ഒരു പന്തിന് 6.10 ലക്ഷം വാങ്ങുന്നവനും 7.37 ലക്ഷം വാങ്ങുന്നവനും നേര്‍ക്കുനേര്‍; വമ്പന്‍ പോരാട്ടത്തിന് കളമൊരുങ്ങുന്നു
IPL
ഒരു പന്തിന് 6.10 ലക്ഷം വാങ്ങുന്നവനും 7.37 ലക്ഷം വാങ്ങുന്നവനും നേര്‍ക്കുനേര്‍; വമ്പന്‍ പോരാട്ടത്തിന് കളമൊരുങ്ങുന്നു
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 23rd March 2024, 7:55 pm

ഐ.പി.എല്‍ 2024ലെ മൂന്നാം മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ആദ്യം ബാറ്റ് ചെയ്യും. കൊല്‍ക്കത്തയുടെ ഹോം ഗ്രൗണ്ടായ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടക്കുന്ന മത്സരത്തില്‍ മുന്‍ ചാമ്പ്യന്‍മാരായ സണ്‍ റൈസേഴ്‌സ് ഹൈദരാബാദാണ് എതിരാളികള്‍.

മത്സരത്തില്‍ ടോസ് നേടിയ ഓറഞ്ച് ആര്‍മി നായകന്‍ പാറ്റ് കമ്മിന്‍സ് ഫീല്‍ഡിങ് തെരഞ്ഞെടുത്തു.

സണ്‍റൈസേഴ്‌സ് – നൈറ്റ് റൈഡേഴ്‌സ് മത്സരമെന്നതിലുപരി ഐ.പി.എല്‍ 2024ലെ ഏറ്റവും മൂല്യമേറിയ രണ്ട് താരങ്ങള്‍ ഏറ്റുമുട്ടുന്ന മത്സരം എന്ന നിലയിലാണ് ഈ മാച്ച് ശ്രദ്ധയാകര്‍ഷിക്കുന്നത്. ഐ.പി.എല്‍ താരലേലത്തില്‍ ഏറ്റവുമധികം തുക നേടിയ മിച്ചല്‍ സ്റ്റാര്‍ക്കും പാറ്റ് കമ്മിന്‍സും തമ്മിലുള്ള പോരാട്ടമാണ് കൊല്‍ക്കത്തയില്‍ അരങ്ങേറുന്നത്.

24.75 കോടി രൂപയ്ക്കാണ് കെ.കെ.ആര്‍ മിച്ചല്‍ സ്റ്റാര്‍ക്കിനെ ഈഡന്‍ ഗാര്‍ഡന്‍സിലെത്തിച്ചത്. 20.50 കോടിയാണ് ലേലത്തില്‍ പാറ്റ് കമ്മിന്‍സിനായി ഹൈദരാബാദ് മുടക്കിയത്.

കണക്കുകള്‍ നോക്കുമ്പോള്‍ സ്റ്റാര്‍ക് ഒരു മത്സരത്തില്‍ 1.77 കോടിയും എറിയുന്ന ഒരു പന്തിന് 7.37 ലക്ഷം രൂപയും നേടുമ്പോള്‍ കമ്മിന്‍സ് ഒരു മത്സരത്തില്‍ 1.47 കോടിയും ഒരു പന്തില്‍ 6.10 ലക്ഷവുമാണ് നേടുന്നത്.

അതേസമയം, മത്സരത്തില്‍ ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദ് രണ്ട് ഓവര്‍ പിന്നിടുമ്പോള്‍ ഒരു വിക്കറ്റിന് 23 റണ്‍സ് എന്ന നിലയിലാണ്. രണ്ടാം ഓവര്‍ എറിയാനെത്തിയ മാര്‍കോ യാന്‍സനെ തുടരെ തുടരെ സിക്‌സറുകള്‍ക്ക് പറത്തി ഫില്‍ സോള്‍ട്ടാണ് വെടിക്കെട്ടിന് തുടക്കമിട്ടിരിക്കുന്നത്.

നിലവില്‍ എട്ട് പന്തില്‍ 19 റണ്‍സുമായി ഫില്‍ സോള്‍ട്ടാണ് ക്രീസില്‍ തുടരുന്നത്. രണ്ടാം ഓവറിലെ അവസാന പന്തില്‍ ഷഹബാസ് അഹമ്മദിന്റെ പന്തില്‍ ഡയറക്ട് ഹിറ്റ് റണ്‍ ഔട്ടായി സുനില്‍ നരെയ്ന്‍ പുറത്താവുകയായിരുന്നു. നാല് പന്തില്‍ രണ്ട് റണ്‍സാണ് താരം നേടിയത്.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് പ്ലെയിങ് ഇലവന്‍

ഫില്‍ സോള്‍ട്ട് (വിക്കറ്റ് കീപ്പര്‍), സുനില്‍ നരെയ്ന്‍, വെങ്കിടേഷ് അയ്യര്‍, ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), റിങ്കു സിങ്, നിതീഷ് റാണ, ആന്ദ്രേ റസല്‍, രമണ്‍ദീപ് സിങ്, മിച്ചല്‍ സ്റ്റാര്‍ക്, ഹര്‍ഷിത് റാണ, വരുണ്‍ ചക്രവര്‍ത്തി.

സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പ്ലെയിങ് ഇലവന്‍

മായങ്ക് അഗര്‍വാള്‍, രാഹുല്‍ ത്രിപാഠി, ഏയ്ഡന്‍ മര്‍ക്രം, ഹെന്റിച്ച് ക്ലാസന്‍ (വിക്കറ്റ് കീപ്പര്‍), അബ്ദുള്‍ സമദ്, ഷഹബാസ് അഹമ്മദ്, മാര്‍കോ യാന്‍സെന്‍, പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), ഭുവനേശ്വര്‍ കുമാര്‍, മായങ്ക് മാര്‍ക്കണ്ഡേ, ടി. നടരാജന്‍

 

 

Content highlight: IPL 2024: SRH vs KKR, Pat Cummins won the toss and elect to field first