ഐ.പി.എല്‍ 2024ന് മുമ്പ് രാജസ്ഥാന്‍ റോയല്‍സ് ക്യാമ്പില്‍ ജോയിന്‍ ചെയ്ത് സഞ്ജു സാംസണ്‍. പുതിയ സീസണിലും സഞ്ജു സാംസണ്‍ തന്നെയാണ് ഹല്ലാ ബോല്‍ ആര്‍മിയെ നയിക്കുന്നത്.
തങ്ങളുടെ ക്യാപ്റ്റനെ സ്വാഗതം ചെയ്തുകൊണ്ട് രാജസ്ഥാന്‍ റോയല്‍സ് സമൂഹമാധ്യമ അക്കൗണ്ടുകളില്‍ പങ്കുവെച്ച വീഡിയോയാണ് ഇപ്പോള്‍ തരംഗമാകുന്നത്.
രജിനികാന്ത് ചിത്രമായ ജയിലറിലെ ‘ഹുക്കു’മിന്റെ അകമ്പടിയോടെയാണ് രാജസ്ഥാന്‍ വീഡിയോ ഒരുക്കിയിരിക്കുന്നത്. ‘ചേട്ടന്‍ അവന്റെ മടയിലേക്ക് വന്നിരിക്കുന്നു’ എന്നാണ് രാജസ്ഥാന്‍ വീഡിയോക്ക് ക്യാപ്ഷന്‍ നല്‍കിയിരിക്കുന്നത്.
വീഡിയോക്ക് മികച്ച പ്രതികരണമാണ് ആരാധകരുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്.
കഴിഞ്ഞ സീസണില്‍ അഞ്ചാം സ്ഥാനത്താണ് രാജസ്ഥാന്‍ ഫിനിഷ് ചെയ്തത്. 14 മത്സരത്തില്‍ നിന്നും ഏഴ് ജയവും തോല്‍വിയുമാണ് രാജസ്ഥാനുണ്ടായിരുന്നത്. അവസാന നിമിഷം വരെ പ്ലേ ഓഫ് പ്രതീക്ഷകള്‍ നിലനിര്‍ത്തിയ ശേഷമാണ് രാജസ്ഥാന്‍ ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്തായത്.
തൊട്ടുമുമ്പുള്ള സീസണില്‍ ഫൈനലില്‍ പ്രവേശിച്ച രാജസ്ഥാന്‍ 2023ല്‍ പ്ലേ ഓഫ് കാണാതെ പുറത്തായത് ആരാധകരെ നിരാശരാക്കിയിരുന്നു.
അതേസമയം, മാര്‍ച്ച് 24നാണ് രാജസ്ഥാന്‍ റോയല്‍സ് തങ്ങളുടെ ആദ്യ മത്സരത്തിനിറങ്ങുന്നത്. തങ്ങളുടെ കോട്ടയെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഹോം സ്‌റ്റേഡിയമായ സവായ് മാന്‍സിങ് സ്‌റ്റേഡിയത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരായ മത്സരത്തോടെയാണ് രാജസ്ഥാന്‍ ഐ.പി.എല്‍ ക്യാംപെയ്ന്‍ ആരംഭിക്കുന്നത്.
ഇപ്പോള്‍ പുറത്തുവിട്ട് ഷെഡ്യൂള്‍ പ്രകാരം നാല് മത്സരമാണ് രാജസ്ഥാന് കളിക്കാനുള്ളത്.
ഐ.പി.എല്‍ 2024ലെ രാജസ്ഥാന്‍ റോയല്‍സിന്റെ മത്സരക്രമങ്ങള്‍
vs ലഖ്നൗ സൂപ്പര്‍ ജയന്റ്സ് – മാര്‍ച്ച് 24 – സവായ് മാന്‍സിങ് സ്റ്റേഡിയം ജയ്പൂര്‍
vs ദല്‍ഹി ക്യാപ്പിറ്റല്‍സ് – മാര്‍ച്ച് 28 – സവായ് മാന്‍സിങ് സ്റ്റേഡിയം ജയ്പൂര്‍
vs മുംബൈ ഇന്ത്യന്‍സ് – ഏപ്രില്‍ – 1 – മുംബൈ വാംഖഡെ സ്റ്റേഡിയം
vs റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു – ഏപ്രില്‍ 6 – സവായ് മാന്‍സിങ് സ്റ്റേഡിയം ജയ്പൂര്‍
രാജസ്ഥാന്‍ റോയല്‍സ് സ്‌ക്വാഡ് 2024
യശസ്വി ജെയ്സ്വാള്‍, ഷിംറോണ്‍ ഹെറ്റ്മെയര്‍*, റോവ്മന്‍ പവല്‍*, ശുഭം ദുബെ, ആര്‍. അശ്വിന്‍, റിയാന്‍ പരാഗ്, ആബിദ് മുഷ്താഖ്, സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍), ജോസ് ബട്‌ലര്‍*, ധ്രുവ് ജുറെല്‍, കുണാല്‍ സിങ് റാത്തോര്‍, ടോം കോലര്‍-കാഡ്മോര്‍*, ഡോണോവന്‍ ഫെരേര*, ട്രെന്റ് ബോള്‍ട്ട്*, യൂസ്വേന്ദ്ര ചഹല്‍, ആദം സാംപ*, ആവേശ് ഖാന്‍, സന്ദീപ് ശര്‍മ, നവ്ദീപ് സെയ്നി, കുല്‍ദീപ് സെന്‍, നാന്ദ്രേ ബര്‍ഗര്‍*
(* ഓവര്‍സീസ് താരങ്ങള്‍)
Content highlight: IPL 2024: Sanju Samson joins Rajasthan Royals camp