ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിന് സീസണിലെ ആദ്യ തോല്‍വിയേറ്റുവാങ്ങേണ്ടി വന്നിരുന്നു. രാജസ്ഥാന്റെ ഹോം ഗ്രൗണ്ടായ സവായ് മാന്‍സിങ് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ മൂന്ന് വിക്കറ്റിനായിരുന്നു രാജസ്ഥാന്റെ തോല്‍വി.
അവസാന പന്ത് വരെ ആവേശം നീണ്ടുനിന്ന മത്സരത്തില്‍ റാഷിദ് ഖാന്റെ ബാറ്റില്‍ നിന്നും പിറന്ന ബൗണ്ടറി സഞ്ജുവിനെയും സംഘത്തെയും വിജയത്തില്‍ നിന്നും തട്ടിയകറ്റുകയായിരുന്നു.
മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന്‍ നിശ്ചിത ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 196 റണ്‍സ് നേടി. ജോസ് ബട്‌ലറിനെയും യശസ്വി ജെയ്‌സ്വാളിനെയും നഷ്ടപ്പെട്ട രാജസ്ഥാനെ ക്യാപ്റ്റന്‍ സഞ്ജുവും യുവതാരം റിയാന്‍ പരാഗുമാണ് കൈപിടിച്ചുനടത്തിയത്.
ഈ സീസണിലെ ഏറ്റവും മികച്ച രണ്ടാമത്തെ പാര്‍ട്ണര്‍ഷിപ്പ് എന്ന നേട്ടവും ഇവര്‍ സ്വന്തമാക്കിയിരുന്നു. ടീം സ്‌കോര്‍ 42 നില്‍ക്കവെ ഒന്നിച്ച ഈ കൂട്ടുകെട്ട് പിരിയുന്നത് 172ലാണ്. റിയാന്‍ പരാഗിനെ പുറത്താക്കി മോഹിത് ശര്‍മയാണ് കൂട്ടുകെട്ട് പൊളിച്ചത്.
ഒടുവില്‍ രാജസ്ഥാന്‍ നിശ്ചിത ഓവറില്‍ 196ലെത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ മുംബൈക്ക് കരുത്തായി നായകന്‍ ശുഭ്മന്‍ ഗില്ലിന്റെ അര്‍ധ സെഞ്ച്വറിയും റാഷിദ് ഖാന്‍ എന്ന ചാമ്പ്യന്റെ പ്രകടനവുമായപ്പോള്‍ സഞ്ജുവിന്റെ കയ്യില്‍ നിന്നും പതിയെ വഴുതി മാറി. ഒപ്പം ഡെത്ത് ഓവറുകളിലെ പിഴവും രാജസ്ഥാന് വിനയായി.
ക്യാപ്റ്റന്റെ റോളിലെത്തിയ 50ാം മത്സരത്തില്‍ റോയസില്‍നെ വിജയിപ്പിക്കാന്‍ സാധിച്ചില്ലെങ്കിലും ഒരു തകര്‍പ്പന്‍ നേട്ടം സ്വന്തമാക്കാന്‍ സഞ്ജുവിനായി. ക്യാപ്റ്റനെന്ന നിലയിലെ 50ാം മത്സരത്തില്‍ ഏറ്റവുമധികം റണ്‍സ് നേടുന്ന താരമെന്ന നേട്ടമാണ് സഞ്ജു സ്വന്തമാക്കിയത്. മുംബൈ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയുടെ എട്ട് വര്‍ഷത്തെ റെക്കോഡാണ് ഇതോടെ പഴങ്കഥയായത്.
ക്യാപ്റ്റനെന്ന നിലയില്‍ ഐ.പി.എല്ലിലെ 50ാം മത്സരത്തില്‍ ഏറ്റവുമധികം റണ്‍സ് നേടിയ താരങ്ങള്‍
അതേസമയം, ടൈറ്റന്‍സിനെതിരെ പരാജയപ്പെട്ടെങ്കിലും പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ് രാജസ്ഥാന്‍. അഞ്ച് മത്സരത്തില്‍ നിന്നും നാല് ജയവും ഒരു തോല്‍വിയുമായി എട്ട് പോയിന്റാണ് രാജസ്ഥാനുള്ളത്.
ഏപ്രില്‍ 13നാണ് രാജസ്ഥാന്റെ അടുത്ത മത്സരം. മഹാരാജ യാദവീന്ദ്ര അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ഹോം ടീമായ പഞ്ചാബ് കിങ്‌സാണ് എതിരാളികള്‍.