| Saturday, 20th April 2024, 9:49 pm

'ഭ്രാന്തായാല്‍ ചങ്ങലയ്ക്കിടണം, അല്ലാതെ ബാറ്റും കൊടുത്ത് ഗ്രൗണ്ടില്‍ ഇറക്കിവിടരുത്'; പത്താനും പൊള്ളാര്‍ഡും എല്ലാവരും ഇനി പിന്നില്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലില്‍ വീണ്ടും 250+ മാര്‍ക് പിന്നിട്ട് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. ദല്‍ഹിയിലെ അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ഹോം ടീമായ ദല്‍ഹി ക്യാപ്പിറ്റല്‍സിനെതിരെ 266 റണ്‍സാണ് ക്യാപ്പിറ്റല്‍സ് അടിച്ചെടുത്തത്. ഈ സീസണില്‍ ഇത് മൂന്നാം തവണയാണ് ഓറഞ്ച് ആര്‍മി 250 മാര്‍ക് പിന്നിടുന്നത്.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ സണ്‍റൈസേഴ്‌സ് ആദ്യ ഓവര്‍ മുതല്‍ക്കുതന്നെ വെടിക്കെട്ട് പുറത്തെടുക്കുകയായിരുന്നു. ഖലീല്‍ അഹമ്മദ് എറിഞ്ഞ ആദ്യ ഓവറില്‍ 19 റണ്‍സ് പിറന്നപ്പോള്‍ വരാനിനിക്കുന്ന കൊടുങ്കാറ്റിന്റെ ട്രെയ്‌ലറാണെന്ന് ആരും കരുതിയിരുന്നില്ല.

മൂന്നാം ഓവറില്‍ ടീം സ്‌കോര്‍ 50 കടത്തിയ ട്രാവിസ് ഹെഡും അഭിഷേക് ശര്‍മയും ചേര്‍ന്ന് അഞ്ചാം ഓവറില്‍ ടീം സ്‌കോര്‍ നൂറും കടത്തി. ഒടുവില്‍ പവര്‍പ്ലേ അവസാനിക്കുമ്പോള്‍ 125 റണ്‍സാണ് സണ്‍റൈസേഴ്‌സ് ടോട്ടലിലേക്ക് കൂട്ടിച്ചേര്‍ത്തത്.

പവര്‍പ്ലേക്ക് പിന്നാലെ അഭിഷേക് ശര്‍മയും ട്രാവിസ് ഹെഡും പുറത്തായതോടെ സ്‌കോറിങ്ങിന് വേഗം കുറഞ്ഞെങ്കിലും പിന്നാലെയെത്തിയവരും തങ്ങളുടെ സംഭാവനകള്‍ നല്‍കിയതോടെ ടീം സ്‌കോര്‍ 266ലെത്തി.

ട്രാവിസ് ഹെഡിന്റെയും ഷഹബാസ് അഹമ്മദിന്റെയും അര്‍ധ സെഞ്ച്വറികളും അഭിഷേക് ശര്‍മയുടെ വെടിക്കെട്ടുമാണ് ടീമിനെ പടുകൂറ്റന്‍ ടോട്ടലിലെത്തിച്ചത്.

ഹെഡ് 32 പന്തില്‍ 89 റണ്‍സ് നേടിയപ്പോള്‍ 12 പന്തില്‍ 46 റണ്‍സാണ് അഭിഷേക് ശര്‍മ സ്വന്തമാക്കിയത്. 29 പന്തില്‍ പുറത്താകാതെ 59 റണ്‍സാണ് ഷഹബാസ് സ്വന്തമാക്കിയത്. താരത്തിന്റെ ആദ്യ ഐ.പി.എല്‍ ഫിഫ്റ്റിയാണിത്.

11 ഫോറും ആറ് സിക്‌സറും അടക്കം 278.13 എന്ന വെടിക്കെട്ട് സ്‌ട്രൈക്ക് റേറ്റിലാണ് ട്രാവിസ് ഹെഡ് റണ്ണടിച്ചുകൂട്ടിയത്. ഇതോടെ ഒരു തകര്‍പ്പന്‍ റെക്കോഡും ‘തലയുടെ’ പേരില്‍ കുറിക്കപ്പെട്ടു. ഐ.പി.എല്ലിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന സ്‌ട്രൈക്ക് റേറ്റ് എന്ന നേട്ടമാണ് താരം സ്വന്തമാക്കിയത്.

