്‍സ് ഒന്നടങ്കം തകിടം മറിച്ചിരുന്നു. 14 മത്സരത്തില്‍ പത്തിലും പരാജയപ്പെട്ട മുംബൈക്ക് എട്ട് പോയിന്റ് മാത്രമാണ് സ്വന്തമാക്കാന്‍ സാധിച്ചത്. പോയിന്റില്‍ ഇരട്ടയക്കം കാണാന്‍ സാധിക്കാതെ പോയ ഏക ടീമും മുംബൈ തന്നെ.
ഗുജറാത്ത് ടൈറ്റന്‍സിനെ കഴിഞ്ഞ രണ്ട് സീസണിലും ആദ്യം പ്ലേ ഓഫിലെത്തിച്ച ഹര്‍ദിക് പാണ്ഡ്യ, ഈ സീസണില്‍ മുംബൈ ഇന്ത്യന്‍സിനെ ടൂര്‍ണമെന്റില്‍ നിന്നും ആദ്യം പുറത്താക്കുന്ന ടീമായാണ് മാറ്റിയത്.
ഇപ്പോള്‍ മുംബൈ ഇന്ത്യന്‍സിനെ രൂക്ഷമായി വിമര്‍ശിക്കുകയാണ് മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരവും ക്രിക്കറ്റ് അനലിസ്റ്റും കമന്റേറ്ററുമായ സുനില്‍ ഗവാസ്‌കര്‍. മുംബൈ ഇന്ത്യന്‍സിനെ കടലാസ് പുലികള്‍ എന്ന് വിളിച്ചുകൊണ്ടായിരുന്നു അദ്ദേഹം വിമര്‍ശനമുന്നയിച്ചത്. ടീമിനായി ഒരു ബാറ്റര്‍ പോലും ടൂര്‍ണമെന്റിലുടനീളം സ്ഥിരതയാര്‍ന്ന പ്രകടനം പുറത്തെടുത്തിട്ടില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ജസ്പ്രീത് ബുംറ മാത്രമാണ് മുംബൈ ഇന്ത്യന്‍സിനായി മികച്ച പ്രകടനം കാഴ്ചവെച്ചതെന്ന് പറഞ്ഞ ഗവാസ്‌കര്‍, ബുംറക്ക് പിന്തുണ നല്‍കാന്‍ മറ്റൊരു താരത്തിനും സാധിച്ചില്ലെന്നും കൂട്ടിച്ചേര്‍ത്തു.
സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ നടന്ന ചര്‍ച്ചയിലായിരുന്നു ഗവാസ്‌കറിന്റെ പരാമര്‍ശം.
‘ടീമില്‍ ഒരു മികച്ച താരം പോലും ഉണ്ടായിരുന്നില്ല. മുംബൈ ഇന്ത്യന്‍സ് വെറും കടലാസ് പുലികളാണ്. കടലാസില്‍ മാത്രമാണ് അവര്‍ കരുത്തര്‍. ഈ സീസണിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ച ഒരു മുംബൈ ഇന്ത്യന്‍സ് താരത്തെ നിങ്ങളെനിക്ക് കാണിച്ചുതരൂ.
വമ്പന്‍ താരങ്ങളെയല്ല, മറിച്ച് മികച്ച പ്രകടനം നടത്താന്‍ സാധിക്കുന്നവരെയായിരിക്കണം നിങ്ങള്‍ക്ക് വേണ്ടത്. മികച്ച പ്രകടനം നടത്താനോ പോരാടാനോ ഉള്ള ശ്രമം മുംബൈ ഇന്ത്യന്‍സിന്റ ഭാഗത്ത് നിന്നും ഉണ്ടായിരുന്നില്ല. ഇതുകൊണ്ടാണ് അവര്‍ക്ക് പത്താം സ്ഥാനത്ത് ഇരിക്കേണ്ടി വന്നത്,’ ഗവാസ്‌കര്‍ പറഞ്ഞു.
ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിലെങ്കിലും വിജയിച്ച് മുഖം രക്ഷിക്കാനുള്ള മുംബൈ ഇന്ത്യന്‍സിന്റെ അവസാന മോഹവും കഴിഞ്ഞ ദിവസം പാഴായി. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സാണ് സീസണിലെ അവസാന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ തകര്‍ത്തുവിട്ടത്.