ഐ.പി.എല്‍ 2024ലെ തങ്ങളുടെ അവസാന ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പഞ്ചാബ് കിങ്‌സിനെ പരാജയപ്പെടുത്തിയിരിക്കുകയാണ്. സ്വന്തം തട്ടകമായ ഉപ്പലിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 4 വിക്കറ്റിനാണ് ഓറഞ്ച് ആര്‍മി വിജയിച്ചുകയറിയത്.
പഞ്ചാബ് ഉയര്‍ത്തിയ 215 റണ്‍സിന്റെ വിജയലക്ഷ്യം അഞ്ച് പന്ത് ബാക്കി നില്‍ക്കെ ഹൈദരാബാദ് മറികടക്കുകയായിരുന്നു. സൂപ്പര്‍ താരം അഭിഷേക് ശര്‍മയുടെ അര്‍ധ സെഞ്ച്വറിയും ഹെന്റിക് ക്ലാസന്‍, നിതീഷ് കുമാര്‍ റെഡ്ഡി, രാഹുല്‍ ത്രിപാഠി എന്നിവരുടെ ഇന്നിങ്‌സുമാണ് ഹൈദരാബാദിന് വിജയം സമ്മാനിച്ചത്.
നേരത്തെ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത പഞ്ചാബ് നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 214 റണ്‍സാണ് നേടിയത്.
പ്രഭ്സിമ്രാന്‍ സിങ്ങും അഥര്‍വ തായ്ദെയും ചേര്‍ന്ന് ആദ്യ വിക്കറ്റില്‍ മികച്ച പ്രകടനം കാഴ്ചവെച്ചത്. 27 പന്തില്‍ 46 റണ്‍സ് നേടിയ തായ്ദയെ പുറത്താക്കി ടി. നടരാജനാണ് ഹോം ടീമിന് ആദ്യ ബ്രേക് ത്രൂ നല്‍കിയത്.
പിന്നാലെയെത്തിയ റിലി റൂസോയെ കൂട്ടുപിടിച്ച് പ്രഭ്സിമ്രാന്‍ സ്‌കോര്‍ ഉയര്‍ത്തി. രണ്ടാം വിക്കറ്റിലും അര്‍ധ സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്തിയ പഞ്ചാബ് സണ്‍റൈസേഴ്സ് ബൗളര്‍മാര്‍മാരെ നിരന്തരം പരീക്ഷിച്ചുകൊണ്ടേയിരുന്നു.
ടീം സ്‌കോര്‍ 151ല്‍ നില്‍ക്കവെ പ്രഭ്സിമ്രാനെ വിജയ്കാന്ത് വിയാസ്‌കാന്ത് പുറത്താക്കി. 45 പന്തില്‍ 71 റണ്‍സാണ് സിങ് നേടിയത്.
24 പന്തില്‍ 49 റണ്‍സടിച്ച് റിലി റൂസോയും മടങ്ങി. നാല് സിക്സറും മൂന്ന് ബൗണ്ടറിയും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്. 15 പന്തില്‍ പുറത്താകാതെ 32 റണ്‍സടിച്ച ക്യാപ്റ്റന്‍ ജിതേഷ് ശര്‍മയും നിര്‍ണായകമായി.
അതേസമയം, പഞ്ചാബിനെതിരായ വിജയത്തിന് പിന്നാലെ 17 പോയിന്റുമായി പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് കുതിക്കാനും ഹൈദരാബാദിനായി. രാജസ്ഥാനെ മൂന്നാം സ്ഥാനത്തേക്ക് ഇറക്കിവിട്ടാണ് ഹൈദരാബാദ് മുന്നേറിയത്.
ഈ മത്സരത്തില്‍ പഞ്ചാബ് ഹൈദരാബാദിനെ പരാജയപ്പെടുത്തിയിരുന്നെങ്കില്‍ രാജസ്ഥാന്‍ റോയല്‍സിന് നേരിട്ട് ആദ്യ ക്വാളിഫയറിലേക്ക് യോഗ്യത നേടാന്‍ സാധിക്കുമായിരുന്നു. ഗ്രൂപ്പ് ഘട്ടത്തിലെ തങ്ങളുടെ അവസാന മത്സരത്തിലെ ഫലമെന്തായാലും രണ്ടാം സ്ഥാനം നിലനിര്‍ത്താന്‍ സഞ്ജുവിനും സംഘത്തിനും സാധിക്കുമായിരുന്നു.
എന്നാല്‍ ഹൈദരാബാദ് വിജയിക്കുകയും പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തുകയും ചെയ്തതോടെ കൊല്‍ക്കത്തക്കെതിരായ അവസാന മത്സരത്തില്‍ രാജസ്ഥാന് വിജയം അനിവാര്യമാണ്. ഒരുപക്ഷേ മോശം കാലാവസ്ഥയെ തുടര്‍ന്ന് മത്സരം ഉപേക്ഷിച്ചാലും അത് രാജസ്ഥാന് തിരിച്ചടിയാകും. ഹൈദരാബാദിന്റെ മികച്ച നെറ്റ് റണ്‍ റേറ്റാണ് ഇവിടെ സഞ്ജുവിനും സംഘത്തിനും വില്ലനാകുന്നത്.
അതേസമയം, പോയിന്റ് പട്ടികയില്‍ ആദ്യ രണ്ട് സ്ഥാനത്തെത്താന്‍ രാജസ്ഥാന് സാധിക്കാതെ വന്നാല്‍ തുടര്‍ച്ചയായി ആറ് മത്സരങ്ങള്‍ വിജയിച്ചുവന്ന റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെയാകും എലിമിനേറ്ററില്‍ സഞ്ജുവിനും സംഘത്തിനും നേരിടാനുണ്ടാവുക.
നിലവില്‍ പഴയ രീതിയില്‍ കളിക്കാന്‍ സാധിക്കാതെ വരുന്ന ടീമിനെ സംബന്ധിച്ച് ആര്‍.സി.ബിക്കെതിരായ മത്സരം ബാലികേറാമലയായിരിക്കും. ഇക്കാരണത്താല്‍ എന്ത് വിലകൊടുത്തും ആദ്യ രണ്ടില്‍ സ്ഥാനമുറപ്പിക്കാനാകും സഞ്ജുവും സംഘവും ഇറങ്ങുക.
രണ്ടാം സ്ഥാനത്ത് ഇടം നേടാന്‍ സാധിക്കാതെ വന്നാല്‍ എലിമിനേറ്ററും രണ്ടാം ക്വാളിഫയറും വിജയിച്ചാല്‍ മാത്രമേ രാജസ്ഥാന് ഫൈനല്‍ കളിക്കാന്‍ സാധിക്കൂ.
Content Highlight: IPL 2024: SRH vs PBKS: Sunrisers Hyderabad beats Punjab and moves 2nd in point table