ഒരു ഓവറില്‍ മൂന്ന് ഫോറും മൂന്ന് സിക്‌സറും, ഒപ്പം 15 പന്തില്‍ ഫിഫ്റ്റിയും; ഹെഡിനെയും തൂക്കി, ഇവനെയൊക്കെയാണ് ലോകകപ്പില്‍ നേരിടേണ്ടത്
IPL
ഒരു ഓവറില്‍ മൂന്ന് ഫോറും മൂന്ന് സിക്‌സറും, ഒപ്പം 15 പന്തില്‍ ഫിഫ്റ്റിയും; ഹെഡിനെയും തൂക്കി, ഇവനെയൊക്കെയാണ് ലോകകപ്പില്‍ നേരിടേണ്ടത്
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 20th April 2024, 10:55 pm

ഐ.പി.എല്ലില്‍ ദല്‍ഹി ക്യാപ്പിറ്റല്‍സ് സ്വന്തം തട്ടകത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ നേരിടുകയാണ്. ടോസ് നഷ്ടപ്പെട്ട് ആദ്യംബാറ്റിങ്ങിനിറങ്ങിയ സണ്‍റൈസേഴ്‌സ് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 266 റണ്‍സാണ് നേടിയത്.

ട്രാവിസ് ഹെഡ്, ഷഹബാസ് അഹമ്മദ് എന്നിവരുടെ അര്‍ധ സെഞ്ച്വറികളും അഭിഷേക് ശര്‍മയുടെ വെടിക്കെട്ടുമാണ് ടീമിനെ പടുകൂറ്റന്‍ ടോട്ടലിലെത്തിച്ചത്.

ഹെഡ് 32 പന്തില്‍ 89 റണ്‍സ് നേടിയപ്പോള്‍ 12 പന്തില്‍ 46 റണ്‍സാണ് അഭിഷേക് ശര്‍മ സ്വന്തമാക്കിയത്. 29 പന്തില്‍ പുറത്താകാതെ 59 റണ്‍സാണ് ഷഹബാസ് സ്വന്തമാക്കിയത്. താരത്തിന്റെ ആദ്യ ഐ.പി.എല്‍ ഫിഫ്റ്റിയാണിത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ദല്‍ഹിക്ക് ആദ്യ ഓവറില്‍ തന്നെ സൂപ്പര്‍ താരം പൃഥ്വി ഷായെ നഷ്ടമായിരുന്നു. വാഷിങ്ടണ്‍ സുന്ദര്‍ എറിഞ്ഞ ആദ്യ ഓവറിലെ ആദ്യ നാല് പന്തിലും ബൗണ്ടറി നേടിയ ഷാ അഞ്ചാം പന്തില്‍ അബ്ദുള്‍ സമദിന് ക്യാച്ച് നല്‍കിയാണ് പുറത്തായത്.

ഓസീസ് യുവതാരം ജേക് ഫ്രേസര്‍ മക്ഗൂര്‍ക്കാണ് വണ്‍ ഡൗണായി കളത്തിലെത്തിയത്. ഡേവിഡ് വാര്‍ണറിനൊപ്പം ചേര്‍ന്ന് ഒരു മികച്ച കൂട്ടുകെട്ടുണ്ടാക്കാനുള്ള ശ്രമത്തെ മുളയിലേ നുള്ളി ഭുവനേശ്വര്‍ കുമാര്‍ സണ്‍റൈസേഴ്‌സിന് അടുത്ത ബ്രേക് ത്രൂ നല്‍കി. രണ്ടാം ഓവറിലെ അവസാന പന്തില്‍ വാര്‍ണറിനെ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സിന്റെ കൈകളിലെത്തിച്ച് ഭുവി മടക്കി.

വാഷിങ്ടണ്‍ എറിഞ്ഞ മൂന്നാം ഓവറില്‍ സണ്‍റൈസേഴ്‌സിനെ നിലം തൊടീക്കാത്ത മക്ഗൂര്‍ക്ക് അടിച്ചുകൂട്ടി. പവര്‍പ്ലേയില്‍ അഭിഷേക് ശര്‍മയും ട്രാവിസ് ഹെഡും ചേര്‍ന്ന് പുറത്തെടുത്ത അതേ വെടിക്കെട്ടാണ് മക്ഗൂര്‍ക്ക് വാഷിങ്ടണിനെതിരെ നടത്തിയത്.

