ഐ.പി.എല്‍ 2024ലെ 50ാം മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ നേരിടുകയാണ്. സണ്‍റൈസേഴ്‌സിന്റെ സ്വന്തം തട്ടകമായ ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയമാണ് വേദി.
മത്സരത്തില്‍ ടോസ് നേടിയ ഹൈദരാബാദ് നായകന്‍ പാറ്റ് കമ്മിന്‍സ് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ടോസ് ലഭിച്ചാല്‍ തങ്ങളും ബാറ്റിങ് തന്നെ തെരഞ്ഞെടുക്കുമെന്നാണ് സഞ്ജു സാംസണും പറഞ്ഞത്.
പവര്‍പ്ലേയില്‍ തന്നെ രണ്ട് വിക്കറ്റുകള്‍ നഷ്ടപ്പെട്ട് സണ്‍റൈസേഴ്‌സ് പതറിയിരുന്നു. നാലാം ഓവറിലെ ആദ്യ പന്തില്‍ അഭിഷേക് ശര്‍മയെ മടക്കി ആവേശ് ഖാനും ആറാം ഓവറിലെ ആദ്യ പന്തില്‍ അമോല്‍പ്രീത് സിങ്ങിനെ മടക്കി സന്ദീപ് ശര്‍മയും സണ്‍റൈസേഴ്‌സിനെ ഞെട്ടിച്ചു.
എന്നാല്‍ വണ്‍ ഡൗണായി നിതീഷ് കുമാര്‍ റെഡ്ഡിയെത്തിയതോടെ സണ്‍റൈസേഴ്‌സ് മത്സരത്തിലേക്ക് മടങ്ങി വന്നു. ട്രാവിസ് ഹെഡിനൊപ്പം മൂന്നാം വിക്കറ്റില്‍ 96 റണ്‍സാണ് ഇരുവരും കൂട്ടിച്ചേര്‍ത്തത്.
ടീം സ്‌കോര്‍ 135ല്‍ നില്‍ക്കവെ ഹെഡിനെ പുറത്താക്കി ആവേശ് ഖാനാണ് രാജസ്ഥാന് ആവശ്യമായ ബ്രേക് ത്രൂ സമ്മാനിച്ചത്. 15ാം ഓവറിലെ നാലാം പന്തില്‍ താരത്തെ ബൗള്‍ഡാക്കിയാണ് ആവേശ് പുറത്താക്കിയത്.
ഓവറിലെ മൂന്നാം പന്തില്‍ വിവാദങ്ങള്‍ക്കും വഴി വെച്ചിരുന്നു. ആവേശ് ഖാനെറിഞ്ഞ ഫുള്ളര്‍ ഡെലിവെറിയില്‍ ഹെഡ് ബീറ്റണായിരുന്നു. പന്ത് കയ്യില്‍ കിട്ടിയ നിമിഷം തന്നെ സഞ്ജു വിക്കറ്റ് ലക്ഷ്യമായി എറിയുകയായിരുന്നു. ഈ സമയം ഹെഡ് പൂര്‍ണമായും ക്രീസില്‍ പ്രവേശിച്ചിരുന്നോ എന്ന സംശയുമുണ്ടായിരുന്ന ഫീല്‍ഡ് അമ്പയര്‍മാര്‍ തീരുമാനം തേര്‍ഡ് അമ്പയറിന് കൈമാറി.
എന്നാല്‍ ബെയ്ല്‍ വീഴുമ്പോള്‍ ഹെഡിന്റെ ബാറ്റ് ഗ്രൗണ്ടഡായിരുന്നോ എന്ന സംശയത്തിന് പിന്നാലെ തേര്‍ഡ് അമ്പയര്‍ പല തവണ വിഷ്വല്‍സ് പരിശോധിച്ചിരുന്നു. ഒടുവില്‍ വിക്കറ്റ് വീഴുമ്പോള്‍ ബാറ്റ് ഗ്രൗണ്ടഡാണെന്ന നിഗമനത്തില്‍ തേര്‍ഡ് അമ്പയര്‍ എത്തിച്ചേരുകയും നോട്ട് ഔട്ട് വിളിക്കുകയുമായിരുന്നു.
Travis Head was given not-out, Sangakkara was unhappy, asking questions to the umpire near dug-out and next ball Head got out. pic.twitter.com/AmzjXP5w8z
ഇതോടെ രാജസ്ഥാന്‍ ഡഗ് ഔട്ടില്‍ പ്രതിഷേധസ്വരമുയര്‍ന്നു. കോച്ച് സംഗക്കാരയടക്കമുള്ളവര്‍ തേര്‍ഡ് അമ്പയറിന്റെ തീരുമാനത്തിനെതിരെ രംഗത്തെത്തി. കമന്റേറ്റര്‍മാരും ബാറ്റ് ക്രീസില്‍ കുത്തിയിരുന്നില്ല എന്ന് അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ തേര്‍ഡ് അമ്പയറിന്റെ തീരുമാനത്തില്‍ കളി മുമ്പോട്ട് പോവുകയായിരുന്നു.
അതേസമയം, നിവില്‍ 16 ഓവര്‍ പിന്നിടുമ്പോള്‍ മൂന്ന് വിക്കറ്റിന് 146 എന്ന നിലയിലാണ് സണ്‍റൈസേഴ്‌സ്. 34 പന്തില്‍ 62 റണ്‍സുമായി നിതീഷ് കുമാര്‍ റെഡ്ഡിയും മൂന്ന് പന്തില്‍ ഒരു റണ്‍സുമായി ഹെന്റിക് ക്ലാസനുമാണ് ക്രീസില്‍.