| Thursday, 2nd May 2024, 9:58 pm

ലോകകപ്പ് സ്‌ക്വാഡ് പ്രഖ്യാപിച്ചതിന് പിന്നാലെ ഇതുവരെയില്ലാത്ത മോശം പ്രകടനം; ചരിത്ര മത്സരത്തില്‍ ഇരട്ട നാണക്കേട്

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ 2024ലെ 50ാം മത്സരം ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്നുകൊണ്ടിരിക്കുകയാണ്. ടേബിള്‍ ടോപ്പേഴ്‌സായ രാജസ്ഥാന്‍ റോയല്‍സാണ് മത്സരത്തില്‍ ഹോം ടീമായ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ എതിരാളികള്‍.

നേരത്തെ ടോസ് നേടിയ സണ്‍റൈസേഴ്‌സ് നായകന്‍ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.

ഓപ്പണര്‍ ട്രാവിസ് ഹെഡിന്റെയും നാലാം നമ്പറില്‍ കളത്തിലിറങ്ങിയ നിതീഷ് കുമാര്‍ റെഡ്ഡിയുടെയും അര്‍ധ സെഞ്ച്വറിയുടെ കരുത്തില്‍ നിശ്ചിത ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സാണ് ഹോം ടീം സ്വന്തമാക്കിയത്.

ഹെഡ് 44 പന്തില്‍ 58 റണ്‍സ് നേടിയപ്പോള്‍ 42 പന്തില്‍ പുറത്താകാതെ 76 റണ്‍സാണ് നിതീഷ് കുമാര്‍ റെഡ്ഡി സ്വന്തമാക്കിയത്. എട്ട് സിക്‌സറും മൂന്ന് ബൗണ്ടറിയും അടക്കം 180.95 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റിലാണ് താരം സ്‌കോര്‍ ചെയ്തത്. റെഡ്ഡിയുടെ ഏറ്റവുമുയര്‍ന്ന ടി-20 സ്‌കോറാണിത്.

19 പന്തില്‍ 42 റണ്‍സ് നേടിയ ഹെന്റിക് ക്ലാസന്റെ ഇന്നിങ്‌സും ടീമിന് തുണയായി.

രാജസ്ഥാന്‍ നിരയില്‍ യൂസ്വേന്ദ്ര ചഹലാണ് എറ്റവും മോശം രീതിയില്‍ പന്തെറിഞ്ഞത്. മറ്റെല്ലാ ബൗളര്‍മാരും പത്തിന് താഴെ എക്കോണമിയില്‍ പന്തെറിഞ്ഞപ്പോള്‍ നാല് ഓവറില്‍ 15.50 എക്കോണമിയില്‍ 62 റണ്‍സാണ് ചഹല്‍ വിട്ടുകൊടുത്തത്. വിക്കറ്റൊന്നും നേടിയതുമില്ല. താരത്തിന്റെ കരിയറിലെ ഏറ്റവും മോശം പ്രകടനമാണിത്.

ഈ മോശം പ്രകടനം പിറവിയെടുത്ത സാഹചര്യവും പ്രധാനമാണ്. ടി-20 ലോകകപ്പ് സ്‌ക്വാഡിന്റെ ഭാഗമായതിന് ശേഷം നടന്ന ആദ്യ മത്സരത്തിലാണ് ചഹല്‍ ഇത്തരത്തില്‍ പന്തെറിഞ്ഞത്.

ഇതിന് മുമ്പ് ഐ.പി.എല്ലില്‍ 154 മത്സരത്തില്‍ പന്തെറിഞ്ഞ ചഹല്‍ ഒരിക്കല്‍ പോലും 60+ റണ്‍സ് വഴങ്ങിയിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ഐ.പി.എല്‍ കരിയറിലെ ഏറ്റവും മോശം ബൗളിങ് പ്രകടനമാണ് വേള്‍ഡ് കപ്പ് കോള്‍ അപ്പിന് പിന്നാലെ താരം പുറത്തെടുത്തിരിക്കുന്നത്.

