| Thursday, 28th March 2024, 5:03 pm

ഒരു തരത്തില്‍ നോക്കിയാല്‍ ഇങ്ങനെയൊരു തുടക്കം നല്ലതാണ്; ഒന്നും നഷ്ടപ്പെട്ടിട്ടില്ല മകനേ... തിരിച്ചുവന്നവര്‍ നിനക്ക് മുമ്പില്‍ ഒരുപാട് പേരുണ്ട്

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലിന്റെ ചരിത്രം തന്നെ തിരുത്തിക്കുറിച്ചാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് – മുംബൈ ഇന്ത്യന്‍സ് മത്സരം അവസാനിച്ചത്. ടൂര്‍ണമെന്റിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ടോട്ടല്‍, ഫ്രാഞ്ചൈസി ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവുമയര്‍ന്ന ടോട്ടല്‍, ഐ.പി.എല്‍ ചരിത്രത്തില്‍ ഏറ്റവുമധികം സിക്‌സറുകള്‍ പിറന്ന മത്സരം എന്നിങ്ങനെ പല റെക്കോഡുകളും കഴിഞ്ഞ ദിവസം രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്‌റ്റേഡിയത്തില്‍ പിറവിയെടുത്തിരുന്നു.

ബൗളര്‍മാരുടെ ശവപ്പറമ്പായി മാറിയ പിച്ചില്‍ കണ്ട് ടീമിലെയും ബൗളര്‍മാര്‍ പരീക്ഷിക്കപ്പെട്ടിരുന്നു. ഇതില്‍ ഏറ്റവുമധികം റണ്‍സ് വഴങ്ങിയത് മുംബൈ ഇന്ത്യന്‍സിന്റെ പ്രോട്ടിയാസ് കൗമാര താരം ക്വേന മഫാക്കായാണ്. മത്സരത്തില്‍ നാല് ഓവര്‍ പന്തെറിഞ്ഞ താരം 66 റണ്‍സാണ് വഴങ്ങിയത്. വിക്കറ്റൊന്നും നേടാന്‍ സാധിച്ചതുമില്ല.

ഐ.പി.എല്ലിന്റെ ചരിത്രത്തില്‍ ഒരു അരങ്ങേറ്റ താരത്തിന്റെ മോശം പ്രകടനമെന്ന മോശം റെക്കോഡാണ് മഫാക്കയുടെ പേരില്‍ കുറിക്കപ്പെട്ടത്. ആദ്യ ഓവറില്‍ വെറും ഏഴ് റണ്‍സ് മാത്രം വഴങ്ങിയ മഫാക്കക്ക് ശേഷിച്ച ഓവറുകളില്‍ ആ മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിക്കാതെ പോയി.

മത്സരത്തില്‍ ഏറ്റവുമധികം ഡോട്ട് ബോളുകളെറിഞ്ഞ താരവും മഫാക്കയാണ്.

ഈ മത്സരത്തിന് പിന്നാലെ താരത്തിനെതിരെ വിമര്‍ശനങ്ങളും പരിഹാസങ്ങളും ഉയരുന്നുണ്ട്. താന്‍ ബുംറയേക്കാള്‍ മികച്ച ബൗളറാണെന്ന താരത്തിന്റെ ആത്മവിശ്വാസം നിറഞ്ഞ വാക്കുകളെയാണ് എല്ലാവരും പരിഹസിച്ചത്.

ഒരുപക്ഷേ 17ാം വയസില്‍ ബുംറ സ്വന്തമാക്കിയതിനേക്കാള്‍ ഐതിഹാസിക നേട്ടങ്ങള്‍ മഫാക്ക സ്വന്തമാക്കിയിട്ടുണ്ടാകും. അണ്ടര്‍ 19 ലോകകപ്പില്‍ 21 വിക്കറ്റുകള്‍ നേടി ടൂര്‍ണമെന്റിന്റെ താരമായി തെരഞ്ഞെടുക്കപ്പെട്ടവനാണ് സൗത്ത് ആഫ്രിക്കയുടെ ഇടംകയ്യന്‍ പേസര്‍. ഒരു ലോകകപ്പില്‍ മൂന്ന് ഫൈഫര്‍ നേടുന്ന താരമെന്ന നേട്ടമടക്കം നിരവധി റെക്കോഡുകളും മഫാക്ക തന്റെ പേരില്‍ കുറിച്ചിരുന്നു.

