റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരായ മത്സരത്തില്‍ ഫൈഫര്‍ നേടിയാണ് മുംബൈ ഇന്ത്യന്‍സ് സൂപ്പര്‍ താരം ജസ്പ്രീത് ബുംറ ചരിത്രം കുറിച്ചത്. താരത്തിന്റെ ഐ.പി.എല്‍ കരിയറിലെ രണ്ടാമത് ഫൈഫര്‍ നേട്ടമാണിത്. ഇതിന് പുറമെ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെ ഫൈഫര്‍ നേടുന്ന ആദ്യ താരം എന്ന നേട്ടവും ബുംറ സ്വന്തമാക്കി.
മത്സരത്തില്‍ വിരാട് കോഹ്‌ലിയെ പുറത്താക്കിക്കൊണ്ടാണ് ബുംറ വിക്കറ്റ് വേട്ടക്ക് തുടക്കമിട്ടത്. മുന്‍ ബെംഗളൂരു നായകനെ വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷന്റെ കൈകളിലെത്തിച്ചാണ് ബുംറ പുറത്താക്കിയത്.
പിന്നാലെ നിലവിലെ നായകന്‍ ഫാഫ് ഡു പ്ലെസി, മഹിപാല്‍ ലോംറോര്‍, സൗരവ് ചൗഹാന്‍, വൈശാഖ് വിജയ്കുമാര്‍ എന്നിവരെയാണ് ബുംറ മടക്കിയത്.
ഇതിന് പിന്നാലെ ഒരു തകര്‍പ്പന്‍ നേട്ടമാണ് ബുംറയെ തേടിയെത്തിയത്. ടി-20 ക്രിക്കറ്റിന്റെ തന്നെ ചരിത്രം തിരുത്തിക്കുറിച്ചാണ് ബുംറ റെക്കോഡിട്ടത്.
എതിര്‍ ടീമിലെ മൂന്ന് താരങ്ങള്‍ അര്‍ധ സെഞ്ച്വറി നേടിയ മത്സരത്തില്‍ ഫൈഫര്‍ നേടുന്ന ആദ്യ താരം എന്ന നേട്ടമാണ് ബുംറ നേടിയത്. ടി-20 ക്രിക്കറ്റിലെ 13,743 മത്സരത്തില്‍ ഇതാദ്യമായാണ് ഇത്തരമൊരു സ്‌പെഷ്യല്‍ ഫൈഫര്‍ പിറക്കുന്നത്.
നേരത്തെ, ക്യാപ്റ്റന്‍ ഫാഫ് ഡു പ്ലെസി, രജത് പാടിദാര്‍, ദിനേഷ് കാര്‍ത്തിക് എന്നിവരുടെ അര്‍ധ സെഞ്ച്വറി കരുത്തില്‍ ആര്‍.സി.ബി 196 റണ്‍സെടുത്തിരുന്നു.
ഫാഫ് 40 പന്തില്‍ 61 റണ്‍സും പാടിദാര്‍ 26 പന്തില്‍ 50 റണ്‍സും നേടിയപ്പോള്‍ 23 പന്തില്‍ പുറത്താകാതെ 53 റണ്‍സാണ് ദിനേഷ് കാര്‍ത്തിക് അടിച്ചെടുത്തത്. അഞ്ച് ഫോറും നാല് സിക്‌സറും അടക്കം 230.43 എന്ന തകര്‍പ്പന്‍ സ്‌ട്രൈക്ക് റേറ്റിലാണ് താരം സ്‌കോര്‍ ഉയര്‍ത്തിയത്.
അതേസമയം, 197 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ മുംബൈ 12 ഓവര്‍ പിന്നിടുമ്പോള്‍ 151ന് രണ്ട് എന്ന നിലയിലാണ്. 12 പന്തില്‍ 34 റണ്‍സുമായി സൂര്യകുമാര്‍ യാദവും രണ്ട് പന്തില്‍ ഏഴ് റണ്‍സുമായി ഹര്‍ദിക് പാണ്ഡ്യയുമാണ് ക്രീസില്‍.
മുംബൈ ഇന്ത്യന്‍സ് പ്ലെയിങ് ഇലവന്‍
രോഹിത് ശര്‍മ, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), തിലക് വര്‍മ, ഹര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), ടിം ഡേവിഡ്, മുഹമ്മദ് നബി, റൊമാരിയോ ഷെപ്പേര്‍ഡ്, ശ്രേയസ് ഗോപാല്‍, ജസ്പ്രീത് ബുംറ, ജെറാള്‍ഡ് കോട്‌സി, ആകാശ് മധ്വാള്‍.
റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു പ്ലെയിങ് ഇലവന്‍
വിരാട് കോഹ്‌ലി, ഫാഫ് ഡു പ്ലെസി (ക്യാപ്റ്റന്‍), വില്‍ ജാക്‌സ്, രജത് പാടിദാര്‍, ഗ്ലെന്‍ മാക്‌സ്‌വെല്‍, ദിനേഷ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍), മഹിപാല്‍ ലോംറോര്‍, റീസ് ടോപ്‌ലി, വൈശാഖ് വിജയ് കുമാര്‍, മുഹമ്മദ് സിറാജ്, ആകാശ് ദീപ്.
Content highlight: IPL 2024: RXB vs MI: Jasprit Bumrah created T20 history