| Sunday, 24th March 2024, 8:23 pm

ഇപ്പോഴും സെലക്ടര്‍മാര്‍ അയാളെ പുറത്താക്കാനുള്ള വഴികള്‍ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്! എന്തൊരു നാണംകെട്ട ക്രിക്കറ്റ് സിസ്റ്റം!

സന്ദീപ് ദാസ്

രാജസ്ഥാന്‍ റോയല്‍സും ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സും തമ്മിലുള്ള ഐ.പി.എല്‍ മത്സരം ജയ്പൂരില്‍ അരങ്ങേറുകയാണ്. ലഖ്‌നൗവിന്റെ ക്യാപ്റ്റനായ കെ.എല്‍. രാഹുല്‍ ലെഗ്‌സ്പിന്നര്‍ രവി ബിഷ്‌ണോയിയെ പന്തെറിയുന്നതിന് വേണ്ടി വിളിച്ചു.

അപ്പോള്‍ സഞ്ജയ് മഞ്ജരേക്കര്‍ കമന്ററി ബോക്‌സിലൂടെ അഭിപ്രായപ്പെട്ടു-

”അന്താരാഷ്ട്ര ടി-20 ക്രിക്കറ്റിലെ സൂപ്പര്‍ താരമാണ് ബിഷ്‌ണോയ്. ലഖ്‌നൗവിന്റെ ഈ സീസണിലെ വജ്രായുധം ബിഷ്‌ണോയ് തന്നെയായിരിക്കും!”

സഞ്ജയ് ഉച്ചരിച്ച വാക്കുകളില്‍ ഒട്ടും അതിശയോക്തി ഇല്ലായിരുന്നു. ബിഷ്‌ണോയ് ഇന്ത്യന്‍ ടീമിന് വേണ്ടി കുറച്ച് മാച്ചുകളേ കളിച്ചിട്ടുള്ളൂ. പക്ഷേ വളരെ വലിയ ഇംപാക്ട് ആണ് അയാള്‍ സൃഷ്ടിച്ചത്.

ബിഷ്‌ണോയിയുടെ പ്രഭാവത്തിനുമുമ്പില്‍ പരിചയസമ്പന്നനും ടി-20 സ്‌പെഷലിസ്റ്റുമായ യുസ്വേന്ദ്ര ചഹല്‍ പോലും നിഷ്പ്രഭനായി മാറിയിരുന്നു! അങ്ങനെയുള്ള ബിഷ്‌ണോയ് അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുമെന്ന് കെ.എല്‍. രാഹുല്‍ ഉറച്ചുവിശ്വസിച്ചിരുന്നു.

ക്രീസില്‍ ഉണ്ടായിരുന്ന രാജസ്ഥാന്‍ ബാറ്റര്‍ക്കെതിരെ ബിഷ്‌ണോയ് ഒരു ലെഗ്‌ബ്രേക്ക് തൊടുത്തുവിട്ടു. സവായ് മാന്‍സിങ് സ്റ്റേഡിയത്തിലെ സ്‌ട്രെയ്റ്റ് ബൗണ്ടറിയ്ക്ക് നീളം കൂടുതലാണ്. പക്ഷേ ബിഷ്‌ണോയിയുടെ പന്ത് സൈറ്റ് സക്രീനിന്റെ സമീപത്താണ് ചെന്നുപതിച്ചത്! സിക്‌സര്‍.

അടുത്ത ഓവറില്‍ ബിഷ്‌ണോയ് തന്ത്രം മാറ്റി. ഇത്തവണ അയാളുടെ ഡെലിവെറി എതിര്‍ദിശയിലേക്കാണ് തിരിഞ്ഞത്. ഗൂഗ്ലി! ബൗണ്‍സ് കുറവായിരുന്നു. മിഡ്-വിക്കറ്റ് ബൗണ്ടറിയില്‍ ഫീല്‍ഡറും ഉണ്ടായിരുന്നു. പക്ഷേ പന്ത് മിഡ്-വിക്കറ്റിലൂടെ തന്നെ വേലിക്കെട്ട് കടന്നു!

പ്രയാസകരമായ ഷോട്ടുകള്‍ പോലും അനായാസം കളിക്കുന്ന ആ ബാറ്ററെ ബിഷ്‌ണോയ് തുറിച്ചുനോക്കി. അയാള്‍ രാജസ്ഥാന്‍ ടീമിന്റെ കപ്പിത്താനായിരുന്നു. സഞ്ജു വിശ്വനാഥ് സാംസണ്‍.

ജയ്പൂരിലെ വിള്ളലുകളുള്ള പിച്ച് സ്പിന്നര്‍മാരെ നല്ലതുപോലെ സഹായിക്കുമെന്ന് എല്ലാ വിദഗ്ദരും പ്രവചിച്ചിരുന്നു. ആ നിരീക്ഷണം ശരിയാണെന്ന് രാജസ്ഥാന്റെ ബാറ്ററായ റിയാന്‍ പരാഗ് സമ്മതിക്കുകയും ചെയ്തിരുന്നു.