ഐ.പി.എല്ലിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച സ്‌ട്രൈക്ക് റേറ്റുകള്‍ (മിനിമം 30 പന്തുകള്‍)

(താരം – ടീം – എതിരാളികള്‍ – സ്‌ട്രൈക്ക് റേറ്റ് – വര്‍ഷം എന്നീ ക്രമത്തില്‍)

ട്രാവിസ് ഹെഡ് – സണ്‍റൈസേഴ്‌സ് ഹൈദരാബാദ് – ദല്‍ഹി ക്യാപ്പിറ്റല്‍സ് – 278.13 – 2024

യൂസുഫ് പത്താന്‍ – രാജസ്ഥാന്‍ റോയല്‍സ് – മുംബൈ ഇന്ത്യന്‍സ് – 270.27 – 2010

കെയ്‌റോണ്‍ പൊള്ളാര്‍ഡ് – മുംബൈ ഇന്ത്യന്‍സ് – പഞ്ചാബ് കിങ്‌സ് – 267.74 – 2019

ഹര്‍ദിക് പാണ്ഡ്യ – മുംബൈ ഇന്ത്യന്‍സ് – കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് – 267.64 – 2019

ഡേവിഡ് മില്ലര്‍ – പഞ്ചാബ് കിങ്‌സ് – റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു – 265.78 – 2013

ഹെഡിന്റെ വെടിക്കെട്ടിന് പിന്നാലെ ആരാധകരുടെ കമന്റുകളും ട്രോളുകളും നിറയുകയാണ്. ഭ്രാന്തായാല്‍ ചങ്ങലയ്ക്കിടണം, അല്ലാതെ ബാറ്റും കൊടുത്ത് ഗ്രൗണ്ടില്‍ ഇറക്കിവിടരുത്, ഇതെന്താണ് റണ്ണടിക്കുന്ന മെഷീന്‍ ആണോ എന്നെല്ലാമാണ് ആരാധകര്‍ ചോദിക്കുന്നത്.

നിലവില്‍ പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്ത് തുടരുന്ന സണ്‍റൈസേഴ്‌സിന് ദല്‍ഹിക്കെതിരെ വിജയിച്ചാല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെയും ചെന്നൈ സൂപ്പര്‍ കിങ്‌സിനെയും മറികടന്ന് രണ്ടാം സ്ഥാനത്തേക്ക് കുതിക്കാനും സാധിക്കും.

സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പ്ലെയിങ് ഇലവന്‍

ട്രാവിസ് ഹെഡ്, അഭിഷേക് ശര്‍മ, ഏയ്ഡന്‍ മര്‍ക്രം, ഹെന്റിക് ക്ലാസന്‍, നിതീഷ് കുമാര്‍ റെഡ്ഡി, അബ്ദുള്‍ സമദ്, ഷഹബാസ് അഹമ്മദ്, പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), ഭുവനേശ്വര്‍ കുമാര്‍, മായങ്ക് മാര്‍ക്കണ്ഡേ, ടി. നടരാജന്‍.

ദല്‍ഹി ക്യാപ്പിറ്റല്‍സ് പ്ലെയിങ് ഇലവന്‍

ഡേവിഡ് വാര്‍ണര്‍, ജേക് ഫ്രേസര്‍ മക്ഗൂര്‍ക്, അഭിഷേക് പോരല്‍, റിഷബ് പന്ത് (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ട്രിസ്റ്റണ്‍ സ്റ്റബ്‌സ്, അക്‌സര്‍ പട്ടേല്‍, ലളിത് യാദവ്, കുല്‍ദീപ് യാദവ്, ആന്റിക് നോര്‍ക്യ, ഖലീല്‍ അഹമ്മദ്, മുകേഷ് കുമാര്‍.

Content Highlight: IPL 2024: SRH vs DC: Tavis Head’s explosive batting against Delhi Capitals

We use cookies to give you the best possible experience. Learn more