| Monday, 13th May 2024, 7:10 pm

സ്വപ്‌ന സീസണിനായി സഞ്ജുവിന് വേണ്ടത് വെറും 14 റണ്‍സ്; കരിയര്‍ അവന്‍ ഇതിനോടകം തിരുത്തിക്കുറിച്ചിരിക്കുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഐ.പി.എല്‍ പ്ലേ ഓഫ് ഉറപ്പിക്കാനുള്ള തത്രപ്പാടിലാണ് രാജസ്ഥാന്‍ റോയല്‍സ്. ഒരു വിജയം മാത്രമാണ് രാജസ്ഥാന് പ്ലേ ഓഫിലെത്താന്‍ ആവശ്യമുള്ളത്.

ഗ്രൂപ്പ് ഘട്ടത്തിലെ അവസാന അഞ്ച് മത്സരത്തില്‍ നിന്നും ഒരു കളി വിജയിച്ചാല്‍ ടീമിന് പ്ലേ ഓഫില്‍ പ്രവേശിക്കാമെന്നിരിക്കെ കളിച്ച മൂന്ന് മത്സരത്തിലും ടീം പരാജയപ്പെട്ടിരിക്കുകയാണ്. ഇനി ശേഷിക്കുന്ന രണ്ട് മത്സരങ്ങളാണ് ടീമിന്റെ വിധി തീരുമാനിക്കുക. ഒരുപക്ഷേ ഈ മത്സരത്തില്‍ വിജയിക്കാന്‍ സാധിച്ചില്ലെങ്കിലും മറ്റ് ടീമുകളുടെ ജയപരാജയങ്ങള്‍ രാജസ്ഥാനെ ആദ്യ നാലില്‍ തന്നെ നിലനിര്‍ത്തിയേക്കും.

രാജസ്ഥാന്റെ പ്ലേ ഓഫ് സാധ്യതകള്‍ തുലാസില്‍ നില്‍ക്കുമ്പോഴും രാജസ്ഥാന്‍ നായകന്റെ മികച്ച ബാറ്റിങ് പ്രകടനമാണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്. തന്റെ ഐ.പി.എല്‍ കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്താണ് രാജസ്ഥാന്‍ നായകന്‍ തിളങ്ങുന്നത്.

ഈ സീസണിലെ ആദ്യ 12 മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ 60.75 ശരാശരിയിലും 158.30 സ്ട്രൈക്ക് റേറ്റിലും 486 റണ്‍സാണ് സഞ്ജു നേടിയത്. അഞ്ച് അര്‍ധ സെഞ്ച്വറിയുടെ അകമ്പടിയോടെയാണ് സഞ്ജു റണ്ണടിച്ചുകൂട്ടുന്നത്.

ഒരു ഐ.പി.എല്‍ സീസണില്‍ രാജസ്ഥാന്‍ നായകന്‍ നേടുന്ന ഏറ്റവും മികച്ച സ്‌കോറാണിത്. ഇതിന് മുമ്പ് 2021ല്‍ നേടിയ 484 റണ്‍സായിരുന്നു സഞ്ജുവിന്റെ ഐ.പി.എല്‍ കരിയറിലെ മികച്ച പ്രകടനം.

ഈ സീസണില്‍ ഏറ്റവും ചുരുങ്ങിയത് രണ്ട് മത്സരങ്ങള്‍ കൂടി ബാക്കിയുണ്ടെന്നിരിക്കെ സഞ്ജുവിനെ മറ്റൊരു നേട്ടവും കാത്തിരിക്കുന്നുണ്ട്, ഇതിന് വേണ്ടതാകട്ടെ 14 റണ്‍സും.

ഒരു സീസണില്‍ 500 റണ്‍സ് പൂര്‍ത്തിയാക്കുന്ന താരമെന്ന നേട്ടമാണ് സഞ്ജുവിന് മുമ്പിലുള്ളത്.

