സഞ്ജു ഔട്ടാണ്, അമ്പയര്‍ ചെയ്തത് നൂറ് ശതമാനം ശരി; തേര്‍ഡ് അമ്പയറിനെ അഭിനന്ദിച്ച് രാജസ്ഥാന്‍ ലെജന്‍ഡ്
IPL
സഞ്ജു ഔട്ടാണ്, അമ്പയര്‍ ചെയ്തത് നൂറ് ശതമാനം ശരി; തേര്‍ഡ് അമ്പയറിനെ അഭിനന്ദിച്ച് രാജസ്ഥാന്‍ ലെജന്‍ഡ്
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 8th May 2024, 3:14 pm

ഐ.പി.എല്ലില്‍ രാജസ്ഥാന്‍ നായകന്‍ സഞ്ജു സാംസണിന്റെ വിക്കറ്റാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ദല്‍ഹി ക്യാപ്പിറ്റല്‍സിനെതിരായ മത്സരത്തിലാണ് സഞ്ജുവിന്റെ വിവാദപരമായ ഡിസ്മിസലുണ്ടായത്.

ദല്‍ഹി പേസര്‍ മുകേഷ് കുമാര്‍ എറിഞ്ഞ 16ാം ഓവറിലെ നാലാം പന്തിലാണ് സഞ്ജു പുറത്താകുന്നത്. ബൗണ്ടറി ലൈനിന് സമീപം വിന്‍ഡീസ് താരം ഷായ് ഹോപ്പിന് ക്യാച്ച് നല്‍കിയാണ് സഞ്ജു പുറത്തായത്.

ബൗണ്ടറി ലൈനിന് തൊട്ടടുത്ത് നിന്നാണ് ഹോപ് സഞ്ജുവിന്റെ ക്യാച്ചെടുത്തത്. താരത്തിന്റെ കാല്‍ ലൈനില്‍ തട്ടിയിട്ടില്ല എന്ന് വിധിയെഴുതിയ തേര്‍ഡ് അമ്പയര്‍ സഞ്ജു ഔട്ടാണെന്ന് പ്രഖ്യാപിച്ചു. കോച്ച് സംഗക്കാരയടക്കം രാജസ്ഥാന്‍ ഡഗ് ഔട്ട് ഒന്നടങ്കം തേര്‍ഡ് അമ്പയറുടെ വിധിയില്‍ ഞെട്ടിയിരുന്നു.

 

ഒരു വൈഡ് റിവ്യൂ ചെയ്യുമ്പോള്‍ മൂന്നും നാലും മിനിട്ടുകളെടുത്ത് പരിശോധിക്കുന്ന മൂന്നാം അമ്പയര്‍ ഈ ഔട്ടില്‍ വിഷ്വലുകള്‍ ആവര്‍ത്തിച്ച് കാണാനോ സൂം ചെയ്ത് നോക്കാനോ ശ്രമിച്ചിരുന്നില്ല. മൂന്നാം അമ്പയറുടെ തീരുമാനത്തില്‍ അതൃപ്തി പ്രകടിപ്പിച്ച സഞ്ജു ഫീല്‍ഡ് അമ്പയര്‍മാരുമായി സംസാരിക്കുകയും ചെയ്തിരുന്നു.

ഇപ്പോള്‍ സഞ്ജുവിന്റെ ഔട്ടിനെയും അമ്പയറിന്റെ തീരുമാനത്തെയും കുറിച്ച് സംസാരിക്കുകയാണ് രാജസ്ഥാന്‍ ലെജന്‍ഡ് ഷെയ്ന്‍ വാട്‌സണ്‍. തേര്‍ഡ് അമ്പയര്‍ സ്വീകരിച്ച തീരുമാനം ശരിയായിരുന്നു എന്നാണ് വാട്‌സണ്‍ വിലയിരുത്തുന്നത്.

ജിയോ സിനിമാസില്‍ നടന്ന ചര്‍ച്ചയ്ക്കിടെയാണ് വാട്‌സണ്‍ വിഷയത്തിലെ തന്റെ അഭിപ്രായം വ്യക്തമാക്കിയത്.

