ആറ് ഓവറില്‍ ഒറ്റ വിക്കറ്റും നഷ്ടപ്പെടാതെ 125 റണ്‍സ്; ദല്‍ഹിയെ കരയിച്ച് നേടിയത് ടി-20യിലെ തന്നെ ചരിത്ര റെക്കോഡ്
IPL
ആറ് ഓവറില്‍ ഒറ്റ വിക്കറ്റും നഷ്ടപ്പെടാതെ 125 റണ്‍സ്; ദല്‍ഹിയെ കരയിച്ച് നേടിയത് ടി-20യിലെ തന്നെ ചരിത്ര റെക്കോഡ്
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 20th April 2024, 9:07 pm

 

ഐ.പി.എല്‍ 2024ലെ 35ാം മത്സരത്തിനാണ് ദല്‍ഹി അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയം സാക്ഷ്യം വഹിക്കുന്നത്. പോയിന്റ് പട്ടികയിലെ നാലാം സ്ഥാനക്കാരായ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെയാണ് ഹോം ടീമായ ദല്‍ഹി ക്യാപ്പിറ്റല്‍സ് നേരിടുന്നത്.

മത്സരത്തില്‍ ടോസ് നേടിയ ദല്‍ഹി നായകന്‍ റിഷബ് പന്ത് എതിരാളികളെ ബാറ്റിങ്ങിനയക്കുകയായിരുന്നു.

എന്നാല്‍ റിഷബ് പന്തിന്റെ തീരുമാനങ്ങള്‍ ആദ്യ ഓവര്‍ മുതല്‍ തകരുന്ന കാഴ്ചയായിരുന്നു ദല്‍ഹിയില്‍ കണ്ടത്. അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിലെ ആദ്യ ഹോം മാച്ചിനെത്തിയ ദല്‍ഹി ക്യാപ്പിറ്റല്‍സിനെ ട്രാവിസ് ഹെഡും അഭിഷേക് ശര്‍മയും ചേര്‍ന്ന് അടിച്ചൊതുക്കുകയായിരുന്നു.

ഇന്നിങ്‌സിലെ ആദ്യ മൂന്ന് ഓവറില്‍ തന്നെ ട്രാവിസ് ഹെഡ് അര്‍ധ സെഞ്ച്വറി പൂര്‍കത്തിയാക്കിയിരുന്നു. ടീം സ്‌കോര്‍ 62ല്‍ നില്‍ക്കവെയാണ് ഹെഡ് 48ല്‍ നിന്നും സിക്‌സറടിച്ച് അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്.

ആദ്യ മൂന്ന് ഓവറില്‍ വെറും രണ്ട് പന്താണ് അഭിഷേക് ശര്‍മക്ക് നേരിടാന്‍ സാധിച്ചത്. എന്നാല്‍ തുടര്‍ന്നങ്ങോട്ട് കൂടുതല്‍ പന്തുകള്‍ നേരിടാന്‍ ആരംഭിച്ചപ്പോള്‍ സണ്‍റൈസേഴ്‌സിന്റെ ടോട്ടല്‍ പറപറന്നു.

ഒടുവില്‍ പവര്‍പ്ലേ അവസാനിക്കുമ്പോള്‍ വിക്കറ്റ് നഷ്ടപ്പെടാതെ 125 റണ്‍സാണ് സണ്‍റൈസേഴ്‌സ് അടിച്ചടെുത്തത്. ആറ് ഓവര്‍ പിന്നിടുമ്പോള്‍ ഹെഡ് 26 പന്തില്‍ 84 റണ്‍സും അഭിഷേക് ശര്‍മ പത്ത് പന്തില്‍ 40 റണ്‍സുമാണ് നേടിയത്.

ഇതോടെ ഒരു തകര്‍പ്പന്‍ റെക്കോഡും സണ്‍റൈസേഴ്‌സ് സ്വന്തമാക്കി. ടി-20യുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന പവര്‍പ്ലേ സ്‌കോര്‍ എന്ന റെക്കോഡാണ് സണ്‍റൈസേഴ്‌സ് അടിച്ചെടുത്തത്.

ആദ്യ ഓവര്‍ – 19 റണ്‍സ്
രണ്ടാം ഓവര്‍ – 21 റണ്‍സ്
മൂന്നാം ഓവര്‍ – 22 റണ്‍സ്
നാലാം ഓവര്‍ – 21 റണ്‍സ്
അഞ്ചാം ഓവര്‍ – 20 റണ്‍സ്
ആറാം ഓവര്‍ – 22 റണ്‍സ് – എന്നിങ്ങനെയാണ് സണ്‍റൈസേഴ്‌സ് പവര്‍പ്ലേയില്‍ സ്‌കോര്‍ ചെയ്തത്.

അതേസമയം, 17 ഓവര്‍ പിന്നിടുമ്പോള്‍ 221ന് അഞ്ച് എന്ന നിലയിലാണ് സണ്‍റൈസേഴ്‌സ്. 20 പന്തില്‍ 29 റണ്‍സുമായി ഷഹബാസ് അഹമ്മദും നിതീഷ് കുമാര്‍ റെഡ്ഡി പുറത്തായതിന് പിന്നാലെ ക്രീസിലെത്തിയ അബ്ദുള്‍ സമദുമാണ് ക്രീസില്‍.

സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പ്ലെയിങ് ഇലവന്‍

ട്രാവിസ് ഹെഡ്, അഭിഷേക് ശര്‍മ, ഏയ്ഡന്‍ മര്‍ക്രം, ഹെന്റിക് ക്ലാസന്‍, നിതീഷ് കുമാര്‍ റെഡ്ഡി, അബ്ദുള്‍ സമദ്, ഷഹബാസ് അഹമ്മദ്, പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), ഭുവനേശ്വര്‍ കുമാര്‍, മായങ്ക് മാര്‍ക്കണ്ഡേ, ടി. നടരാജന്‍.

ദല്‍ഹി ക്യാപ്പിറ്റല്‍സ് പ്ലെയിങ് ഇലവന്‍

ഡേവിഡ് വാര്‍ണര്‍, ജേക് ഫ്രേസര്‍ മക്ഗൂര്‍ക്, അഭിഷേക് പോരല്‍, റിഷബ് പന്ത് (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ട്രിസ്റ്റണ്‍ സ്റ്റബ്‌സ്, അക്‌സര്‍ പട്ടേല്‍, ലളിത് യാദവ്, കുല്‍ദീപ് യാദവ്, ആന്റിക് നോര്‍ക്യ, ഖലീല്‍ അഹമ്മദ്, മുകേഷ് കുമാര്‍.

 

Content Highlight: IPL 2024: SRH vs DC: Sunrisers Hyderabad scored highest powerplay score in T20 history