ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ദല്‍ഹി ക്യാപ്പിറ്റല്‍സിനെ പരാജയപ്പെടുത്തി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സീസണിലെ മൂന്നാം വിജയവും സ്വന്തമാക്കിയിരുന്നു. വിശാഖപട്ടണത്തിലെ എ.സി.എ-വി.ഡി.സി.എ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 106 റണ്‍സിനാണ് കൊല്‍ക്കത്ത വിജയിച്ചത്.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഉയര്‍ത്തിയ 273 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ദല്‍ഹി 166 റണ്‍സിന് പുറത്തായിരുന്നു.
സുനില്‍ നരെയ്ന്‍, യുവതാരം ആംഗ്ക്രിഷ് രഘുവംശി, ആന്ദ്രേ റസല്‍, റിങ്കു സിങ് എന്നിവരുടെ തകര്‍പ്പന്‍ ഇന്നിങ്‌സാണ് കൊല്‍ക്കത്തക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.
ക്യാപ്റ്റന്‍ റിഷബ് പന്തിന്റെയും ട്രിസ്റ്റണ്‍ സ്റ്റബ്സിന്റെയും അര്‍ധ സെഞ്ച്വറികളുടെ കരുത്തിലാണ് ദല്‍ഹി ചെറുത്തുനിന്നത്. എന്നാല്‍ ഇരുവരെയും വരുണ്‍ ചക്രവര്‍ത്തി മടക്കിയതോടെ ദല്‍ഹിയുടെ അവസാന പ്രതീക്ഷകളും അറ്റു.
25 പന്ത് നേരിട്ട് 55 റണ്‍സാണ് പന്ത് അടിച്ചെടുത്തത്. അഞ്ച് സിക്സറും നാല് ബൗണ്ടറിയും അടക്കം 220.00 എന്ന വെടിക്കെട്ട് സ്ട്രൈക്ക് റേറ്റിലായിരുന്നു പന്ത് സ്‌കോര്‍ ചെയ്തത്. മത്സരത്തില്‍ പത്ത് പന്ത് നേരിട്ടവരില്‍ ഏറ്റവും മികച്ച സ്ട്രൈക്ക് റേറ്റും പന്തിനാണ്.
മത്സരത്തില്‍ പന്ത് സ്വന്തമാക്കിയ ഒരു സിക്‌സറിന്റെ വീഡിയോയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ദല്‍ഹി ഇന്നിങ്‌സിന്റെ 12ാം ഓവറില്‍ വെങ്കിടേഷ് അയ്യരിനെതിരെ പന്ത് നേടിയ സിക്‌സറാണ് ചര്‍ച്ചാ വിഷയം.
പന്തിന്റെ നോ ലുക് സിക്‌സറിന് പിന്നാലെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ സഹ ഉടമകൂടിയായ ഷാരൂഖ് ഖാന്‍ താരത്തെ അഭിനന്ദിക്കുന്ന വീഡിയോ ആണ് വൈറലാകുന്നത്. ഫൈന്‍ ലെഗിന് മുകളിലൂടെ പന്ത് നേടിയ സിക്‌സര്‍ കണ്ട് കിങ് ഖാന്‍ ഇരിപ്പിടത്തില്‍ നിന്നും എഴുന്നേറ്റ് കയ്യടിച്ച് താരത്തെ അഭിനന്ദിക്കുകയായിരുന്നു.
ആ ഓവറില്‍ രണ്ട് സിക്‌സറും നാല് ഫോറുമടക്കം 28 റണ്‍സാണ് പന്ത് നേടിയത്.
4, 6, 6, 4, 4, 4 എന്നിങ്ങനെയാണ് വെങ്കിടേഷ് അയ്യരെറിഞ്ഞ ഓവറില്‍ റണ്‍സ് പിറന്നത്.
ഈ ഇന്നിങ്സിന് പിന്നാലെ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ നാലാം സ്ഥാനത്തെത്താനും പന്തിനായി. റണ്‍ വേട്ടക്കാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള വിക്കറ്റ് കീപ്പറും ക്യാപ്റ്റനും പന്ത് തന്നെയാണ്.
നാല് മത്സരത്തില്‍ നിന്നും 152 റണ്‍സാണ് പന്തിന്റെ സമ്പാദ്യം. 38.00 എന്ന ശരാശരിയിലും 158.33 എന്ന മികച്ച സ്ട്രൈക്ക് റേറ്റിലുമാണ് താരം സ്‌കോര്‍ ചെയ്യുന്നത്. രണ്ട് അര്‍ധ സെഞ്ച്വറികളാണ് പന്ത് സ്വന്തമാക്കിയത്.
എന്നാല്‍ കൊല്‍ക്കത്തക്കെതിരായ തോല്‍വിക്ക് പിന്നാലെ ഒമ്പതാം സ്ഥാനത്തേക്ക് വീണിരിക്കുകയാണ് ക്യാപ്പിറ്റല്‍സ്. നാല് മത്സരത്തില്‍ നിന്നും രണ്ട് പോയിന്റാണ് ടീമിനുള്ളത്.
ഏപ്രില്‍ ഏഴിനാണ് ദല്‍ഹിയുടെ അടുത്ത മത്സരം. പത്താം സ്ഥാനത്തുള്ള മുംബൈ ഇന്ത്യന്‍സാണ് എതിരാളികള്‍.
Content highlight: IPL 2024: Shah Rukh Khan congratulates Rishabh Pant