 

ഓവറില്‍ മൂന്ന് സിക്‌സറും മൂന്ന് ബൗണ്ടറിയുമടക്കം 30 റണ്‍സാണ് താരം അടിച്ചുകൂട്ടിയത്. ഐ.പി.എല്ലിന്റെ ചരിത്രത്തില്‍ മൂന്നാം ഓവറില്‍ പിറക്കുന്ന ഏറ്റവുമുയര്‍ന്ന രണ്ടാമത്തെ സ്‌കോറാണിത്.

കൊച്ചി ടസ്‌കേഴ്‌സ് താരം പ്രശാന്ത് പരമേശ്വറിനെതിരെ ക്രിസ് ഗെയ്ല്‍ നേടിയ 36 റണ്‍സാണ് ഒന്നാമതുള്ളത്.

നാലാം നമ്പറിലിറങ്ങിയ അഭിഷേക് പോരലിനെ കൂട്ടുപിടിച്ച് മക്ഗൂര്‍ക് ദല്‍ഹിക്ക് പ്രതീക്ഷ നല്‍കി.

ഇതിനിടെ താരം അര്‍ധ സെഞ്ച്വറിയും പൂര്‍ത്തിയാക്കിയിരുന്നു. സീസണില്‍ താരത്തിന്റെ രണ്ടാം അര്‍ധ സെഞ്ച്വറിയാണിത്.

നേരിട്ട 15ാം പന്തിലാണ് താരം അര്‍ധ സെഞ്ച്വറി പൂര്‍കത്തിയാക്കിയത്. മായങ്ക് മാര്‍ക്കണ്ഡേയെറിഞ്ഞ ഏഴാം ഓവറിലെ മൂന്നാം പന്തില്‍ സണ്‍റൈസേഴ്‌സ് സ്പിന്നറിനെ സിക്‌സറിന് പറത്തിയാണ് താരം ഫിഫ്റ്റി പൂര്‍ത്തിയാക്കിയത്.

ഈ മത്സരത്തിലെ വേഗതയേറിയെ അര്‍ധ സെഞ്ച്വറിയാണിത്. സണ്‍റൈസേഴ്‌സിനായി ട്രാവിസ് ഹെഡ് 16 പന്തില്‍ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയിരുന്നു.

ഓവറിലെ നാല്, അഞ്ച് പന്തുകള്‍ കൂടി സിക്‌സറടിച്ച താരം അവസാന പന്തില്‍ പുറത്താവുകയായിരുന്നു.

18 പന്തില്‍ അഞ്ച് ഫോറും ഏഴ് സിക്‌സറും അടക്കം 361.11 എന്ന തകര്‍പ്പന്‍ സ്‌ട്രൈക്ക് റേറ്റില്‍ 65 റണ്‍സാണ് താരം നേടിയത്.

അതേസമയം, 14 ഓവര്‍ പിന്നിടുമ്പോള്‍ അഞ്ച് വിക്കറ്റിന് 159 എന്ന നിലയിലാണ് ദല്‍ഹി. അഞ്ച് പന്തില്‍ മൂന്ന് റണ്‍സുമായി ലളിത് യാദവും 20 പന്തില്‍ 16 റണ്‍സുമായി ക്യാപ്റ്റന്‍ റിഷബ് പന്തുമാണ് ക്രീസില്‍.

 

സണ്‍റൈസേഴ്സ് ഹൈദരാബാദ് പ്ലെയിങ് ഇലവന്‍

ട്രാവിസ് ഹെഡ്, അഭിഷേക് ശര്‍മ, ഏയ്ഡന്‍ മര്‍ക്രം, ഹെന്റിക് ക്ലാസന്‍, നിതീഷ് കുമാര്‍ റെഡ്ഡി, അബ്ദുള്‍ സമദ്, ഷഹബാസ് അഹമ്മദ്, പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), ഭുവനേശ്വര്‍ കുമാര്‍, മായങ്ക് മാര്‍ക്കണ്ഡേ, ടി. നടരാജന്‍.

ദല്‍ഹി ക്യാപ്പിറ്റല്‍സ് പ്ലെയിങ് ഇലവന്‍

ഡേവിഡ് വാര്‍ണര്‍, ജേക് ഫ്രേസര്‍ മക്ഗൂര്‍ക്, അഭിഷേക് പോരല്‍, റിഷബ് പന്ത് (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ട്രിസ്റ്റണ്‍ സ്റ്റബ്സ്, അക്സര്‍ പട്ടേല്‍, ലളിത് യാദവ്, കുല്‍ദീപ് യാദവ്, ആന്റിക് നോര്‍ക്യ, ഖലീല്‍ അഹമ്മദ്, മുകേഷ് കുമാര്‍.

 

 

Content Highlight: IPL 2024: SRH vs DC: Jake Frazer McGurk’s brilliant batting performance against Sunrisers Hyderabad