| Saturday, 6th April 2024, 8:57 pm

മിസ്റ്റര്‍ ഐ.പി.എല്‍; ഇത് മറികടക്കാന്‍ എല്ലാവരും ഒന്ന് വിറയ്ക്കും; ജയ്പൂര്‍ കത്തിച്ച് വിരാട്

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ 2024ലെ 19ാം മത്സരം ജയ്പൂരിലെ സവായ് മാന്‍സിങ് സ്റ്റേഡിയത്തില്‍ പുരോഗമിക്കുകയാണ്. വിരാട് കോഹ്‌ലിയുടെ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവാണ് സഞ്ജുവിന്റെയും സംഘത്തിന്റെയും എതിരാളികള്‍.

സീസണിലെ ഏറ്റവും മികച്ച പ്രകടനമാണ് ബെംഗളൂരു പുറത്തെടുക്കുന്നത്. ക്യാപ്റ്റന്‍ ഫാഫ് ഡു പ്ലെസിയും വിരാട് കോഹ്‌ലിയും ചേര്‍ന്ന് ഈ സീസണിലെ ഏറ്റവും മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്തിയാണ് കയ്യടി നേടുന്നത്.

ആദ്യ വിക്കറ്റില്‍ 125 റണ്‍സാണ് ഇരുവരും അടിച്ചെടുത്തത്. ഫാഫ് 33 പന്തില്‍ 44 റണ്‍സിന് പുറത്തായപ്പോള്‍ വിരാട് അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കി ബാറ്റിങ് തുടരുകയാണ്.

നിലവില്‍ 16 ഓവര്‍ പിന്നിടുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 144 എന്ന നിലയിലാണ് ആര്‍.സി.ബി. 58 പന്തില്‍ 87 റണ്‍സുമായി വിരാടും രണ്ട് പന്തില്‍ രണ്ട് റണ്‍സടിച്ച അരങ്ങേറ്റക്കാരന്‍ സൗരവ് ചൗഹാനാണ് ഒപ്പമുള്ളത്.

മത്സരത്തിലെ അര്‍ധ സെഞ്ച്വറിക്ക് പുറമെ ഒരു തകര്‍പ്പന്‍ നേട്ടവും വിരാട് സ്വന്തമാക്കിയിരിക്കുകയാണ്. ഐ.പി.എല്ലിന്റെ ചരിത്രത്തില്‍ 7,500 റണ്‍സ് പൂര്‍ത്തിയാക്കുന്ന ആദ്യ താരം എന്ന നേട്ടമാണ് വിരാട് നേടിയത്. കരിയറിലെ 242ാം ഐ.പി.എല്‍ മാച്ചിലാണ് വിരാട് ഈ നേട്ടം സ്വന്തമാക്കിയത്.

ഈ മത്സരത്തില്‍ 110 റണ്‍സ് കണ്ടെത്താന്‍ സാധിച്ചാല്‍ മറ്റൊരു റെക്കോഡും വിരാടിന് മുമ്പിലുണ്ട്.ടി-20 ഫോര്‍മാറ്റില്‍ ഒരു ടീമിന് വേണ്ടി മാത്രമായി 8,000 റണ്‍സ് നേടുന്ന താരം എന്ന നേട്ടമാണ് വിരാടിനെ കാത്തിരിക്കുന്നത്. ടി-20 ഫോര്‍മാറ്റില്‍ ഏറ്റവുമധികം റണ്‍സ് നേടിയ ക്രിസ് ഗെയ്ല്‍ അടക്കമുള്ള സൂപ്പര്‍ താരങ്ങള്‍ക്കൊന്നും തന്നെ നേടാന്‍ സാധിക്കാത്ത നേട്ടമാണ് വിരാടിന് മുമ്പിലുള്ളത്.

ഐ.പി.എല്ലില്‍ കളിച്ച 241 മത്സരത്തില്‍ നിന്നും 130.29 എന്ന മികച്ച സ്ട്രൈക്ക് റേറ്റിലും 37.7 ശരാശരിയിലും 7,466 റണ്‍സാണ് വിരാട് നേടിയത്. ഏഴ് സെഞ്ച്വറിയും 52 അര്‍ധ സെഞ്ച്വറിയുമാണ് വിരാടിന്റെ പേരില്‍ ഐ.പി.എല്ലില്‍ കുറിക്കപ്പെട്ടത്.

ശേഷിക്കുന്ന 424 റണ്‍സ് ചാമ്പ്യന്‍സ് ലീഗിലെ 15 മത്സരത്തില്‍ നിന്നുമാണ് വിരാട് അടിച്ചെടുത്തത്. 38.54 എന്ന ശരാശരിയും 150.35 എന്ന സ്ട്രൈക്ക് റേറ്റുമാണ് ചാമ്പ്യന്‍സ് ലീഗില്‍ വിരാടിനുള്ളത്. രണ്ട് അര്‍ധ സെഞ്ച്വറിയാണ് ചാമ്പ്യന്‍സ് ലീഗില്‍ വിരാട് സ്വന്തമാക്കിയത്. 84* ആണ് ഉയര്‍ന്ന സ്‌കോര്‍.

റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു പ്ലെയിങ് ഇലവന്‍

വിരാട് കോഹ്‌ലി, ഫാഫ് ഡു പ്ലെസി (ക്യാപ്റ്റന്‍), രജത് പാടിദാര്‍, ഗ്ലെന്‍ മാക്‌സ്‌വെല്‍, കാമറൂണ്‍ ഗ്രീന്‍, സൗരഭ് ചൗഹാന്‍, ദിനേഷ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍), മായങ്ക് ഡാഗര്‍, റീസ് ടോപ്‌ലി, മുഹമമ്ദ് സിറാജ്, യാഷ് ദയാല്‍.

രാജസ്ഥാന്‍ റോയല്‍സ് പ്ലെയിങ് ഇലവന്‍

ജോഷ് ബട്‌ലര്‍, യശസ്വി ജെയ്‌സ്വാള്‍, സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), റിയാന്‍ പരാഗ്, ധ്രുവ് ജുറെല്‍, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, ആര്‍. അശ്വിന്‍, യൂസ്വേന്ദ്ര ചഹല്‍, നാന്ദ്രേ ബര്‍ഗര്‍, ആവേശ് ഖാന്‍, ട്രെന്റ് ബോള്‍ട്ട്.

Content highlight: IPL 2024: RR vs RCB: Virat Kohli becomes the first ever batter to score 7,500 runs in IPL

We use cookies to give you the best possible experience. Learn more