കരിയറിലെ 300ാം ടി-20 മത്സരമെന്ന കരിയര്‍ മൈല്‍സ്‌റ്റോണ്‍ മാച്ചില്‍ മറ്റൊരു മോശം റെക്കോഡും ചഹലും നേടിയിരുന്നു. രാജസ്ഥാന്‍ റോയല്‍സിനായി പന്തെറിഞ്ഞവരില്‍ ഒരു മത്സരത്തില്‍ ഏറ്റവുമധികം റണ്‍സ് വഴങ്ങിയ താരമെന്ന മോശം നേട്ടമാണ് ചഹല്‍ സ്വന്തമാക്കിയത്.

ഒരു ഐ.പി.എല്‍ മത്സരത്തില്‍ ഏറ്റവുമധികം റണ്‍സ് വഴങ്ങിയ രാജസ്ഥാന്‍ താരം

(താരം – എതിരാളികള്‍ – ബൗളിങ് ഫിഗര്‍ – വര്‍ഷം എന്നീ ക്രമത്തില്‍)

യൂസ്വേന്ദ്ര ചഹല്‍ – സണ്‍റൈസേഴ്‌സ് ഹൈദരാബാദ് – 62/0 – 2024*

അങ്കിത് രാജ്പൂത് – മുംബൈ ഇന്ത്യന്‍സ് – 60/0 – 2020

സിദ്ധാര്‍ത്ഥ് ത്രിവേദി – കിങ്‌സ് ഇലവന്‍ പഞ്ചാബ് – 59/0 – 2011

അതേസമയം, മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന് തുടക്കത്തിലേ പിഴച്ചിരിക്കുകയാണ്. ആദ്യ ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടപ്പെട്ടാണ് രാജസ്ഥാന്‍ പതറിയത്. ഗോള്‍ഡന്‍ ഡക്കായി ജോസ് ബട്‌ലറും ബ്രോണ്‍സ് ഡക്കായി ക്യാപ്റ്റന്‍ സഞ്ജു സാംസണുമാണ് പുറത്തായത്. ഭുവനേശ്വര്‍ കുമാറാണ് ഇരുവരെയും മടക്കിയത്.

നിലവില്‍, നാല് ഓവര്‍ പിന്നിടുമ്പോള്‍ 35 റണ്‍സിന് രണ്ട് വിക്കറ്റ് എന്ന നിലയിലാണ് രാജസ്ഥാന്‍. 12 പന്തില്‍ 18 റണ്‍സുമായി യശസ്വി ജെയ്‌സ്വാളും ഒമ്പത് പന്തില്‍ 15 റണ്‍സുമായി റിയാന്‍ പരാഗുമാണ് ക്രീസില്‍.

സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പ്ലെയിങ് ഇലവന്‍

അഭിഷേക് ശര്‍മ, ട്രാവിസ് ഹെഡ്, അമോല്‍പ്രീത് സിങ്, നിതീഷ് കുമാര്‍ റെഡ്ഡി, ഹെന്റിക് ക്ലാസന്‍ (വിക്കറ്റ് കീപ്പര്‍), അബ്ദുള്‍ സമദ്, ഷഹബാസ് അഹമ്മദ്, മാര്‍കോ യാന്‍സെന്‍, പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), ഭുവനേശ്വര്‍ കുമാര്‍, ടി. നടരാജന്‍

രാജസ്ഥാന് റോയല്‍സ് പ്ലെയിങ് ഇലവന്‍

യശസ്വി ജെയ്‌സ്വാള്‍, സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), റിയാന്‍ പരാഗ്, ധ്രുവ് ജുറെല്‍, റോവ്മന്‍ പവല്‍, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, ആര്‍. അശ്വിന്‍, ട്രെന്റ് ബോള്‍ട്ട്, ആവേശ് ഖാന്‍, സന്ദീപ് ശര്‍മ, യൂസ്വേന്ദ്ര ചഹല്‍.

Content Highlight: IPL 2024: RR vs SRH: Yuzvendra Chahal’s poor performance in IPL

Latest Stories

We use cookies to give you the best possible experience. Learn more