ആ പിച്ചില്‍ കളിച്ചിട്ടാണ് സഞ്ജു ബിഷ്‌ണോയിയെ മെരുക്കിയത്! 52 പന്തുകളില്‍നിന്ന് 6 സിക്‌സറുകള്‍ ഉള്‍പ്പടെ 82 റണ്ണുകളാണ് സഞ്ജു നേടിയത്! അയാളുടെ റേഞ്ച് എന്താണെന്ന് വെറുതെ ഒന്ന് ആലോചിച്ചുനോക്കൂ.

അവസാന ഓവറില്‍ മൊഹ്‌സിന്‍ ഖാനെതിരെ സഞ്ജു പായിച്ച സിക്‌സര്‍ നോക്കുക. ലെഫ്റ്റ് ആം സീമറായ മൊഹ്‌സിന്‍ ഓഫ് സ്റ്റംപിനുപുറത്ത് ഒരു കട്ടര്‍ ആണ് എറിഞ്ഞത്. സഞ്ജു അതിനെ ലോങ്ങ്-ഓഫിലൂടെ ഗാലറിയിലെത്തിച്ചു! ആ കൈക്കരുത്ത് കണ്ട് സകലരും അന്തംവിട്ടു! കമന്റേറ്റര്‍മാര്‍ വാക്കുകള്‍ കിട്ടാതെ ബുദ്ധിമുട്ടി.

പക്ഷേ ഇന്ത്യന്‍ ടീം അടുത്ത മത്സരം കളിക്കാനിറങ്ങുമ്പോള്‍ പ്ലെയിങ്ങ് ഇലവനില്‍ സഞ്ജു ഉണ്ടാകുമെന്ന് യാതൊരു ഉറപ്പും ഇല്ല. സെലക്ടര്‍മാര്‍ അയാളെ പുറത്താക്കാനുള്ള വഴികള്‍ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്! എന്തൊരു നാണംകെട്ട ക്രിക്കറ്റ് സിസ്റ്റം!

രവി ബിഷ്‌ണോയ് ജന്മംകൊണ്ട് രാജസ്ഥാന്‍കാരനാണ്. പക്ഷേ ആ മണ്ണ് അയാള്‍ക്ക് വേദനകള്‍ മാത്രമാണ് സമ്മാനിച്ചിട്ടുള്ളത്.
ഒരു ജൂനിയര്‍ ക്രിക്കറ്റര്‍ എന്ന നിലയില്‍ രാജസ്ഥാന്റെ അണ്ടര്‍ 16 ടീമിലും അണ്ടര്‍ 19 ടീമിലും കളിക്കാനുള്ള ശ്രമങ്ങള്‍ ബിഷ്‌ണോയ് നടത്തിയിരുന്നു. ഓരോ തവണയും അയാള്‍ നിര്‍ദയം തഴയപ്പെട്ടു.

പില്‍ക്കാലത്ത് ബിഷ്‌ണോയി ഇന്ത്യന്‍ ടീമിലെ സ്ഥിരം അംഗമായി. പക്ഷേ രാജസ്ഥാന്റെ രഞ്ജി ടീം അയാളോട് അയിത്തം പാലിച്ചു.

പകരക്കാരന്റെ കുപ്പായമിട്ട് കളി കണ്ട് മടുത്ത ബിഷ്‌ണോയ് ഒടുവില്‍ ഗുജറാത്തിനുവേണ്ടി രഞ്ജി ട്രോഫി കളിക്കുമെന്ന് തീരുമാനമെടുത്തു.
സ്വാഭാവികമായിട്ടും രാജസ്ഥാന്‍ റോയല്‍സിനെതിരെ ഒരു ഡ്രീം പെര്‍ഫോമന്‍സ് ബിഷ്‌ണോയ് സ്വപ്നം കണ്ടിട്ടുണ്ടാവും. പക്ഷേ അയാള്‍ക്ക് അതിന് സാധിച്ചില്ല.

സവായ് മാന്‍സിങ്ങ് സ്റ്റേഡിയം രാജസ്ഥാന്റെ ഉരുക്കുകോട്ടയാണ്. അതിന് കാവല്‍ നില്‍ക്കുന്നത് സഞ്ജു സാംസണാണ്. അതുകൊണ്ടാണ് ബിഷ്‌ണോയ് തോറ്റുപോയത്. അതുകൊണ്ടുമാത്രം!

Content Highlight: IPL 2024: Sandeep Das writes about Sanju Samson

സന്ദീപ് ദാസ്

എഴുത്തുകാരന്‍

We use cookies to give you the best possible experience. Learn more