| Friday, 3rd May 2024, 5:58 pm

ടി-20 ലോകകപ്പില്‍ ഞാന്‍ ബാറ്റ് ചെയ്യുന്നതിനൊപ്പം തന്നെ പ്രാധാന്യമര്‍ഹിക്കുന്ന മറ്റൊരു കാര്യം; വ്യക്തമാക്കി സഞ്ജു

സ്പോര്‍ട്സ് ഡെസ്‌ക്

ടി-20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീം പ്രഖ്യാപിക്കുമ്പോള്‍ ആരാധകര്‍ ഉറ്റുനോക്കിയിരുന്നത് രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണിന്റെ പേര് ഉള്‍പ്പെട്ടിട്ടുണ്ടോ എന്നാണ്. ആരാധകര്‍ക്ക് ആവേശമുയര്‍ത്തി ഐ.പി.എല്ലിലെ മികച്ച പ്രകടനങ്ങള്‍ക്ക് പിന്നാലെ രാജസ്ഥാന്‍ റോയല്‍സിനെ പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തിച്ച സഞ്ജുവിന്റെ പേരും സെലക്ടര്‍മാര്‍ ലോകകപ്പ് സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയിരുന്നു. സഞ്ജുവിന്റെ കരിയറിലെ ആദ്യ ലോകകപ്പ് പര്യടനമാണിത്.

മിഡില്‍ ഓര്‍ഡറില്‍ ബാറ്റ് ചെയ്യാനുള്ള സഞ്ജുവിന്റെ കഴിവ് കാരണമാണ് തങ്ങള്‍ താരത്തെ ലോകകപ്പ് സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയതെന്ന് സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാര്‍ അജിത് അഗാര്‍കര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

അങ്ങനെയെങ്കില്‍ അഞ്ചാം നമ്പറിലാകും സഞ്ജു ബാറ്റിങ്ങിനിറങ്ങുക. ലോകകപ്പില്‍ തന്റെ ബാറ്റിങ് പൊസിഷനെ കുറിച്ച് സംസാരിക്കുകയാണ് സഞ്ജു സാംസണ്‍. സ്റ്റാര്‍ സ്‌പോര്‍ട്‌സിനോട് സംസാരിക്കവെയാണ് സഞ്ജു ഇക്കാര്യം പറഞ്ഞത്.

‘അതൊരു കുഴപ്പം പിടിച്ച ചോദ്യമാണ്. സഞ്ജു എവിടെയാണ് ബാറ്റ് ചെയ്യുക എന്നാണ് എല്ലാവരുടെയും ആശങ്ക. ഇത് ഞങ്ങള്‍ ഉറപ്പായും പരിഗണിക്കുന്നുണ്ട്.

ഐ.പി.എല്‍ കിരീടം സ്വന്തമാക്കുക എന്നതും ഇതിനൊപ്പം പ്രധാനമാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഐ.പി.എല്‍ വിജയിക്കുക എന്നതാണ് താരങ്ങളുടെ ഇപ്പോഴുള്ള പ്രധാന ലക്ഷ്യം,’ സഞ്ജു പറഞ്ഞു.

അതേസമയം, ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ നടന്ന മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് പരാജയപ്പെട്ടിരുന്നു. ഹൈദരാബാദിന്റെ ഹോം സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒരു റണ്ണിനായിരുന്നു രാജസ്ഥാന്റെ പരാജയം.

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഹൈദരാബാദ് നിശ്ചിത ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സ് നേടി. ഓപ്പണര്‍ ട്രാവിസ് ഹെഡിന്റെയും നിതീഷ് കുമാര്‍ റെഡ്ഡിയുടെയും കരുത്തിലാണ് ടീം സ്‌കോര്‍ ഉയര്‍ത്തിയത്.

ഹെഡ് 44 പന്തില്‍ 58 റണ്‍സ് നേടിയപ്പോള്‍ 42 പന്തില്‍ പുറത്താകാതെ 76 റണ്‍സാണ് റെഡ്ഡി നേടിയത്. 19 പന്തില്‍ പുറത്താകാതെ 42 റണ്‍സടിച്ച ക്ലാസന്റെ ഇന്നിങ്‌സും സ്‌കോറിങ്ങില്‍ നിര്‍ണായകമായി.

202 റണ്‍സ് ലക്ഷ്യമിട്ടിറങ്ങിയ രാജസ്ഥാന്‍ റിയാന്‍ പരാഗിന്റെയും യശസ്വി ജെയ്‌സ്വാളിന്റെയും അര്‍ധ സെഞ്ച്വറി കരുത്തില്‍ പൊരുതിയെങ്കിലും ഒരു റണ്‍സകലെ കാലിടറി വീഴുകയായിരുന്നു. പരാഗ് 49 പന്തില്‍ 77 റണ്‍സ് നേടിയപ്പോള്‍ 40 പന്തില്‍ 67 റണ്‍സാണ് ജെയ്‌സ്വാള്‍ നേടിയത്.

15 പന്തില്‍ 27 റണ്‍സ് നേടിയ റോവ്മന്‍ പവലാണ് മറ്റൊരു മികച്ച റണ്‍ ഗെറ്റര്‍.

അവസാന പന്തില്‍ വിജയിക്കാന്‍ രണ്ട് റണ്‍സ് വേണമെന്നിരിക്കെ ഭുവനേശ്വര്‍ കുമാര്‍ പവലിനെ വിക്കറ്റിന് മുമ്പില്‍ കുടുക്കി പുറത്താക്കുകയായിരുന്നു.

സണ്‍റൈസേഴ്‌സിനോട് പരാജയപ്പെട്ടെങ്കിലും പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ് രാജസ്ഥാന്‍. പത്ത് മത്സരത്തില്‍ നിന്നും എട്ട് ജയത്തോടെ 16 പോയിന്റാണ് ടീമിനുള്ളത്.

മെയ് ഏഴിനാണ് രാജസ്ഥാന്റെ അടുത്ത മത്സരം. ദല്‍ഹി അരുണ്‍ ജെയ്റ്റ്‌ലി സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ദല്‍ഹി ക്യാപ്പിറ്റല്‍സാണ് എതിരാളികള്‍.

Content Highlight: IPL 2024: Sanju Samson about T20 World Cup and winning IPL trophy

We use cookies to give you the best possible experience. Learn more