ഐ.പി.എല്ലില്‍ വീണ്ടും 250+ മാര്‍ക് പിന്നിട്ട് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. ദല്‍ഹിയിലെ അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ഹോം ടീമായ ദല്‍ഹി ക്യാപ്പിറ്റല്‍സിനെതിരെ 266 റണ്‍സാണ് ക്യാപ്പിറ്റല്‍സ് അടിച്ചെടുത്തത്. ഈ സീസണില്‍ ഇത് മൂന്നാം തവണയാണ് ഓറഞ്ച് ആര്‍മി 250 മാര്‍ക് പിന്നിടുന്നത്.
മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ സണ്‍റൈസേഴ്‌സ് ആദ്യ ഓവര്‍ മുതല്‍ക്കുതന്നെ വെടിക്കെട്ട് പുറത്തെടുക്കുകയായിരുന്നു. ഖലീല്‍ അഹമ്മദ് എറിഞ്ഞ ആദ്യ ഓവറില്‍ 19 റണ്‍സ് പിറന്നപ്പോള്‍ വരാനിനിക്കുന്ന കൊടുങ്കാറ്റിന്റെ ട്രെയ്‌ലറാണെന്ന് ആരും കരുതിയിരുന്നില്ല.
പവര്‍പ്ലേക്ക് പിന്നാലെ അഭിഷേക് ശര്‍മയും ട്രാവിസ് ഹെഡും പുറത്തായതോടെ സ്‌കോറിങ്ങിന് വേഗം കുറഞ്ഞെങ്കിലും പിന്നാലെയെത്തിയവരും തങ്ങളുടെ സംഭാവനകള്‍ നല്‍കിയതോടെ ടീം സ്‌കോര്‍ 266ലെത്തി.
11 ഫോറും ആറ് സിക്‌സറും അടക്കം 278.13 എന്ന വെടിക്കെട്ട് സ്‌ട്രൈക്ക് റേറ്റിലാണ് ട്രാവിസ് ഹെഡ് റണ്ണടിച്ചുകൂട്ടിയത്. ഇതോടെ ഒരു തകര്‍പ്പന്‍ റെക്കോഡും ‘തലയുടെ’ പേരില്‍ കുറിക്കപ്പെട്ടു. ഐ.പി.എല്ലിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന സ്‌ട്രൈക്ക് റേറ്റ് എന്ന നേട്ടമാണ് താരം സ്വന്തമാക്കിയത്.
യൂസുഫ് പത്താന്‍ – രാജസ്ഥാന്‍ റോയല്‍സ് – മുംബൈ ഇന്ത്യന്‍സ് – 270.27 – 2010
കെയ്‌റോണ്‍ പൊള്ളാര്‍ഡ് – മുംബൈ ഇന്ത്യന്‍സ് – പഞ്ചാബ് കിങ്‌സ് – 267.74 – 2019
ഹര്‍ദിക് പാണ്ഡ്യ – മുംബൈ ഇന്ത്യന്‍സ് – കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് – 267.64 – 2019
ഡേവിഡ് മില്ലര്‍ – പഞ്ചാബ് കിങ്‌സ് – റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു – 265.78 – 2013
ഹെഡിന്റെ വെടിക്കെട്ടിന് പിന്നാലെ ആരാധകരുടെ കമന്റുകളും ട്രോളുകളും നിറയുകയാണ്. ഭ്രാന്തായാല്‍ ചങ്ങലയ്ക്കിടണം, അല്ലാതെ ബാറ്റും കൊടുത്ത് ഗ്രൗണ്ടില്‍ ഇറക്കിവിടരുത്, ഇതെന്താണ് റണ്ണടിക്കുന്ന മെഷീന്‍ ആണോ എന്നെല്ലാമാണ് ആരാധകര്‍ ചോദിക്കുന്നത്.
നിലവില്‍ പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്ത് തുടരുന്ന സണ്‍റൈസേഴ്‌സിന് ദല്‍ഹിക്കെതിരെ വിജയിച്ചാല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെയും ചെന്നൈ സൂപ്പര്‍ കിങ്‌സിനെയും മറികടന്ന് രണ്ടാം സ്ഥാനത്തേക്ക് കുതിക്കാനും സാധിക്കും.