”ക്രുണാല്‍ പാണ്ഡ്യയുടെ ഇക്കോണമി റേറ്റ് നോക്കൂ. ടി-20 ക്രിക്കറ്റില്‍ ഇത് അത്യപൂര്‍വമാണ്! ഇനി ലഖ്‌നൗവിന് വേണ്ടത് ഒരു വിക്കറ്റാണ്. ക്രുണാല്‍ അത് നല്‍കുമെന്ന് കെ.എല്‍ രാഹുലും സംഘവും വിശ്വസിക്കുന്നുണ്ടാവും…!”
ക്രുണാല്‍ പാണ്ഡ്യ തന്റെ നാലാമത്തെ ഓവര്‍ ചെയ്തുകൊണ്ടിരിക്കുമ്പോള്‍ കമന്റേറ്ററായ മാത്യു ഹെയ്ഡന്‍ ഉച്ചരിച്ച വാക്കുകളാണിത്. ലഖ്‌നൗ-രാജസ്ഥാന്‍ മത്സരത്തില്‍ ക്രുണാല്‍ 20 പന്തുകള്‍ എറിഞ്ഞിരുന്നു. അയാള്‍ ആകെ വഴങ്ങിയത് 17 റണ്‍സ്!
ക്രുണാലിനെതിരെ ഒരു ബൗണ്ടറി പോലും അടിക്കാന്‍ റോയല്‍സിന് കഴിഞ്ഞിരുന്നില്ല. എന്നാല്‍ ക്രുണാല്‍ എറിഞ്ഞ ഇരുപത്തിയൊന്നാമത്തെ പന്തില്‍ കഥ മാറി.
രാജസ്ഥാന്‍ നായകന്‍ സഞ്ജു സാംസണ്‍ ഒരു റിവേഴ്‌സ് ലാപ് കളിച്ചു. ഫോര്‍! സഞ്ജുവിന് സിക്‌സര്‍ നഷ്ടമായത് മില്ലി മീറ്ററുകളുടെ വ്യത്യാസത്തിലായിരുന്നു!
Left-handed Sanju Samson taking us closer to the right side of this result 🔥💗 pic.twitter.com/2FV2VwzIz2
— Rajasthan Royals (@rajasthanroyals) April 27, 2024
ഇതാണ് സഞ്ജുവിന്റെ പ്രത്യേകത. ഏറ്റവും ഫോമിലുള്ള ബൗളര്‍ക്കെതിരെ ഏറ്റവും പ്രയാസകരമായ ഷോട്ട് പായിക്കാന്‍ അയാള്‍ക്ക് അനായാസം സാധിക്കും.
തുടര്‍ന്ന് രവി ബിഷ്‌ണോയ് ആക്രമണത്തിനെത്തിയപ്പോള്‍ കളി പറച്ചിലുകാര്‍ അഭിപ്രായപ്പെട്ടു, ”ഇത് രാഹുലിന്റെ അവസാന ആയുധമാണ്!”
ബിഷ്‌ണോയ്‌യുടെ ഓവറില്‍ 2 ബൗണ്ടറികളും ഒരു സിക്‌സറുമാണ് സഞ്ജു പായിച്ചത്! ഇന്ത്യയുടെ നിലവിലെ നമ്പര്‍ വണ്‍ സ്പിന്നറാണ് ബിഷ്‌ണോയ് എന്ന കാര്യം ഓര്‍ക്കണം!
ലഖ്‌നൗവിന്റെ ഫീല്‍ഡിങ്ങ് കോച്ചായ ജോണ്ടി റോഡ്‌സ് ബൗണ്ടറിയില്‍ നില്‍ക്കുന്നുണ്ടായിരുന്നു. ബിഷ്‌ണോയ്‌ക്കെതിരെയുള്ള സഞ്ജുവിന്റെ സിക്‌സര്‍ ക്യാച്ച് ചെയ്തത് ജോണ്ടിയായിരുന്നു. ദേഷ്യത്തോടെ പന്ത് വലിച്ചെറിയുന്ന ജോണ്ടിയെ അടുത്ത നിമിഷത്തില്‍ കണ്ടു.
ജോണ്ടിയുടെ ടീമായ ലഖ്‌നൗ ചിത്രത്തില്‍ ഇല്ലായിരുന്നു. സഞ്ജു അവരെ ശരിക്കും നശിപ്പിച്ചുകളയുകയായിരുന്നു! സൗമ്യനായ ജോണ്ടി പോലും കുപിതനായത് അതുകൊണ്ടാണ്!
രാജസ്ഥാന്റെ ആക്രമണം തുടങ്ങിവെച്ചത് ധ്രുവ് ജുറെലാണ്. സഞ്ജു ആ സമയത്ത് ഒരു സപ്പോര്‍ട്ടിങ്ങ് റോള്‍ ആണ് വഹിച്ചിരുന്നത്.
