ക്രിക്കറ്റിലെ ആ നിയമം തിരുത്തിയെഴുതുക തന്നെ വേണം; രാജസ്ഥാന്റെ തോല്‍വിക്ക് പിന്നാലെ ക്രിക്കറ്റ് ആരാധകര്‍
IPL
ക്രിക്കറ്റിലെ ആ നിയമം തിരുത്തിയെഴുതുക തന്നെ വേണം; രാജസ്ഥാന്റെ തോല്‍വിക്ക് പിന്നാലെ ക്രിക്കറ്റ് ആരാധകര്‍
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 3rd May 2024, 6:43 pm

ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് രാജസ്ഥാന്‍ റോയല്‍സിനെ പരാജയപ്പെടുത്തിയിരുന്നു. സ്വന്തം തട്ടകമായ ഉപ്പലിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒരു റണ്ണിനായിരുന്നു രാജസ്ഥാന്റെ പരാജയം.

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത സണ്‍റൈസേഴ്‌സ് നിശ്ചിത ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സ് നേടി. ഓപ്പണര്‍ ട്രാവിസ് ഹെഡിന്റെയും യുവതാരം നിതീഷ് കുമാര്‍ റെഡ്ഡിയുടെയും കരുത്തിലാണ് ടീം സ്‌കോര്‍ ഉയര്‍ത്തിയത്.

ഓസീസ് സൂപ്പര്‍ താരം 44 പന്തില്‍ 58 റണ്‍സ് നേടിയപ്പോള്‍ 42 പന്തില്‍ പുറത്താകാതെ 76 റണ്‍സാണ് റെഡ്ഡി നേടിയത്. 19 പന്തില്‍ പുറത്താകാതെ 42 റണ്‍സ് നേടിയ ക്ലാസന്റെ ഇന്നിങ്സും ടോട്ടലില്‍ നിര്‍ണായകമായി.

202 റണ്‍സ് ലക്ഷ്യമിട്ടിറങ്ങിയ രാജസ്ഥാന്‍ റിയാന്‍ പരാഗിന്റെയും യശസ്വി ജെയ്സ്വാളിന്റെയും കരുത്തില്‍ പൊരുതിയെങ്കിലും ഒരു റണ്‍സകലെ കാലിടറി വീഴുകയായിരുന്നു. പരാഗ് 49 പന്തില്‍ 77 റണ്‍സ് നേടിയപ്പോള്‍ 40 പന്തില്‍ 67 റണ്‍സാണ് ജെയ്സ്വാള്‍ നേടിയത്.

15 പന്തില്‍ 27 റണ്‍സ് നേടിയ വിന്‍ഡീസ് ഹാര്‍ഡ് ഹിറ്റര്‍ റോവ്മന്‍ പവലാണ് മറ്റൊരു മികച്ച റണ്‍ ഗെറ്റര്‍.

അവസാന പന്തില്‍ വിജയിക്കാന്‍ രണ്ട് റണ്‍സ് വേണമെന്നിരിക്കെ ഭുവനേശ്വര്‍ കുമാര്‍ പവലിനെ വിക്കറ്റിന് മുമ്പില്‍ കുടുക്കി പുറത്താക്കുകയായിരുന്നു.

ഈ പുറത്താകലിന് പിന്നാലെ ക്രിക്കറ്റിലെ ഒരു നിയമവും അതിന്റെ സാധുതയും ചര്‍ച്ചയാവുകയാണ്. ഈ നിയമപ്രകാരം ഒരുപക്ഷേ പവല്‍ അവസാന പന്തില്‍ ഔട്ട് ആയിരുന്നില്ലെങ്കിലും രാജസ്ഥാന്‍ ഒരു റണ്‍സിന് പരാജയപ്പെടുമായിരുന്നു.

പവലിനെ എല്‍.ബി.ഡബ്ല്യൂവിലൂടെയാണ് ഭുവനേശ്വര്‍ കുമാര്‍ പുറത്താക്കിയത്. ഈ വിധിക്കെതിരെ രാജസ്ഥാന്‍ ഡി.ആര്‍.എസ് എടുത്താലും, നോട്ട് ഔട്ട് ലഭിച്ചാലും ഒരിക്കലും അത് ടീമിന്റെ വിജയത്തിനോ സമനിലയ്‌ക്കോ വഴിയൊരുക്കില്ല.