ഈ സീസണില്‍ 500 റണ്‍സ് മാര്‍ക് പിന്നിടാന്‍ സഞ്ജുവിനായാല്‍ രാജസ്ഥാനായി ഒരു സീസണില്‍ 500 റണ്‍സ് പൂര്‍ത്തിയാക്കുന്ന അഞ്ചാമത് താരമെന്ന നേട്ടവും സഞ്ജുവിനെ തേടിയെത്തും. അജിന്‍ക്യ രഹാനെ, ഷെയ്ന്‍ വാട്‌സണ്‍, ജോസ് ബട്‌ലര്‍, യശസ്വി ജെയ്‌സ്വാള്‍ എന്നിവരാണ് ഇതിന് മുമ്പ് ഒരു സീസണില്‍ 500 റണ്‍സെന്ന മാജിക്കല്‍ നമ്പര്‍ പിന്നിട്ടത്.

ഇതിന് പുറമെ ഒരു സീസണില്‍ ഇതാദ്യമായാണ് സഞ്ജു 5 സെഞ്ച്വറികള്‍ നേടുന്നത് എന്ന പ്രത്യേകതയും ഈ സീസണിനുണ്ട്. 2013 മുതലുള്ള തന്റെ ഐ.പി.എല്‍ കരിയറില്‍ സഞ്ജു 25 ഐ.പി.എല്‍ ഫിഫ്റ്റികള്‍ നേടിയപ്പോള്‍ അതില്‍ അഞ്ചും പിറന്നത് ഈ സീസണിലാണ്.

സഞ്ജു സാംസണ്‍ ഓരോ സീസണിലും നേടിയ അര്‍ധ സെഞ്ച്വറികള്‍

2013 – 1

2014 – 2

2015 – 1

2016 – 1

2017 – 2

2018 – 3

2019 – 0

2020 – 3

2021 – 2

2022 – 2

2023 – 3

2024 – 5*

ഇനി രണ്ട് മത്സരങ്ങളാണ് ഗ്രൂപ്പ് ഘട്ടത്തില്‍ രാജസ്ഥാന് ബാക്കിയുള്ളത്. റോയല്‍സിന്റെ രണ്ടാം ഹോം സ്‌റ്റേഡിയമായ അസമിലെ ബര്‍സാപര സ്റ്റേഡിയമാണ് വേദി.

മെയ് 15നാണ് രാജസ്ഥാന്‍ സീസണില്‍ ആദ്യമായി അസമിലേക്കിറങ്ങുന്നത്. നിലവില്‍ പോയിന്റ് പട്ടികയിലെ അവസാന സ്ഥാനക്കാരായ പഞ്ചാബ് കിങ്സാണ് എതിരാളികള്‍.

സീസണില്‍ നേരത്തെ പഞ്ചാബിന്റെ ഹോം സ്റ്റേഡിയമായ മുല്ലാപൂരിലെ മഹാരാജ യാദവീന്ദ്ര സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ മൂന്ന് വിക്കറ്റിന് രാജസ്ഥാന്‍ വിജയിച്ചിരുന്നു.

മെയ് 19നാണ് രാജസ്ഥാന്‍ സീസണിലെ അവസാന ഹോം മാച്ചിനിറങ്ങുന്നത്. ടേബിള്‍ ടോപ്പേഴ്സായ കൊല്‍ക്കത്തയാണ് എതിരാളികള്‍. ഈ മത്സരമായിരിക്കും ഒരുപക്ഷേ രാജസ്ഥാന്‍ ആദ്യ രണ്ട് സ്ഥാനത്തില്‍ ഇടം പിടിക്കുമോ ഇല്ലയോ എന്ന് തീരുമാനിക്കുക.

ഏപ്രില്‍ 16ന് ഈഡന്‍ ഗാര്‍ഡന്‍സില്‍ ഇരുവരുമേറ്റമുട്ടിയപ്പോള്‍ വിജയം രാജസ്ഥാനൊപ്പമായിരുന്നു. സൂപ്പര്‍ താരം സുനില്‍ നരെയ്ന്റെ സെഞ്ച്വറി കരുത്തില്‍ 223 റണ്‍സ് നേടിയ കൊല്‍ക്കത്തക്ക് ജോസ് ബട്‌ലറിന്റെ സെഞ്ച്വറിയിലൂടെയാണ് രാജസ്ഥാന്‍ മറുപടി നല്‍കിയത്. മത്സരത്തില്‍ രണ്ട് വിക്കറ്റിനായിരുന്നു സഞ്ജുവിന്റെയും സംഘത്തിന്റെയും വിജയം.

Content highlight: IPL 2024: Sanju Samson need 16 runs to complete 500 runs in this season

Latest Stories

We use cookies to give you the best possible experience. Learn more