രാജസ്ഥാന് റോയല്‍സ് സീസണിലെ പത്താം മത്സരത്തിനിറങ്ങുകയാണ്. ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദാണ് എതിരാളികള്‍.
മത്സരത്തില്‍ രാജസ്ഥാന്‍ നിരയില്‍ ആരാധകര്‍ ഏറെ പ്രതീക്ഷയര്‍പ്പിക്കുന്ന താരമാണ് സ്റ്റാര്‍ സ്പിന്നര്‍ യൂസ്വേന്ദ്ര ചഹല്‍. കരിയറിലെ 300ാം ടി-20 മത്സരത്തിനാണ് താരം രാജസ്ഥാനൊപ്പം കളത്തിലിറങ്ങുന്നത്.
നേരത്തെ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ താരമായിരുന്നു ചഹല്‍. 2014 മുതല്‍ 2021 വരെ താരം ചിന്നസ്വാമിയില്‍ പ്ലേ ബോള്‍ഡ് ആര്‍മിക്കായി പന്തെറിഞ്ഞിരുന്നു. എന്നാല്‍ 2022ലെ മെഗാ താരലേലത്തിന് മുന്നോടിയായി ടീം ചഹലിനെ വിട്ടുകളയുകയും രാജസ്ഥാന്‍ റോയല്‍സ് താരത്തെ സ്വന്തമാക്കുകയുമായിരുന്നു.
ഇപ്പോള്‍ റോയല്‍ ചലഞ്ചേഴ്‌സ് ചഹലിനെ വിട്ടുകളഞ്ഞതിനെ കുറിച്ച് സംസാരിക്കുകയാണ് രാജസ്ഥാന്‍ ലെജന്‍ഡ് ഷെയ്ന്‍ വാട്‌സണ്‍. ക്രിക്കറ്റിനെ കുറിച്ച് ഒന്നും അറിയാത്തവരാണ് ചഹലിനെ വിട്ടുകളഞ്ഞത് എന്നാണ് താരം പറഞ്ഞത്. രാജസ്ഥാന്‍ – ഹൈദരാബാദ് മത്സരത്തിന് മുന്നോടിയായി നടന്ന ചര്‍ച്ചയിലായിരുന്നു വാട്‌സണിന്റെ അഭിപ്രായം.
‘ക്രിക്കറ്റിനെ കുറിച്ച് ഒന്നും അറിയാത്തവരാണ് ചഹലിനെ വിട്ടുകളഞ്ഞത്. ചഹല്‍ ലോകത്തിലെ തന്നെ ഏറ്റവും മികച്ച ബൗളറാണ്. വിക്കറ്റെടുക്കുന്നതിലും മിഡില്‍ ഓവറില്‍ റണ്‍ വഴങ്ങാതെ പന്തെറിയാനും ചഹലിന് പ്രത്യേക മിടുക്കുണ്ട്. ഡെത്ത് ഓവറിലും അവന്‍ മികച്ച രീതിയില്‍ പന്തെറിയുന്നു. രാജസ്ഥാന് വേണ്ടിയും നമ്മളത് കണ്ടിട്ടുണ്ട്.
കരിയറില്‍ തന്നെ അവന്‍ അധികം റണ്‍സ് വഴങ്ങിയിട്ടില്ല. ഇത് അവന്റെ 300ാം മത്സരമാണ്. എക്കോണമി റേറ്റാകട്ടെ വെറും 7.7ഉം. ഇതില്‍ ഏറെ മത്സരവും അവന്‍ കളിച്ചത് ചിന്നസ്വാമി സ്‌റ്റേഡിയത്തിലാണ്. ഇതാണ് എന്നെ അമ്പരപ്പിക്കുന്നത്. അവന്‍ ഒരു യഥാര്‍ത്ഥ ചാമ്പ്യനാണ്,’ വാട്‌സണ്‍ പറഞ്ഞു.
അതേസമയം, രാജസ്ഥാനെതിരെ ടോസ് നേടിയ സണ്‍റൈസേഴ്‌സ് നായകന്‍ ബാറ്റിങ് തെരഞ്ഞെടുത്തു. നിലവില്‍ ഒമ്പത് മത്സരത്തില്‍ നിന്നും പത്ത് പോയിന്റുമായി അഞ്ചാം സ്ഥാനത്തുള്ള സണ്‍റൈസേഴ്‌സിന് രാജസ്ഥാനെതിരെ വിജയിച്ചാല്‍ ടോപ് ഫോറിലെത്താം.
നിലവില്‍ ഒമ്പത് മത്സരത്തില്‍ നിന്നും എട്ട് വിജയത്തോടെ 16 പോയിന്റുമായി ഒന്നാം സ്ഥാനത്താണ് രാജസ്ഥാന്‍.
സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പ്ലെയിങ് ഇലവന്‍
അഭിഷേക് ശര്‍മ, ട്രാവിസ് ഹെഡ്, അമോല്‍പ്രീത് സിങ്, നിതീഷ് കുമാര്‍ റെഡ്ഡി, ഹെന്റിക് ക്ലാസന്‍ (വിക്കറ്റ് കീപ്പര്‍), അബ്ദുള്‍ സമദ്, ഷഹബാസ് അഹമ്മദ്, മാര്‍കോ യാന്‍സെന്‍, പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), ഭുവനേശ്വര്‍ കുമാര്‍, ടി. നടരാജന്‍.
രാജസ്ഥാന് റോയല്‍സ് പ്ലെയിങ് ഇലവന്‍
യശസ്വി ജെയ്‌സ്വാള്‍, സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), റിയാന്‍ പരാഗ്, ധ്രുവ് ജുറെല്‍, റോവ്മന്‍ പവല്‍, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, ആര്‍. അശ്വിന്‍, ട്രെന്റ് ബോള്‍ട്ട്, ആവേശ് ഖാന്‍, സന്ദീപ് ശര്‍മ, യൂസ്വേന്ദ്ര ചഹല്‍.
Content Highlight: IPL 2024: RR vs SRH: Shane Watson slams Royal Challengers Bengaluru for releasing Yuzvendra Chahal