ഐ.പി.എല്‍ 2024ല്‍ മികച്ച പ്രകടനമാണ് സഞ്ജു സാംസണ്‍ പുറത്തെടുക്കുന്നത്. ക്യാപ്റ്റനെന്ന ചുമതലയുടെ സമ്മര്‍ദം ഒരിക്കല്‍പ്പോലും തന്റെ പ്രകടനത്തെ ബാധിക്കാതിരക്കാന്‍ സഞ്ജു ശ്രദ്ധിച്ചിരുന്നു. പക്കാ ടീം മാനായ സഞ്ജു ഇത്തവണയും സ്വന്തം നേട്ടത്തേക്കാളേറെ ടീമിന് വേണ്ടിയാണ് ബാറ്റ് വീശുന്നത്.
ദല്‍ഹി ക്യാപ്പിറ്റല്‍സിനെതിരായ മത്സരത്തിലും താരത്തിന്റെ സെല്‍ഫ്‌ലെസ് ഇന്നിങ്‌സാണ് ആരാധകര്‍ കണ്ടത്. 46 പന്തില്‍ നിന്നും 86 റണ്‍സാണ് സഞ്ജു അടിച്ചെടുത്തത്. ഐ.പി.എല്‍ കരിയറിലെ നാലാം സെഞ്ച്വറിയുടെ പ്രതീതി ജനിപ്പിച്ചെങ്കിലും മൂന്നാം അമ്പയറിന്റെ വിവാദ തീരുമാനത്തില്‍ സഞ്ജുവിന് പുറത്താകേണ്ടി വരികയായിരുന്നു.
സീസണിലെ അഞ്ചാം അര്‍ധ സെഞ്ച്വറി നേട്ടമാണ് താരം ക്യാപ്പിറ്റല്‍സിനെതിരെ കുറിച്ചത്. നേരത്തെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരായ രണ്ട് മത്സരത്തിലും അര്‍ധ സെഞ്ച്വറി നേടിയ (82*, 71*) സഞ്ജു റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു (69), ഗുജറാത്ത് ടൈറ്റന്‍സ് (68*) എന്നിവര്‍ക്കെതിരയാണ് സഞ്ജു ഈ സീസണില്‍ അര്‍ധ സെഞ്ച്വറി നേടിയത്.
ഐ.പി.എല്‍ കരിയറില്‍ ഇതാദ്യമായാണ് സഞ്ജു ഒരു സീസണില്‍ അഞ്ച് അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കുന്നത്. ഐ.പി.എല്‍ കരിയറില്‍ ഇതുവരെ 25 അര്‍ധ സെഞ്ച്വറിയാണ് സഞ്ജുവിന്റെ പേരിലുള്ളത്.
സഞ്ജു സാംസണ്‍ ഓരോ സീസണിലും നേടിയ അര്‍ധ സെഞ്ച്വറികള്‍
2013 – 1
2014 – 2
2015 – 1
2016 – 1
2017 – 2
2018 – 3
2019 – 0
2020 – 3
2021 – 2
2022 – 2
2023 – 3
2024 – 5*
ഈ സീസണില്‍ ഇതുവരെ 11 ഇന്നിങ്‌സില്‍ നിന്നും 67.29 ശരാശരിയിലും 163.54 സ്‌ട്രൈക്ക് റേറ്റിലും 471 റണ്‍സാണ് സഞ്ജു നേടിയത്. ഐ.പി.എല്ലിലെ കരിയര്‍ ബെസ്റ്റ് പ്രകടനമാണ് താരം പുറത്തെടുത്തത്.
ഈ സീസണില്‍ ഇനിയും മത്സരങ്ങള്‍ ശേഷിക്കെ 14 റണ്‍സ് കൂടി നേടാന്‍ സാധിച്ചാല്‍ ഒരു ഐ.പി.എല്‍ സീസണില്‍ ഏറ്റവുമധികം റണ്‍സെന്ന തന്റെ നേട്ടം മറികടക്കാനും സഞ്ജുവിന് സാധിക്കും. 2021ല്‍ നേടിയ 484 ആണ് ഒരു സീസണില്‍ രാജസ്ഥാന്‍ നായകന്‍ നേടിയ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍.
കഴിഞ്ഞ മത്സരത്തില്‍ മറ്റൊരു റെക്കോഡ് നേട്ടവും സഞ്ജു സ്വന്തമാക്കിയിരുന്നു. കളിച്ച ഇന്നിങ്‌സുകളുടെ അടിസ്ഥാനത്തില്‍ ഏറ്റവും വേഗത്തില്‍ 200 ഐ.പി.എല്‍ സിക്‌സര്‍ നേടുന്ന താരമെന്ന നേട്ടമാണ് സഞ്ജു സ്വന്തമാക്കിയത്.
ഐ.പി.എല്ലില്‍ വേഗത്തില്‍ 200 സിക്സര്‍ പൂര്‍ത്തിയാക്കിയ താരം (ഇന്നിങ്സുകളുടെ അടിസ്ഥാനത്തില്‍)
(താരം – 200 സിക്സര്‍ പൂര്‍ത്തിയാക്കാനെടുത്ത ഇന്നിങ്സ് എന്നീ ക്രമത്തില്‍)
സഞ്ജു സാംസണ്‍ – 159*
എം.എസ്. ധോണി – 165
വിരാട് കോഹ്‌ലി – 180
രോഹിത് ശര്‍മ – 185
സുരേഷ് റെയ്ന – 193
കഴിഞ്ഞ മത്സരത്തില്‍ നേടിയ ആറ് സിക്സറുകളുടെ ബലത്തില്‍ ഐ.പി.എല്ലില്‍ ഏറ്റവുമധികം സിക്സര്‍ നേടിയ താരങ്ങളുടെ പട്ടികയില്‍ ഒമ്പതാം സ്ഥാനത്തെത്താനും സഞ്ജുവിനായി.
ഐ.പി.എല്ലില്‍ ഏറ്റവുമധികം സിക്‌സറുകള്‍ നേടുന്ന താരങ്ങള്‍
(താരം – സിക്‌സര്‍ എന്നീ ക്രമത്തില്‍)
ക്രിസ് ഗെയ്ല്‍ – 357
രോഹിത് ശര്‍മ – 276
വിരാട് കോഹ്‌ലി – 258
എ.ബി. ഡി വില്ലിയേഴ്‌സ് – 251
എം.എസ്. ധോണി – 248
ഡേവിഡ് വാര്‍ണര്‍ – 236
കെയ്‌റോണ്‍ പൊള്ളാര്‍ഡ് – 223
ആന്ദ്രേ റസല്‍ – 207
സഞ്ജു സാംസണ്‍ – 205*
സുരേഷ് റെയ്ന – 202
കഴിഞ്ഞ മത്സരത്തില്‍ പരാജയപ്പെട്ടെങ്കിലും രണ്ടാം സ്ഥാനത്ത് തുടരുകയാണ് രാജസ്ഥാന്‍ റോയല്‍സ്. 11 മത്സരത്തില്‍ നിന്നും എട്ട് ജയവും മൂന്ന് തോല്‍വിയുമായി 16 പോയിന്റാണ് നിലവില്‍ ടീമിനുള്ളത്.
മെയ് 12നാണ് രാജസ്ഥാന്റെ അടുത്ത മത്സരം. ചെപ്പോക്കില്‍ നടക്കുന്ന മത്സരത്തില്‍ ഹോം ടീമായ ചെന്നൈ സൂപ്പര്‍ കിങ്സാണ് എതിരാളികള്‍.
Content Highlight: IPL 2024: Sanju Samson completes 5 half centuries in this season