ഐ.പി.എല്‍ 2024ന്റെ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു. മാര്‍ച്ച് 22നാണ് ടൂര്‍ണമെന്റിന് തുടക്കം കുറിക്കുന്നത്. ഉദ്ഘാടന മത്സരത്തില്‍ ഡിഫന്‍ഡഡിങ് ചാമ്പ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ നേരിടും.
ധോണിയും കോഹ്‌ലിയും തമ്മിലുള്ള സതേണ്‍ ഡാര്‍ബിയിലൂടെയാണ് പുതിയ സീസണിന്റെ വെടിക്കെട്ട് ആരംഭിക്കുന്നത്. ചെന്നൈയുടെ തട്ടകമായ ചെപ്പോക്കാണ് ആദ്യ മത്സരത്തിന് വേദിയാകുന്നത്.
ആദ്യ രണ്ട് ആഴ്ചത്തെ ഫിക്‌സ്ചര്‍ മാത്രമാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതിനാല്‍ അതിനനുസരിച്ചാകും ശേഷിക്കുന്ന മത്സരങ്ങളുടെ ഫിക്‌സ്ചറുകള്‍ പുറത്തുവിടുക.
ഈ രണ്ടാഴ്ചയില്‍ പത്ത് നഗരങ്ങളിലായി 21 മത്സരങ്ങള്‍ നടക്കും. ഓരോ ടീമിന് ഏറ്റവും കുറഞ്ഞത് മൂന്ന് മത്സരങ്ങളും പരമാവധി അഞ്ച് മത്സരങ്ങളുമാണ് ഇപ്പോള്‍ പ്രഖ്യാപിച്ച ഫിക്‌സചര്‍ പ്രകാരം കളിക്കേണ്ടി വരിക.
മെയ് 26നായിരിക്കും ടൂര്‍ണമെന്റിന്റെ ഫൈനല്‍ അരങ്ങേറുന്നത്. ജൂണ്‍ ആദ്യ വാരത്തില്‍ ടി-20 ലോകകപ്പ് നടക്കുന്നതിനാല്‍ അതിന് മുമ്പ് ഐ.പി.എല്‍ അവസാനിപ്പിക്കേണ്ടതുണ്ട്.
മാര്‍ച്ച് 23ന് നടക്കുന്ന രണ്ടാം മത്സരത്തില്‍ പഞ്ചാബ് കിങ്‌സ് ദല്‍ഹി ക്യാപ്പിറ്റല്‍സിനെ നേരിടും. സൂപ്പര്‍ താരം റിഷബ് പന്തിന്റെ തിരിച്ചുവരവിനായിരിക്കും മത്സരം സാക്ഷ്യം വഹിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍.
മാര്‍ച്ച് 24നാണ് മുന്‍ ചാമ്പ്യന്‍മാരായ രാജസ്ഥാന്‍ റോയല്‍സ് തങ്ങളുടെ ആദ്യ മത്സരത്തിനിറങ്ങുന്നത്. ലക്‌നൗ സൂപ്പര്‍ ജയന്റ്‌സാണ് ആദ്യ മത്സരത്തില്‍ സഞ്ജുവിന്റെയും കൂട്ടരുടെയും എതിരാളികള്‍.
അതേ ദിവസം തന്നെ ഗുജറാത്ത് ടൈറ്റന്‍സ് മുംബൈ ഇന്ത്യന്‍സിനെ നേരിടും. ഗുജറാത്തിന്റെ ഹോം സ്‌റ്റേഡിയമായ ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയമാണ് വേദിയാകുന്നത്. ക്യാപ്റ്റന്‍സിയൊഴിഞ്ഞ് ടീം വിട്ടതിന് പിന്നാലെ ഹര്‍ദിക് പാണ്ഡ്യക്ക് തന്റെ പഴയ ടീമിനെതിരെ പഴയ ഹോം ഗ്രൗണ്ടില്‍ തന്നെ കളിക്കേണ്ടി വരുന്നു എന്നതും മത്സരത്തിന്റെ ആവേശം ഇരട്ടിയാക്കുന്നു.
ഐ.പി.എല്‍ 2024ന്റെ ആദ്യ രണ്ടാഴ്ചത്തെ വിശദമായ ഫിക്‌സചറുകള്‍ക്ക് ഇവിടെ ക്ലിക് ചെയ്യുക.
Content highlight: IPL 2024 Schedule announced