‘പ്രസ്തുത ക്യാമറ ആംഗിളില്‍ നിന്നും ഫീല്‍ഡര്‍ ബൗണ്ടറി റോപ്പില്‍ ചവിട്ടുന്നില്ല എന്നാണ് എനിക്ക് മനസിലാകുന്നത്. തൊട്ടു തൊട്ടില്ല എന്ന മട്ടിലാണ് ഷായ് ഹോപ് മനോഹരമായി ആ ക്യാച്ചെടുത്തത്.

ടീമിന്റെ ഉടമകളില്‍ ഒരാളായ പാര്‍ത്ഥ് ജിന്‍ഡാലും ഈ തീരുമാനത്തിന് പിന്നാലെ ആവേശത്തോടെ കാണപ്പെട്ടിരുന്നു. ഇതിനെ കുറിച്ച് വിയോജിപ്പുകളുണ്ടെങ്കിലും തേര്‍ഡ് അമ്പയര്‍ ശരിയായ തീരുമാനമാണ് സ്വീകരിച്ചത്. അത് ക്രിസ്റ്റല്‍ ക്ലിയറായതുകൊണ്ടുതന്നെ അക്കാര്യത്തില്‍ ഒരു സംശയവും വേണ്ട,’ മുന്‍ രാജസ്ഥാന്‍ നായകന്‍ പറഞ്ഞു.

തേര്‍ഡ് അമ്പയറിന്റെ തീരുമാനത്തിന് പിന്നാലെ സഞ്ജു സാംസണ്‍ ഫീല്‍ഡ് അമ്പയര്‍മാരോട് തന്റെ അതൃപ്തി വ്യക്തമാക്കിയിരുന്നു. എന്നാല്‍ അമ്പയറിന്റെ തീരുമാനത്തെ ചോദ്യം ചെയ്ത സഞ്ജുവിന് അപെക്സ് ബോര്‍ഡ് പിഴ ശിക്ഷ വിധിച്ചിരിക്കുകയാണ്. മാച്ച് ഫീയുടെ 30 ശതമാമാണ് സഞ്ജു പിഴയായി ഒടുക്കേണ്ടി വരിക.

‘മെയ് ഏഴ് 2024ന് അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ ദല്‍ഹി ക്യാപ്പിറ്റല്‍സിനെതിരായ മത്സത്തില്‍ രാജസ്ഥാന്‍ നായകന്‍ സഞ്ജു സാംസണ്‍ ഐ.പി.എല്‍ പെരുറ്റച്ചട്ടം ലംഘിച്ചതിനാല്‍ മാച്ച് ഫീയുടെ 30 ശതമാനം പിഴയൊടുക്കേണ്ടതാണ്.

ഐ.പി.എല്‍ പെരുമാറ്റച്ചട്ടത്തിന്റെ ആര്‍ട്ടിക്കിള്‍ 2.8 പ്രകാരമുള്ള ലെവല്‍ 1 കുറ്റമാണ് സാംസണ്‍ ചെയ്തിരിക്കുന്നത്. ഇക്കാര്യം അദ്ദേഹം സമ്മതിക്കുകയും മാച്ച് റഫറിയുടെ തീരുമാനം അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്,’ ബി.സി.സി.ഐ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

അതേസമയം, കഴിഞ്ഞ മത്സരത്തില്‍ പരാജയപ്പെട്ടെങ്കിലും രണ്ടാം സ്ഥാനത്ത് തുടരുകയാണ് രാജസ്ഥാന്‍ റോയല്‍സ്. 11 മത്സരത്തില്‍ നിന്നും എട്ട് ജയത്തോടെ 16 പോയിന്റാണ് ടീമിനുള്ളത്. ശേഷിക്കുന്ന മൂന്ന് മത്സരത്തില്‍ ഒരു കളി വിജയിക്കാന്‍ സാധിച്ചാല്‍ രാജസ്ഥാന് പ്ലേ ഓഫില്‍ പ്രവേശിക്കാം.

മെയ് 12നാണ് രാജസ്ഥാന്റെ അടുത്ത മത്സരം. ചെന്നൈയിലെ എ. ചിദംബരം സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ഹോം ടീമായ ചെന്നൈ സൂപ്പര്‍ കിങ്‌സാണ് എതിരാളികള്‍.

 

Content Highlight: IPL 2024: Shane Watson backs tires umpires decision on Sanju Samson’s dismissal