അണ്ടര്‍ 19ല്‍ നിന്നും ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഫ്രാഞ്ചൈസി ക്രിക്കറ്റ് ടൂര്‍ണമെന്റിലെത്തിയ തുടക്കക്കാരന്റെ പരിഭ്രമം മാത്രമായി ഇതിനെ കണ്ടാല്‍ മതിയാകും. ഹെന്റിച്ച് ക്ലാസനെയും ട്രാവിസ് ഹെഡിനെയും പോലുള്ള വേള്‍ഡ് ക്ലാസ് താരങ്ങള്‍ക്കെതിരെ ആദ്യമായി പന്തെറിയുന്നതിന്റെ പരിഭ്രമം സ്‌പെല്ലിലെ രണ്ടാം ഓവര്‍ മുതല്‍ അവന്റെ മുഖത്ത് വ്യക്തമായി തന്നെ കണ്ടിരുന്നു.

മഫാക്കയേക്കാള്‍ മോശം പ്രകടനം നടത്തിയ ബൗളര്‍മാരും മുംബൈയിലുണ്ടായിരുന്നു. ഐ.പി.എല്ലിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച ബൗളര്‍മാരില്‍ ഒരാളായ, വിക്കറ്റ് വേട്ടക്കാരുടെ പട്ടികയില്‍ മൂന്നാമനായ പീയൂഷ് ചൗള മഫാക്കയെക്കാള്‍ മോശം എക്കോണമിയിലാണ് പന്തെറിഞ്ഞത്.

കഴിഞ്ഞ ഒരു മത്സരം മാത്രം കണക്കിലെടുത്തുകൊണ്ട് മഫാക്കയുടെ പ്രതിഭയെ ഒരിക്കലും വിലയിരുത്താന്‍ സാധിക്കില്ല. ഇറ്റ്‌സ് ജസ്റ്റ് എ ബാഡ് ഡേ.

ഈ തകര്‍ച്ചയില്‍ നിന്ന് മഫാക്ക തിരിച്ചുവരുമെന്ന് തന്നെയാണ് ആരാധകരും പ്രതീക്ഷിക്കുന്നത്. ആ തിരിച്ചുവരവിന് ആത്മവിശ്വാസം പകരാനുള്ള ഉദാഹരണങ്ങളും മഫാക്കക്ക് മുമ്പിലുണ്ട്. കരിയറിന്റെ തുടക്കത്തില്‍ യുവരാജ് സിങ്ങിനോട് ആറ് പന്തില്‍ ആറ് സിക്‌സര്‍ വഴങ്ങിയ സ്റ്റുവര്‍ട്ട് ബ്രോഡ് ലോകം കണ്ട എക്കാലത്തെയും മികച്ച ബൗളര്‍മാരില്‍ ഒരാളായി സ്വയം അടയാളപ്പെടുത്തിയാണ് കരിയര്‍ അവസാനിപ്പിച്ചത്. കഴിഞ്ഞ സീസണില്‍ റിങ്കു സിങ്ങിനോട് തുടര്‍ച്ചയായി അഞ്ച് സിക്‌സര്‍ വഴങ്ങിയ യാഷ് ദയാല്‍ ഇന്ന് റോയല്‍ ചലഞ്ചേഴ്‌സിന്റെ പ്രധാന താരങ്ങളിലൊരാളാണ്.

ഈ വീഴ്ചയില്‍ നിന്നും ഉയര്‍ന്നുവരാന്‍ മഫാക്കക്ക് സാധിക്കും. കാരണം ഇത് ക്രിക്കറ്റാണ് എന്നതുതന്നെയാണ് കാരണം.

ഒരര്‍ത്ഥത്തില്‍ ഇത്തരമൊരു തുടക്കം നല്ലതാണ്. കിട്ടാവുന്നതില്‍ വെച്ചു ഏറ്റവും മോശം തുടക്കമാണ് ലഭിച്ചത്. ഇനി ഇതിനും മുകളില്‍ ഒന്നുമില്ല എന്ന് കരുതി കളിച്ചു കയറി വരും എന്ന് തന്നെയാണ് ക്രിക്കറ്റ് ലോകം ഉറച്ചുവിശ്വസിക്കുന്നത്.

Content highlight: IPL 2024, Story about Kwena Maphaka

Latest Stories

We use cookies to give you the best possible experience. Learn more