ധോണി ടീമിലുണ്ടാകാന്‍ പോലും പാടില്ലായിരുന്നു, കാരണം അവന്‍... ഹൈദരാബാദിനെതിരായ തോല്‍വിക്ക് പിന്നാലെ ഇതിഹാസ താരം
IPL
ധോണി ടീമിലുണ്ടാകാന്‍ പോലും പാടില്ലായിരുന്നു, കാരണം അവന്‍... ഹൈദരാബാദിനെതിരായ തോല്‍വിക്ക് പിന്നാലെ ഇതിഹാസ താരം
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 6th April 2024, 6:01 pm

ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് സീസണിലെ രണ്ടാം തോല്‍വിയും ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ അവരുടെ തട്ടകത്തിലാണ് ചെന്നൈ പരാജയപ്പെട്ടത്. ആറ് വിക്കറ്റിനായിരുന്നു ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരുടെ പരാജയം.

ചെന്നൈ ഉയര്‍ത്തിയ 166 റണ്‍സിന്റെ വിജയലക്ഷ്യം 11 പന്ത് ബാക്കി നില്‍ക്കെ നാല് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി സണ്‍റൈസേഴ്‌സ് മറികടക്കുകയായിരുന്നു. ഏയ്ഡന്‍ മര്‍ക്രമിന്റെ അര്‍ധ സെഞ്ച്വറിയും അഭിഷേക് ശര്‍മയുടെയും ട്രാവിസ് ഹെഡിന്റെയും തകര്‍പ്പന്‍ ഇന്നിങ്‌സുമാണ് ഓറഞ്ച് ആര്‍മിക്ക് അനായാസ വിജയം സമ്മാനിച്ചത്.

 

 

ഇപ്പോള്‍ മത്സരത്തെയും താരങ്ങളുടെ പ്രകടനത്തെയും വിലയിരുത്തുകയാണ് മൈക്കല്‍ വോണും സൈമണ്‍ ഡൗളും അടങ്ങുന്ന ഇതിഹാസ താരങ്ങള്‍. ക്രിക് ബസ്സിന് നല്‍കിയ അഭിമുഖത്തിലാണ് ഇവര്‍ ഇക്കാര്യങ്ങള്‍ സംസാരിച്ചത്.

‘എനിക്കിപ്പോഴും മനസിലാകുന്നില്ല. രണ്ട് പന്ത് മാത്രം നേരിടാന്‍ ധോണി കളത്തിലെത്തിയത് എന്നെ സംബന്ധിച്ച് ഏറെ ആശ്ചര്യകരമായിരുന്നു. ദല്‍ഹി ക്യാപ്പിറ്റല്‍സിനെതിരായ മത്സരത്തില്‍ ധോണി മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഫോറുകളും സിക്‌സറുകളും അടിക്കുകയും ചെയ്തിരുന്നു.

ഹൈദരാബാദ് പോലുള്ള സ്ലോ ട്രാക്ക് പിച്ചുകളില്‍ മികച്ച പ്രകടനം നടത്താന്‍ ഇന്ത്യന്‍ താരങ്ങള്‍ക്കാണ് സാധിക്കുിക എന്നാണ് എനിക്ക് തോന്നുന്നത്. ജീവിതത്തിലുടനീളം അവര്‍ അത്തരത്തിലുള്ള പിച്ചുകളിലാണ് ബാറ്റ് ചെയ്യുന്നത്. ചെന്നൈ സൂപ്പര്‍ കിങ്‌സിന് ധോണിയെ ആവശ്യമുണ്ട്,’ വോണ്‍ പറഞ്ഞു.

എന്നാല്‍ ധോണിയെ വിമര്‍ശിച്ചുകൊണ്ടാണ് മുന്‍ ന്യൂസിലാന്‍ഡ് സൂപ്പര്‍ താരമായിരുന്ന സൈമണ്‍ ഡൗള്‍ സംസാരിച്ചത്.

‘ധോണിക്ക് കഴിഞ്ഞ മത്സരത്തില്‍ സാരമായി പരിക്കേറ്റിരുന്നു. ഇക്കാരണത്താല്‍ അവന്‍ ഹൈദരാബാദിനെതിരായ പ്ലെയിങ് ഇലവനില്‍ ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്തതാണ്.

ദല്‍ഹി ക്യാപ്പിറ്റല്‍സിനെതിരെ ഒരു സിംഗിള്‍ ഓടിയെടുക്കാന്‍ പോലും ധോണി കഷ്ടപ്പെട്ടിരുന്നു. ഹൈദരാബാദിനെതിരായ മത്സരത്തില്‍ ധോണിയെ കളത്തിലിറക്കാന്‍ അവര്‍ എന്തെങ്കിലും മായാജാലം കാട്ടിയിട്ടുണ്ടാകും,’ എന്നായിരുന്നു സൈമണ്‍ ഡൗള്‍ പറഞ്ഞത്.

ദല്‍ഹിക്കെതിരെ 16 പന്തില്‍ പുറത്താകാതെ 37 റണ്‍സ് നേടിയ ധോണിയുടെ പ്രകടനത്തെ മോശമെന്ന് ഡൗള്‍ നേരത്തെ വിശേഷിപ്പിച്ചിരുന്നു. ബൗണ്ടറികള്‍ നേടുന്നതില്‍ മാത്രം ശ്രദ്ധിച്ച ധോണി ഒരുപാട് പന്തുകളില്‍ റണ്‍സ് എടുക്കാതെ ഡോട്ട് ആക്കി മാറ്റിയെന്നും ഡൗള്‍ വിമര്‍ശിച്ചിരുന്നു.

അതേസമയം, സണ്‍റൈസേഴ്‌സിനെതിരെ പരാജയപ്പെട്ടെങ്കിലും മൂന്നാം സ്ഥാനത്ത് തുടരാന്‍ ചെന്നൈക്കായി. നാല് മത്സരത്തില്‍ നിന്നും രണ്ട് വീതം ജയവും തോല്‍വിയുമായി നാല് പോയിന്റാണ് ചെന്നൈക്കുള്ളത്.

ഏപ്രില്‍ എട്ടിനാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് അടുത്ത മത്സരത്തിനിറങ്ങുന്നത്. ചെപ്പോക്കില്‍ നടക്കുന്ന മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സാണ് എതിരാളികള്‍.

 

Content highlight: IPL 2024: Simon Doull criticixe MS Dhoni