ഐ.പി.എല്‍ 2024ന് ഇനി വിരലിലെണ്ണാവുന്ന ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. താരലേലത്തിന് ശേഷം ഓരോ ടീമും കൂടുതല്‍ സ്‌റ്റേബിളായ ടീമുമായാണ് കളത്തിലിറങ്ങുന്നത്. കിരീടം നിലനിര്‍ത്താന്‍ ചെന്നൈ ഇറങ്ങുമ്പോള്‍ ഒരിക്കല്‍ നഷ്ടപ്പെട്ട കിരീടം തിരിച്ചുപിടിക്കാനാണ് മറ്റ് ടീമുകള്‍ഒരുങ്ങുന്നത്.
ഇത്തവണ കിരീടം നേടാന്‍ ഏറ്റവും സാധ്യത കല്‍പിക്കുന്ന ടീമുകളിലൊന്നാണ് സഞ്ജു സാംസണിന്റെ രാജസ്ഥാന്‍ റോയല്‍സ്. 2022ല്‍ ഫൈനലില്‍ പ്രവേശിച്ച രാജസ്ഥാനെ ഇത്തവണ താരം കിരീടം ചൂടിക്കുമെന്നാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.
രാജസ്ഥാന്റെ തുറുപ്പുചീട്ടുകളില്‍ പ്രധാനിയാണ് യുവതാരം യശസ്വി ജെയ്‌സ്വാള്‍. ഓപ്പണിങ്ങിലിറങ്ങി അഗ്രസ്സീവ് ബാറ്റിങ് ശൈലിയിലൂടെ സ്‌കോര്‍ ഉയര്‍ത്തുന്നതില്‍ മിടുക്കനായ ജെയ്‌സ്വാള്‍ ഈ സീസണിന് മുമ്പ് മികച്ച ഫോമിലുമാണ്.
ഇപ്പോള്‍ ജെയ്‌സ്വാളിനെ കുറിച്ച് സംസാരിക്കുകയാണ് നായകന്‍ സഞ്ജു സാംസണ്‍. സ്റ്റാര്‍ സ്‌പോര്‍ട്‌സിന് നല്‍കിയ അഭിമുഖത്തില്‍ ഏറ്റവുമധികം നേരം നെറ്റ്‌സില്‍ പ്രാക്ടീസ് ചെയ്യുന്ന താരത്തെ കുറിച്ചുള്ള അവതാരകന്റെ ചോദ്യത്തിനുള്ള മറുപടിയായാണ് സഞ്ജു ഇക്കാര്യം പറഞ്ഞത്.
‘അത് ഉറപ്പായും ജെയ്‌സ്വാള്‍ തന്നെയായിരിക്കണം. ഞങ്ങളുടെ പ്രാക്ടീസ് ക്യാമ്പില്‍ നാല് സര്‍ദാര്‍ജികളുണ്ട്. കട്ട്, പുള്‍, ഡ്രൈവ്, ഫ്‌ളിക്ക് എന്നിങ്ങനെയാണ് അവരുടെ പേരുകള്‍.
കട്ട് എന്ന് പേരുള്ളവന്‍ പ്രാക്ടീസ് സെഷനില്‍ കട്ട് ബോളുകള്‍ മാത്രമാണ് എറിയുന്നത്. പുള്‍ എന്ന് പേരുള്ളവന്‍ പ്രാക്ടീസില്‍ പുള്‍ ബോളുകള്‍ മാത്രമാണ് എറിയുക. മറ്റ് രണ്ട് പേരുടെ കാര്യവും അങ്ങനെ തന്നെയാണ്.
കഴിഞ്ഞ സീസണില്‍ ജെയ്‌സ്വാള്‍ കാരണം ഇവര്‍ നാല് പേരുടെയും ഷോള്‍ഡര്‍ ഡിസ്‌ലൊക്കേറ്റായിരുന്നു. രാജസ്ഥാന് അവരെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യേണ്ട സാഹചര്യം പോലും ഉണ്ടായിരുന്നു. എനിക്ക് തോന്നുന്നത് താരങ്ങള്‍ക്ക് പകരം ജെയ്‌സ്വാള്‍ കാരണം സ്റ്റാഫുകള്‍ക്കാണ് പരിക്കേല്‍ക്കുന്നത്,’ സഞ്ജു സാംസണ്‍ പറഞ്ഞു.
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ പ്ലെയര്‍ ഓഫ് ദി സീരീസ് പുരസ്‌കാരം നേടിയാണ് ജെയ്‌സ്വാള്‍ ഐ.പി.എല്ലിന് മുമ്പ് താന്‍ എന്തിനും തയ്യാറാണെന്ന് ആരാധകര്‍ക്ക് കാണിച്ചുകൊടുത്തത്.
കഴിഞ്ഞ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി ഏറ്റവുമധികം റണ്‍സ് നേടിയ താരവും, കഴിഞ്ഞ സീസണില്‍ ഏറ്റവുമധികം റണ്‍സ് നേടിയ അഞ്ചാമത് താരവുമായിരുന്നു ജെയ്‌സ്വാള്‍.
14 മത്സരത്തില്‍ നിന്നും 48.07 ശരാശരിയിലും 163.61 സ്‌ട്രൈക്ക് റേറ്റിലും 625 റണ്‍സാണാണ് താരം നേടിയത്. ഒരു സെഞ്ച്വറിയും അഞ്ച് അര്‍ധ സെഞ്ച്വറിയും അടങ്ങുന്നതായിരുന്നു ജെയ്‌സ്വാളിന്റെ ഐ.പി.എല്‍ 2023 ക്യാംപെയ്ന്‍.
ഇത്തവണയും ജെയ്‌സ്വാള്‍ ഇതേ ഡോമിനേഷന്‍ പുറത്തെടുക്കുമെന്നാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്. ആദ്യ വിക്കറ്റിലെ ജോസ്-സ്വാള്‍ കോംബിനേഷന്‍ അടിത്തറയിടുന്ന സ്‌കോര്‍ മറ്റുള്ളവര്‍ കെട്ടിപ്പൊക്കുകയും ബൗളര്‍മാര്‍ കൃത്യമായി ഡിഫന്‍ഡ് ചെയ്യുകയും ചെയ്താല്‍ ഐ.പി.എല്‍ കിരീടം ഒരിക്കല്‍ക്കൂടി പിങ്ക് സിറ്റിയിലെത്തും.
Content highlight: IPL 2024: Sanju Samson about Yashasvi Jaiswal