2013 മുതല്‍ 2023 വരെ ഒറ്റയൊന്ന് പോലുമില്ല, ഈ സീസണില്‍ ഏഴാം മത്സരത്തില്‍ തന്നെ നാലെണ്ണം; ബാറ്റിങ്ങിന്റെ പവറ് നോക്കെടാ...
IPL
2013 മുതല്‍ 2023 വരെ ഒറ്റയൊന്ന് പോലുമില്ല, ഈ സീസണില്‍ ഏഴാം മത്സരത്തില്‍ തന്നെ നാലെണ്ണം; ബാറ്റിങ്ങിന്റെ പവറ് നോക്കെടാ...
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 20th April 2024, 10:17 pm

തങ്ങളുടെ മുന്‍കാല ചരിത്രം ഒറ്റയടിക്ക് തിരുത്തിയാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് സീസണില്‍ മികച്ച പ്രകടനം പുറത്തെടുക്കുന്നത്. ദല്‍ഹി ക്യാപ്പിറ്റല്‍സിനെതിരായ എവേ മത്സരത്തില്‍ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 266 റണ്‍സാണ് ടീം നേടിയത്. ഈ സീസണില്‍ ഇത് മൂന്നാം തവണയാണ് ഓറഞ്ച് ആര്‍മി 250 റണ്‍സ് എന്ന മാര്‍ക് പിന്നിടുന്നത്.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ സണ്‍റൈസേഴ്‌സ് ആദ്യ ഓവര്‍ മുതല്‍ക്കുതന്നെ നയം വ്യക്തമാക്കിയിരുന്നു. ഖലീല്‍ അഹമ്മദിന്റെ ആദ്യ ഓവറില്‍ 19 റണ്‍സ് പിറന്നപ്പോള്‍ പിന്നാലെ വരാനിരിക്കുന്നത് ഇതിലും വലിയ വെടിക്കെട്ടാണെന്ന് ഒരാള്‍ പോലും കരുതിക്കാണില്ല.

മൂന്നാം ഓവറില്‍ ടീം സ്‌കോര്‍ 50 കടത്തിയ ഓപ്പണര്‍മാരായ ട്രാവിസ് ഹെഡും അഭിഷേക് ശര്‍മയും ചേര്‍ന്ന് അഞ്ചാം ഓവറില്‍ ടീം സ്‌കോര്‍ നൂറ് റണ്‍സും കടത്തി. ഒടുവില്‍ പവര്‍പ്ലേ അവസാനിക്കുമ്പോള്‍ 125 റണ്‍സാണ് സണ്‍റൈസേഴ്‌സ് ടോട്ടലിലേക്ക് കൂട്ടിച്ചേര്‍ത്തത്.

ട്രാവിസ് ഹെഡിനൊപ്പം ഷഹബാസ് അഹമ്മദിന്റെയും അര്‍ധ സെഞ്ച്വറികളും അഭിഷേക് ശര്‍മയുടെ വെടിക്കെട്ടുമാണ് ടീമിനെ പടുകൂറ്റന്‍ ടോട്ടലിലെത്തിച്ചത്.

ഹെഡ് 32 പന്തില്‍ 89 റണ്‍സ് നേടിയപ്പോള്‍ 12 പന്തില്‍ 46 റണ്‍സാണ് അഭിഷേക് ശര്‍മ സ്വന്തമാക്കിയത്. 29 പന്തില്‍ പുറത്താകാതെ 59 റണ്‍സാണ് ഷഹബാസ് സ്വന്തമാക്കിയത്. താരത്തിന്റെ ആദ്യ ഐ.പി.എല്‍ ഫിഫ്റ്റിയാണിത്.

മത്സരത്തില്‍ 22 സിക്‌സറുകളാണ് സണ്‍റൈസേഴ്‌സ് അടിച്ചുകൂട്ടിയത്. ഹെഡും അഭിഷേക് ശര്‍മയും ആറ് വീതം സിക്‌സര്‍ നേടിയപ്പോള്‍ അഞ്ച് സിക്‌സറാണ് ഷഹബാസ് അഹമ്മദിന്റെ ബാറ്റില്‍ നിന്നും പിറവിയെടുത്തത്. ക്ലാസനും നിതീഷ് കുമാര്‍ റെഡ്ഡിയും രണ്ട് വീതം സിക്‌സര്‍ പറത്തിയപ്പോള്‍ അബ്ദുള്‍ സമദ് ഒരു സിക്‌സറും സ്വന്തമാക്കി.

ഒരു ഐ.പി.എല്‍ ഇന്നിങ്‌സില്‍ ഏറ്റവുമധികം സിക്‌സറെന്ന തങ്ങളുടെ തന്നെ റെക്കോഡിനൊപ്പമെത്തിയാണ് സണ്‍റൈസേഴ്‌സ് തിളങ്ങിയത്.

സീസണില്‍ ഇതുവരെ നാല് മത്സരത്തിലാണ് സണ്‍റൈസേഴ്‌സ് ഒരു ഇന്നിങ്‌സില്‍ 15 സിക്‌സറില്‍ കൂടുതല്‍ നേടുന്നത്. ദല്‍ഹി ക്യാപ്പിറ്റല്‍സിന് പുറമെ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു, മുംബൈ ഇന്ത്യന്‍സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് എന്നിവര്‍ക്കെതിരെയാണ് ഓറഞ്ച് ആര്‍മി ഒരു ഇന്നിങ്‌സില്‍ 15 സിക്‌സര്‍ നേടിയത്.

ഐ.പി.എല്ലിന്റെ ഭാഗമായ 2013 മുതല്‍ കഴിഞ്ഞ സീസണ്‍ വരെ ഒറ്റ മത്സരത്തില്‍ പോലും സണ്‍റൈസേഴ്‌സിന് ഒരു മത്സരത്തില്‍ 15 സിക്‌സറുകള്‍ നേടാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ ഈ സീസണിലെ ഏഴ് മത്സരത്തില്‍ ബാറ്റിങ് പൂര്‍ത്തിയാക്കിയപ്പോഴേക്കും നാല് തവണ ഹൈദരാബാദ് ഈ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ്.

 

 

Content Highlight: IPL 2024: SRH vs DC: Sunrisers hit 22 sixes