പക്ഷേ ജുറെലിനേക്കാള്‍ വേഗതയില്‍ സഞ്ജു അര്‍ധസെഞ്ച്വറി പൂര്‍ത്തിയാക്കി! 33 പന്തില്‍ 71 റണ്‍സ് അടിച്ചുകൂട്ടി മത്സരം ഫിനിഷ് ചെയ്തു അതാണ് സഞ്ജു ഇഫക്റ്റ്.
Do bhai, dono tabahi. 🔥🔥 pic.twitter.com/tXl9hQNFy7
— Rajasthan Royals (@rajasthanroyals) April 27, 2024
ദല്‍ഹിയിലെയും ബെംഗളൂരുവിലെയും ബൗണ്ടറികള്‍ ഒരു ബാറ്റര്‍ക്ക് എളുപ്പത്തില്‍ ക്ലിയര്‍ ചെയ്യാനായേക്കും. എന്നാല്‍ ലഖ്‌നൗവിലെ എകാനാ ക്രിക്കറ്റ് സ്റ്റേഡിയത്തിന് നല്ല വലിപ്പമുണ്ട്. അവിടെ സഞ്ജു ബിഗ് ഹിറ്റുകള്‍ പായിച്ചു! ഗ്യാപ്പുകളിലൂടെ ഗ്രൗണ്ട് ഷോട്ടുകള്‍ തൊടുത്തുവിട്ടു! അയാളുടെ മികവ് തെളിയിക്കാന്‍ വേറെന്താണ് വേണ്ടത്?
Our Captain. 💗 pic.twitter.com/Y1CqwSfnij
— Rajasthan Royals (@rajasthanroyals) April 27, 2024
കളി അവസാനിച്ചപ്പോള്‍ സഞ്ജു ആവേശത്താല്‍ അലറിവിളിച്ചിരുന്നു! അത്തരം പ്രതികരണങ്ങള്‍ സഞ്ജുവില്‍ നിന്ന് സാധാരണ കാണാറില്ല.
തന്റെ വിമര്‍ശകരോടുള്ള അരിശം സഞ്ജു തീര്‍ത്തതാകാം. ഒരു ഡ്രീം ഐ.പി.എല്‍ സീസണിലൂടെയാണ് അയാള്‍ കടന്നുപോവുന്നത്. പക്ഷേ ടി-20 ലോകകപ്പിനുള്ള ടീമില്‍ സഞ്ജു ഉണ്ടാവുകയില്ല എന്ന് പല മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. അവര്‍ക്ക് ഉചിതമായ മറുപടി തന്നെ സഞ്ജു നല്‍കി!
Best Sanju Samson celebration ever. 💗🔥 pic.twitter.com/AfHH2PI68u
— Rajasthan Royals (@rajasthanroyals) April 27, 2024
കെവിന്‍ പീറ്റേഴ്‌സന്‍ പറഞ്ഞു-
”ഞാന്‍ ഇന്ത്യയുടെ സെലക്ടര്‍ ആണെങ്കില്‍ ഞാന്‍ ആദ്യം നടത്തുന്ന സെലക്ഷന്‍ സാംസണിന്റേതായിരിക്കും…!”അപ്പോള്‍ മാത്യു ഹെയ്ഡന്‍ അഭിപ്രായപ്പെട്ടു-
”അങ്ങനെയൊക്കെ പറയുമ്പോള്‍ ശ്രദ്ധിക്കണം. കെ.എല്‍ രാഹുല്‍, റിഷബ് പന്ത് തുടങ്ങിയവരെല്ലാം മറുവശത്തുണ്ട്…!”പീറ്റേഴ്‌സന്‍ സ്വന്തം നിലപാട് മാറ്റിയില്ല. അയാള്‍ ആവര്‍ത്തിച്ചു-
”മറ്റുള്ളവരെപ്പറ്റി ഞാന്‍ ആലോചിക്കുന്നില്ല. എനിക്ക് സഞ്ജുവിനെ വേണം. അയാളാണ് സിക്‌സ് ഹിറ്റര്‍. സഞ്ജുവാണ് ക്ലീന്‍ ഹിറ്റര്‍’
സഞ്ജു സെലക്ടര്‍മാരോട് നിശബ്ദനായി പ്രഖ്യാപിക്കുകയാണ്-
”നിങ്ങള്‍ കഴുകന്‍മാരെപ്പോലെ ഉയര്‍ന്ന് പറന്നാലും, നക്ഷത്രങ്ങള്‍ക്കിടയില്‍ കൂട് കൂട്ടിയാലും നിങ്ങളെ ഞാന്‍ താഴെയിറക്കും. എനിക്ക് അര്‍ഹതപ്പെട്ട സെലക്ഷന്‍ ഞാന്‍ നേടിയിരിക്കും. മുട്ടുവിന്‍ തുറക്കപ്പെടും എന്ന തത്വം പാലിക്കപ്പെട്ടില്ലെങ്കില്‍ ഇന്ത്യന്‍ ടീമിന്റെ വാതില്‍ ചവിട്ടിപ്പൊളിച്ചും ഞാന്‍ അകത്ത് കയറും,”
Content highlight: IPL 2024: Sandeep Das writes about Sanju Samson