ഇങ്ങനെയൊരു ഐ.പി.എൽ സീസൺ ചരിത്രത്തിലാദ്യം; തിരുത്തിക്കുറിച്ചത് 16 വർഷത്തെ ചരിത്രം
Cricket
ഇങ്ങനെയൊരു ഐ.പി.എൽ സീസൺ ചരിത്രത്തിലാദ്യം; തിരുത്തിക്കുറിച്ചത് 16 വർഷത്തെ ചരിത്രം
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 18th May 2024, 12:52 pm

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് പതിനേഴാം സീസണ്‍ അവസാനഘട്ടത്തോട് അടുത്തുകൊണ്ടിരിക്കുകയാണ്. നിലവില്‍ ഇതുവരെ മൂന്ന് ടീമുകളാണ് പ്ലേ ഓഫിന് യോഗ്യത നേടി കഴിഞ്ഞിട്ടുള്ളത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, രാജസ്ഥാന്‍ റോയല്‍സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് എന്നീ ടീമുകളാണ് ഇതിനോടകം തന്നെ പ്ലേ ഓഫിലേക്ക് മുന്നേറിയത്.

ഇന്ന് നടക്കുന്ന ആവേശകരമായ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെയാണ് നേരിടുന്നത്. രണ്ട് ടീമിനും പ്ലേ ഓഫിലേക്ക് മുന്നേറണമെങ്കില്‍ വിജയം അനിവാര്യമാണ്. ബെംഗളൂരുവിന് മികച്ച റണ്‍ റേറ്റില്‍ ജയിച്ചാല്‍ മാത്രമേ അടുത്ത റൗണ്ടിലേക്ക് മുന്നേറാന്‍ സാധിക്കൂ.

ഇപ്പോഴിതാ കഴിഞ്ഞ മത്സരം ദിവസം നടന്ന ലഖ്നൗ സൂപ്പര്‍ ജയന്റ്‌സ്-മുംബൈ ഇന്ത്യന്‍സ് മത്സരത്തിനു പിന്നാലെ ഒരു ചരിത്ര നേട്ടമാണ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ പിറവിയെടുത്തത്.

മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ 18 റണ്‍സിനാണ് രാഹുലും കൂട്ടരും പരാജയപ്പെടുത്തിയത്. മുംബൈയുടെ തട്ടകമായ വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ മുംബൈ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത ലഖ്നൗ 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 214 റണ്‍സാണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ മുംബൈയ്ക്ക് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 196 റണ്‍സ് നേടാനേ സാധിച്ചുള്ളൂ.

ഇതിനു പിന്നാലെ ഏറ്റവും കൂടുതല്‍ 200+ ടീം ടോട്ടല്‍ പിറവിയെടുത്ത സീസണ്‍ ആയാണ് 2024 ഐ.പി എല്‍ മാറിയത്. 38 തവണയാണ് 200+ ടോട്ടല്‍ ഈ സീസണില്‍ ഉണ്ടായത്. 2023 സീസണില്‍ 37 തവണ ആയിരുന്നു 200+ ടോട്ടല്‍ ഉണ്ടായിരുന്നത്. ലഖ്നൗ മുംബൈയ്‌ക്കെതിരെ 200 മുകളില്‍ സ്‌കോര്‍ ചെയ്തതോടുകൂടി പുതിയ ഒരു ചരിത്രമാണ് ഈ സീസണില്‍ കാണാന്‍ സാധിച്ചത്.

ഐ.പി.എല്‍ ഏറ്റവും കൂടുതല്‍ തവണ 200+ ടോട്ടല്‍ ഉണ്ടായ സീസണ്‍, 200+ ടോട്ടലുകളുടെ എണ്ണം എന്നീ ക്രമത്തില്‍

2024-38*

2023-37

2022-18

2018-15

അതേസമയം ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇനി ഗ്രൂപ്പ് ഘട്ടത്തില്‍ മൂന്നു മത്സരങ്ങള്‍ ബാക്കിയുള്ളത്. ഇന്ന് ബെംഗളൂരുവും ചെന്നൈയും ഏറ്റുമുട്ടിയതിനുശേഷം നാളെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പഞ്ചാബ് കിങ്‌സിനെയും രാജസ്ഥാന്‍ റോയല്‍സ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെയുമാണ് നേരിടുക.

Content Highlight: IPL 2024 sees the most 200+ totals in an IPL season