കാരണം അംപയര്‍ ഔട്ട് വിധിച്ച തല്‍ക്ഷണം തന്നെ ആ ബോള്‍ ഡെഡ് ആവുകയാണ്. ഡെഡ് ബോള്‍ ഫീല്‍ഡ് ചെയ്യേണ്ട ആവശ്യം ഫീല്‍ഡേഴ്‌സിനില്ല. ഇക്കാരണത്താല്‍ പവലും അശ്വിനും ചേര്‍ന്ന് അവസാന പന്തില്‍ ഒരു റണ്‍സ് ഓടിയെടുത്താലും അത് രാജസ്ഥാന്‍ ഇന്നിങ്‌സില്‍ ചേര്‍ക്കപ്പെടില്ല.

ഇതിന് പിന്നാലെ ആരാധകര്‍ രംഗത്തെത്തിയിരിക്കുകയാണ്. കളിയുടെ വിധിയെ പോലും മാറ്റിമറിക്കാന്‍ സാധ്യതയുള്ള നിയമമാണെങ്കില്‍ അത് തീര്‍ച്ചയായും മാറ്റിയെഴുതണെന്നാണ് ആരാധകര്‍ പറയുന്നത്.

‘നൂറ് ശതമാനം ശരിയാണ്, നോട്ട് ഔട്ട് ആണെങ്കിലും അമ്പയറിന്റെ തീരുമാന പ്രകാരം ഔട്ടാണെങ്കില്‍ റണ്‍സ് കൊടുക്കാത്തത് വല്ലാത്തൊരു നിയമം തന്നെയാണ്. എന്തെങ്കിലും വിവാദം ഉണ്ടാകുമ്പോള്‍ മാറ്റുമായിരിക്കും,’

‘ഏറ്റവും സിമ്പിളായി ആ നിയമം മാറ്റിയെഴുതാന്‍ പറ്റും. ഫുട്‌ബോളില്‍ ഓഫ് സൈഡ് ഡിലെ ചെയുന്നത് പോലെ അപ്പീല്‍ വന്നാലും ആ ബോളില്‍ പോസിബിള്‍ ആയിട്ടുള്ള റണ്‍ കഴിഞ്ഞ് കീപ്പറുടെ കയ്യില്‍ പന്ത് എത്തിക്കഴിഞ്ഞ് മാത്രം അമ്പയര്‍ തീരുമാനം അറിയിക്കുക. അങ്ങനെ ആകുമ്പോള്‍ നോട്ട് ഔട്ട് ആയാലും അവിടെ ഒരു തരത്തിലും പ്രശ്‌നം വരുന്നില്ല,’

‘അമ്പയര്‍ അത് ഔട്ട് വിളിച്ചില്ലായെങ്കില്‍ ഫീല്‍ഡേഴ്‌സിന് റണ്‍ സേവ് ചെയ്യാന്‍ അവസരം ഉണ്ട്, അമ്പയര്‍ ഔട്ട് വിളിക്കുന്നതോടെ ആ അവസരം നഷ്ടമാവുകയാണ്. അത് കൊണ്ടാണ് റിവ്യൂ നോട്ട് ഔട്ട് ആണെങ്കിലും റണ്‍സ് ചേര്‍ക്കാത്തത്,’

ആരാധകര്‍ തങ്ങളുടെ അഭിപ്രായം കുറിക്കുന്നു. (ട്രോള്‍ ക്രിക്കറ്റ് മലയാളം)

അതേസമയം, സണ്‍റൈസേഴ്സിനോട് പരാജയപ്പെട്ടെങ്കിലും പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ് രാജസ്ഥാന്‍. പത്ത് മത്സരത്തില്‍ നിന്നും എട്ട് ജയത്തോടെ 16 പോയിന്റാണ് ടീമിനുള്ളത്.

മെയ് ഏഴിനാണ് രാജസ്ഥാന്റെ അടുത്ത മത്സരം. ദല്‍ഹി അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ദല്‍ഹി ക്യാപ്പിറ്റല്‍സാണ് എതിരാളികള്‍.

 

Content Highlight: IPL 2024: RR vs SRH: Fans against cricket law