ഐ.പി.എല്‍ 2024ലെ രണ്ടാം ക്വാളിഫയര്‍ മത്സരത്തിന്റെ ആവേശത്തിലാണ് ക്രിക്കറ്റ് ലോകം. ചെന്നൈ ചിദംബരം സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദ് രാജസ്ഥാന്‍ റോയല്‍സിനെ നേരിടുകയാണ്.
ആദ്യ ക്വാളിഫയറില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനോട് പടുകൂറ്റന്‍ തോല്‍വി വഴങ്ങിയാണ് സണ്‍റൈസേഴ്സ് രണ്ടാം ക്വാളിഫയറിനെത്തുന്നത്. അതേസമയം, എലിമിനേറ്ററില്‍ വിരാട് കോഹ്ലിയെയും സംഘത്തെയും പരാജയപ്പെടുത്തിയാണ് സഞ്ജുസ്ഥാന്‍ ഒരടി കൂടി മുമ്പോട്ട് വെച്ചത്.
ഈ മത്സരത്തില്‍ വിജയിക്കുന്ന ടീം കലാശപ്പോരാട്ടത്തിന് യോഗ്യത നേടും. ശ്രേയസ് അയ്യരുടെ കൊല്‍ക്കത്തയെയാണ് ഫൈനലില്‍ ഹൈദരാബാദ് – രാജസ്ഥാന്‍ മത്സരത്തിലെ വിജയികള്‍ക്ക് നേരിടാനുണ്ടാവുക.
രണ്ടാം ക്വാളിഫയറില്‍ ടോസ് വിജയിച്ച രാജസ്ഥാന്‍ നായകന്‍ സഞ്ജു സാംസണ്‍ ഫീല്‍ഡിങ് തെരഞ്ഞെടുത്തു.
സണ്‍റൈസേഴ്‌സിനായി ട്രവിഷേക് സഖ്യം തന്നെയാണ് ഓപ്പണിങ്ങിനിറങ്ങിയത്. കഴിഞ്ഞ രണ്ട് മത്സരത്തിലും പൂജ്യത്തിന് പുറത്തായ ട്രാവിസ് ഹെഡ് ട്രെന്റ് ബോള്‍ട്ടെറിഞ്ഞ ആദ്യ ഓവറിലെ ആദ്യ പന്തില്‍ സിംഗിള്‍ നേടി.
രണ്ടാം പന്തില്‍ റണ്‍സൊന്നും പിറന്നില്ല. ബോള്‍ട്ടിന്റെ മൂന്നാം പന്തില്‍ അഭിഷേക് ശര്‍മ സിക്‌സര്‍ നേടി. തൊട്ടടുത്ത പന്തില്‍ ബൗണ്ടറിയും. ഓവറിലെ അഞ്ചാം പന്തില്‍ രണ്ട് റണ്‍സ് ഓടിയെടുത്ത അഭിഷേക് ശര്‍മ ഓവറിലെ അവസാന പന്തിലും സ്‌ട്രൈക്ക് നിലനിര്‍ത്തി.
ഓവറിലെ അവസാന പന്തിലും തകര്‍ത്തടിക്കാമെന്ന് പ്രതീക്ഷിച്ച അഭിഷേകിന് തെറ്റി. പ്രതീക്ഷിച്ചതിലധികം ബൗണ്‍സുണ്ടായിരുന്ന പന്തില്‍ ഷോട്ട് കളിച്ച സണ്‍റൈസേഴ്‌സ് ഓപ്പണര്‍ക്ക് പിഴച്ചു. മിസ് ഹിറ്റായ പന്ത് ടോം കോലര്‍ കാഡ്‌മോറിന്റെ കൈകളിലൊതുങ്ങി.
ഐ.പി.എല്‍ ചരിത്രത്തില്‍ ഇത് 29ാം തവണയാണ് ബോള്‍ട്ട് ആദ്യ ഓവറില്‍ വിക്കറ്റ് വീഴ്ത്തുന്നത്. 27 വിക്കറ്റുമായി ഭുവനേശ്വര്‍ കുമാറാണ് രണ്ടാമത്.
അതേസമയം, നിലിവില്‍ നാല് ഓവര്‍ പിന്നിടുമ്പോള്‍ 45ന് ഒന്ന് എന്ന നിലയിലാണ് സണ്‍റൈസേഴ്‌സ്. 12 പന്തില്‍ 27 റമ്#സുമായി രാഹുല്‍ ത്രിപാഠിയും ഏഴ് പന്തില്‍ ആറ് റണ്‍സുമായി ട്രാവിസ് ഹെഡുമാണ് ക്രീസില്‍.
രാജസ്ഥാന്‍ റോയല്‍സ് പ്ലെയിങ് ഇലവന്‍
യശസ്വി ജെയ്സ്വാള്‍, ടോം കോലര്‍ കാഡ്മോര്‍, സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), റിയാന്‍ പരാഗ്, ധ്രുവ് ജുറെല്‍, റോവ്മന്‍ പവല്‍, ആര്‍. അശ്വിന്‍, ട്രെന്റ് ബോള്‍ട്ട്, സന്ദീപ് ശര്‍മ, ആവേശ് ഖാന്‍, യൂസ്വേന്ദ്ര ചഹല്‍.
സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പ്ലെയിങ് ഇലവന്‍
സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പ്ലെയിങ് ഇലവന്‍
ട്രാവിസ് ഹെഡ്, അഭിഷേക് ശര്‍മ, ഏയ്ഡന്‍ മര്‍ക്രം, രാഹുല്‍ ത്രിപാഠി, നിതീഷ് കുമാര്‍ റെഡ്ഡി, ഹന്റിക് ക്ലാസന്‍ (വിക്കറ്റ് കീപ്പര്‍), അബ്ദുള്‍ സമദ്, പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), ഭുവനേശ്വര്‍ കുമാര്‍, ടി. നടരാജന്‍, ജയ്‌ദേവ് ഉനദ്കട്.
Content Highlight: IPL 2024: RR vs SRH: Trent Boult dismissed Abhishek Sharma