ഐ.പി.എല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തില്‍ 66 റണ്‍സ് നേടിയാണ് സഞ്ജു സാംസണ്‍ പുറത്തായത്. സണ്‍റൈസേഴ്‌സിന്റെ ഹോം ഗ്രൗണ്ടായ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ഓറഞ്ച് ആര്‍മി ഉയര്‍ത്തിയ 287 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടരവെ നിര്‍ണായക ഘട്ടത്തിലാണ് സഞ്ജുവിന്റെ വിക്കറ്റ് ടീമിന് നഷ്ടമായത്.
യശസ്വി ജെയ്‌സ്വാളും ക്യാപ്റ്റന്‍ റിയാന്‍ പരാഗും മെഗാ ലേലത്തില്‍ ടീമിലെത്തിച്ച നിതീഷ് റാണയും നിരാശപ്പെടുത്തിയപ്പോള്‍ ധ്രുവ് ജുറെലിനൊപ്പം മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്തവെയാണ് സഞ്ജു മടങ്ങിയത്.
ഹര്‍ഷല്‍ പട്ടേലിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ഹെന്‌റിക് ക്ലാസന് ക്യാച്ച് നല്‍കിയായിരുന്നു സഞ്ജുവിന്റെ മടക്കം.
പരിക്കില്‍ നിന്നും പൂര്‍ണ ആരോഗ്യവാനായി മടങ്ങിയെത്താത്തതിനാല്‍ ഇംപാക്ട് പ്ലെയറായാണ് സഞ്ജു കളത്തിലിറങ്ങിയത്. കളിക്കളത്തില്‍ തന്റെ ഇംപാക്ട് വ്യക്തമാക്കി 175.00+ സ്‌ട്രൈക്ക് റേറ്റിലാണ് താരം ബാറ്റ് വീശിയത്. ഏഴ് ഫോറും നാല് സിക്‌സറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.
സണ്‍റൈസേഴ്‌സിനെതിരെ 66 റണ്‍സ് നേടിയതിന് പിന്നാലെ ഒരു തകര്‍പ്പന്‍ നേട്ടവും സഞ്ജുവിന്റെ പേരില്‍ കുറിക്കപ്പെട്ടു. രാജസ്ഥാന്‍ റോയല്‍സിനായി ഐ.പി.എല്ലില്‍ 4,000 റണ്‍സ് പൂര്‍ത്തിയാക്കുന്ന ആദ്യ താരമെന്ന നേട്ടമാണ് സഞ്ജു സ്വന്തമാക്കിയത്.
സണ്‍റൈസേഴ്‌സിനെതിരായ മത്സരത്തില്‍ 66 റണ്‍സ് നേടിയാല്‍ സഞ്ജുവിന് ഈ നേട്ടം സ്വന്തമാക്കാം എന്നിരിക്കെ 66 റണ്‍സുമായാണ് താരം കളം വിട്ടത്.
(താരം – ഇന്നിങ്സ് – റണ്‍സ് എന്നീ ക്രമത്തില്‍)
സഞ്ജു സാംസണ്‍ – 142 – 4,000
അജിന്‍ക്യ രഹാനെ – 99 – 3,098
ജോസ് ബട്‌ലര്‍ – 82 – 3,055
ഷെയ്ന്‍ വാട്സണ്‍ – 81 – 2,474
യശസ്വി ജെയ്സ്വാള്‍ – 53 – 1,608
രാഹുല്‍ ദ്രാവിഡ് – 51 – 1,324
റിയാന്‍ പരാഗ് – 59 – 1,177
ഐ.പി.എല്ലിലെ സണ്‍റൈസേഴ്സിനെതിരെ ഏറ്റവുമധികം റണ്‍സ് നേടിയ താരങ്ങളുടെ പട്ടികയിലും സഞ്ജു തന്നെയാണ് ഒന്നാമതുള്ളത്. ഓറഞ്ച് ആര്‍മിക്കെതിരെ കളത്തിലിറങ്ങിയ 24 ഇന്നിങ്സില്‍ നിന്നും 867 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം.
(താരം – ഇന്നിങ്സ് – റണ്‍സ് – ബാറ്റിങ് ശരാശരി – 100 െ്യു 50 െഎന്നീ ക്രമത്തില്‍)
സഞ്ജു സാംസണ്‍ – 24 – 867 – 45.63 – 1|5
വിരാട് കോഹ്‌ലി – 23 – 762 – 36.28 – 1|5
ഫാഫ് ഡു പ്ലെസി – 18 – 571 – 35.68 – 0|5
ഷെയ്ന്‍ വാട്‌സണ്‍ – 18 – 566 – 35.37 – 1|3
അംബാട്ടി റായിഡു – 18 – 549 – 42.23 – 1|3
അതേസമയം, ഏപ്രില്‍ അഞ്ചിന് പഞ്ചാബ് കിങ്സിനെതിരെ നടക്കുന്ന മത്സരത്തില്‍ സഞ്ജു ക്യാപ്റ്റനായി മടങ്ങിയെത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പഞ്ചാബിന്റെ ഹോം സ്റ്റേഡിയമായ മുല്ലാന്‍പൂരിലെ മഹാരാജ യാദവീന്ദ്ര സിങ് അന്താരാഷ്ട്ര സ്റ്റേഡിയമാണ് വേദി.
Content Highlight: IPL 2024: RR vs SRH: Sanju Samson becomes the 1st batter to complete 4,000 runs for Rajasthan Royals