ഐ.പി.എല്‍ 2024ലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ തകര്‍ത്ത് രാജസ്ഥാന്‍ റോയല്‍സ് വിജയത്തോടെ തങ്ങളുടെ ക്യാംപെയ്ന്‍ തുടങ്ങിയിരുക്കുകയാണ്. സവായ് മാന്‍സിങ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 20 റണ്‍സിനാണ് രാജസ്ഥാന്‍ വിജയിച്ചത്.
ക്യാപ്റ്റന്‍ സഞ്ജു സാംസണിന്റെ അര്‍ധ സെഞ്ച്വറി കരുത്തിലാണ് രാജസ്ഥാന്‍ മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയത്. 52 പന്തില്‍ പുറത്താകാതെ 82 റണ്‍സാണ് താരം നേടിയത്. മൂന്ന് ഫോറും ആറ് സിക്‌സറും അടക്കം 157.69 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റിലാണ് സഞ്ജു റണ്ണടിച്ചുകൂട്ടിയത്.
രാജസ്ഥാന്‍ റോയല്‍സിന്റെ വിജയത്തിന് പിന്നാലെ മത്സരത്തിലെ താരമായും സഞ്ജു സാംസണ്‍ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
ഈ ഇന്നിങ്‌സിന് പിന്നാലെ പല റെക്കോഡുകളും സഞ്ജുവിനെ തേടിയെത്തിയിരുന്നു. ക്യാപ്റ്റനായിരിക്കെ ഏറ്റവും മികച്ച സ്‌ട്രൈക്ക് റേറ്റില്‍ റണ്‍സ് നേടിയ താരങ്ങളുടെ പട്ടികയില്‍ (കുറഞ്ഞത് 500 റണ്‍സ്) രണ്ടാം സ്ഥാനത്തെത്തിയാണ് സഞ്ജു തിളങ്ങിയത്.
ക്യാപ്റ്റന്‍സിയേറ്റെടുത്തതിന് പിന്നാലെ 145.2 എന്ന തകര്‍പ്പന്‍ സ്‌ട്രൈക്ക് റേറ്റിലാണ് സഞ്ജു സ്‌കോര്‍ ചെയ്യുന്നത്. ഈ റെക്കോഡ് നേട്ടത്തില്‍ ഇന്ത്യന്‍ ലെജന്‍ഡ് വിരേന്ദര്‍ സേവാഗ് മാത്രമാണ് സഞ്ജുവിന് മുമ്പിലുള്ളത്. 167.6 ആണ് സേവാഗിന്റെ സ്‌ട്രൈക്ക് റേറ്റ്.
ഇതിന് പുറമെ മറ്റൊരു റെക്കോഡും സഞ്ജു സ്വന്തമാക്കി. ഐ.പി.എല്ലിന്റെ ചരിത്രത്തില്‍ ഏറ്റവുമധികം 80+ റണ്‍സ് നേടുന്ന നോണ്‍ ഓപ്പണര്‍മാരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്കുയര്‍ന്നാണ് സഞ്ജു റെക്കോഡിട്ടത്.
റോയല്‍ ചലഞ്ചേഴ്‌സ് ലെജന്‍ഡും ഹോള്‍ ഓഫ് ഫെയ്മറുമായ എ.ബി. ഡി വില്ലിയേഴ്‌സ് മാത്രമാണ് സഞ്ജുവിന് മുമ്പിലുള്ളത്.
ഐ.പി.എല്ലില്‍ ഏറ്റവുമധികം തവണ 80+ റണ്‍സ് നേടിയ നോണ്‍ ഓപ്പണര്‍മാര്‍
എ.ബി. ഡി വില്ലിയേഴ്‌സ് – 8 തവണ
സഞ്ജു സാംസണ്‍ – 7 തവണ
സുരേഷ് റെയ്‌ന – 7 തവണ
ശ്രേയസ് അയ്യര്‍ – 4 തവണ
ഗ്ലെന്‍ മാക്‌സ്‌വെല്‍ – 4 തവണ
ഡേവിഡ് മില്ലര്‍ – 4 തവണ
മനീഷ് പാണ്ഡേ – 4 തവണ
ഇതിനൊപ്പം എല്ലാ ടീമുകളുടെയും ആദ്യ മത്സരം അവസാനിച്ചപ്പോള്‍ ഏറ്റവുമധികം റണ്‍സ് നേടിയ താരങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്താനും സഞ്ജുവിന് സാധിച്ചിരുന്നു.
ഐ.പി.എല്‍ 2024 ഓറഞ്ച് ക്യാപ്പ് ലീഡര്‍ബോര്‍ഡ്
(താരം – ടീം – മത്സരം – റണ്‍സ് എന്നീ ക്രമത്തില്‍)
സഞ്ജു സാംസണ്‍ – രാജസ്ഥാന്‍ രോയല്‍സ് – 1 – 82
ആന്ദ്രേ റസല്‍ – കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് – 1 – 64
നിക്കോളാസ് പൂരന്‍ – ലഖ്നൗ സൂപ്പര്‍ ജയന്റ്സ് – 1 – 64
ഹെന്റിച്ച് ക്ലാസന്‍ – സണ്‍റൈസേഴ്സ് ഹൈദരാബാദ് – 1 – 63
സാം കറന്‍ – പഞ്ചാബ് കിങ്സ് – 1 – 63
Content Highlight: IPL 2024: Sanju Samson with several records