| Monday, 20th May 2024, 9:09 pm

രണ്ടും കല്‍പിച്ച് സഞ്ജുസ്ഥാന്‍; ചരിത്രത്തില്‍ ഈ മാച്ച് സംഭവിക്കുന്നത് രണ്ടാം തവണ മാത്രം, ആദ്യ മത്സരത്തില്‍ സംഭവിച്ചതെന്ത്?

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലില്‍ പ്ലേ ഓഫ് മത്സരങ്ങളുടെ ചിത്രം വ്യക്തമായിരിക്കുകയാണ്. ആദ്യ ക്വാളിഫയര്‍ മത്സരത്തില്‍ പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് രണ്ടാം സ്ഥാനക്കാരായ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ നേരിടും. രാജസ്ഥാന്‍ റോയല്‍സും റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവുമാണ് എലിമിനേറ്റര്‍ മത്സരം കളിക്കുക.

കഴിഞ്ഞ ദിവസം നടന്ന പഞ്ചാബ് കിങ്‌സ് – സണ്‍റൈസേഴ്‌സ് മത്സരത്തില്‍ ഓറഞ്ച് ആര്‍മി വിജയിക്കുകയും രാജസ്ഥാന്‍ റോയല്‍സ് – കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മഴയെടുക്കുകയും ചെയ്തതോടെ രണ്ടാം സ്ഥാനത്തുണ്ടായിരുന്ന രാജസ്ഥാന്‍ റോയല്‍സ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും ആദ്യ ക്വാളിഫയറിന് പകരം എലിമിനേറ്റര്‍ കളിക്കാന്‍ നിര്‍ബന്ധിതരാവുകയുമായിരുന്നു.

ചരിത്രത്തില്‍ ഇത് രണ്ടാം തവണയാണ് രാജസ്ഥാന്‍ റോയല്‍സ് – റോയല്‍ ചലഞ്ചേഴ്‌സ് എലിമിനേറ്റര്‍ മത്സരത്തിന് കളമൊരുങ്ങുന്നത്. ഇതിന് മുമ്പ് 2015ലാണ് റോയല്‍ എലിമിനേറ്റര്‍ മത്സരത്തിന് ഐ.പി.എല്‍ സാക്ഷ്യം വഹിച്ചത്.

അന്ന് 71 റണ്‍സിന്റെ പടുകൂറ്റന്‍ ജയമാണ് ബെംഗളൂരു നേടിയത്. പൂനെയില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ബെംഗളൂരു ബാറ്റിങ് തെരഞ്ഞെടുത്തു. എ.ബി. ഡി വില്ലിയേഴ്‌സിന്റെയും മന്‍ദീപ് സിങ്ങിന്റെയും അര്‍ധ സെഞ്ച്വറികളുടെ കരുത്തില്‍ പ്ലേ ബോള്‍ഡ് ആര്‍മി നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 180 റണ്‍സ് നേടി.

രാജസ്ഥാനായി ധവാല്‍ കുല്‍ക്കര്‍ണി രണ്ട് വിക്കറ്റെടുത്തപ്പോള്‍ ക്രിസ് മോറിസ് ഒരു വിക്കറ്റും നേടി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന് തൊട്ടതെല്ലാം പിഴച്ചു. ഓപ്പണര്‍ അജിന്‍ക്യ രഹാനെ മാത്രമാണ് ബെംഗളൂരുവിനെതിരെ ചെറുത്തുനില്‍പിനെങ്കിലും ശ്രമിച്ചത്. 39 പന്തില്‍ 42 റണ്‍സാണ് രഹാനെ നേടിയത്. 12 റണ്‍സ് വീതം നേടിയ കരുണ്‍ നായരും സ്റ്റീവ് സ്മിത്തുമാണ് ടീമിന്റെ രണ്ടാമത് മികച്ച സ്‌കോറര്‍മാര്‍.

സഞ്ജു സാംസണ്‍ അഞ്ച് റണ്‍സ് നേടി പുറത്തായി.

ഒടുവില്‍ 19 ഓവറില്‍ രാജസ്ഥാന്‍ 109ന് ഓള്‍ ഔട്ടായി. ബെംഗളൂരുവിനായി ഡേവിഡ് വീസി, ഹര്‍ഷല്‍ പട്ടേല്‍, ശ്രീനാഥ് അരവിന്ദ്, യൂസ്വേന്ദ്ര ചഹല്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടിയപ്പോള്‍ മിച്ചല്‍ സ്റ്റാര്‍ക് ഒരു രാജസ്ഥാന്‍ താരത്തെയും മടക്കി.

രാജസ്ഥാനെ തോല്‍പിച്ച് മുമ്പോട്ട് കുതിച്ചെങ്കിലും ആര്‍.സി.ബി ചെന്നൈ സൂപ്പര്‍ കിങ്‌സിനോട് തോറ്റ് പുറത്താവുകയായിരുന്നു.

ഇതിന് ശേഷം പ്ലേ ഓഫില്‍ രാജസ്ഥാനും ബെംഗളൂരവും നേര്‍ക്കുനേര്‍ വന്നിരുന്നു. 2022ല്‍ രണ്ടാം ക്വാളിഫയറിലായിരുന്നു ഇരുവരും ഏറ്റുമുട്ടിയത്.

എലിമിനേറ്ററില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ തോല്‍പിച്ചെത്തിയ ബെംഗളൂരു ആദ്യം ബാറ്റ് ചെയ്ത് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സ് നേടിയെങ്കിലും ജോസ് ബട്‌ലറിന്റെ സെഞ്ച്വറി കരുത്തില്‍ രാജസ്ഥാന്‍ വിജയിച്ച് കയറുകയായിരുന്നു.

രണ്ടാം ക്വാളിഫയര്‍ വിജയിച്ചെങ്കിലും ഫൈനലില്‍ ടീം ഗുജറാത്ത് ടൈറ്റന്‍സിനോട് പരാജയപ്പെട്ടു.

ഇപ്പോള്‍ വിജയം മാത്രം ലക്ഷ്യമിട്ടാണ് രാജസ്ഥാനും ബെംഗളൂരുവും ഇറങ്ങുന്നത്. വിജയിക്കുന്ന ടീം രണ്ടാം ക്വാളിഫയറിന് യോഗ്യത നേടും.

ഐ.പി.എല്‍ പ്ലേ ഓഫ് മത്സരങ്ങള്‍

മെയ് 21, ക്വാളിഫയര്‍ 1 – കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് vs സണ്‍റൈസേഴ്സ് ഹൈദരാബാദ്.

മെയ് 22, എലിമിനേറ്റര്‍ – റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു vs രാജസ്ഥാന്‍ റോയല്‍സ്

മെയ്24, ക്വാളിഫയര്‍ 2 – ക്വാളിഫയര്‍ 1ലെ പരാജിതര്‍ vs എലിമിനേറ്ററിലെ വിജയികള്‍

മെയ് 26, ഫൈനല്‍ – ക്വാളിഫയര്‍ 1ലെ വിജയികള്‍ vs ക്വാളിഫയര്‍ 2ലെ വിജയികള്‍.

Content highlight: IPL 2024: RR vs RCB: This is the second time Rajasthan Royals facing Royal Challengers in eliminator

We use cookies to give you the best possible experience. Learn more