ഒടുവില്‍ ആ കാത്തിരിപ്പ് അവസാനിച്ചു; മൂന്ന് റണ്‍സ് കൊണ്ടുചെന്നെത്തിച്ചത് സച്ചിന് പോലും ഇടമില്ലാത്ത ലിസ്റ്റിലേക്ക്
IPL
ഒടുവില്‍ ആ കാത്തിരിപ്പ് അവസാനിച്ചു; മൂന്ന് റണ്‍സ് കൊണ്ടുചെന്നെത്തിച്ചത് സച്ചിന് പോലും ഇടമില്ലാത്ത ലിസ്റ്റിലേക്ക്
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 6th April 2024, 10:18 pm

സ്വന്തം തട്ടകമായ സവായ് മാന്‍സിങ് സ്‌റ്റേഡിയത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ നേരിടുകയാണ് ഹോം ടീമായ രാജസ്ഥാന്‍ റോയല്‍സ്. മത്സരത്തില്‍ ടോസ് നേടിയ രാജസ്ഥാന്‍ നായകന്‍ സഞ്ജു സാംസണ്‍ എതിരാളികളെ ബാറ്റിങ്ങിനയച്ചു.

മുന്‍ നായകന്‍ വിരാട് കോഹ്‌ലിയുടെ സെഞ്ച്വറി കരുത്തില്‍ നിശ്ചിത ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 183 റണ്‍സാണ് ആര്‍.സി.ബി നേടിയത്. 72 പന്തില്‍ പുറത്താകാതെ 113 റണ്‍സാണ് വിരാട് സ്വന്തമാക്കിയത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന്‍ റോയല്‍സിന് തുടക്കത്തിലേ പിഴച്ചിരുന്നു. റീസ് ടോപ്‌ലിയെറിഞ്ഞ ആദ്യ ഓവറിലെ രണ്ടാം പന്തില്‍ തന്നെ യശസ്വി ജെയ്‌സ്വാള്‍ പുറത്തായിരുന്നു. ഗ്ലെന്‍ മാക്‌സ്‌വെല്ലിന് ക്യാച്ച് നല്‍കി സില്‍വര്‍ ഡക്കായാണ് താരം പുറത്തായത്.

വണ്‍ ഡൗണായി ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ ക്രീസിലെത്തി. പതിഞ്ഞ് തുടങ്ങിയ താരം സിംഗിളിലൂടെ അക്കൗണ്ട് തുറന്നു. ശേഷം ഒരു ബൗണ്ടറിയും സ്വന്തമാക്കി.

ഈ ബൗണ്ടറിക്ക് പിന്നാലെ ഒരു തകര്‍പ്പന്‍ നേട്ടമാണ് സഞ്ജുവിനെ തേടിയെത്തിയത്. ഐ.പി.എല്ലില്‍ 4,000 റണ്‍സ് പൂര്‍ത്തിയാക്കുന്ന താരങ്ങളുടെ പട്ടികയില്‍ ഇടം നേടിയാണ് സഞ്ജു ചരിത്രമെഴുതിയത്. ഈ നേട്ടം സ്വന്തമാക്കുന്ന 16ാം താരമാണ് സഞ്ജു.

ആര്‍.സി.ബിക്കെതിരായ മത്സരത്തില്‍ മൂന്ന് റണ്‍സ് കൂടി കണ്ടെത്തിയാല്‍ രാജസ്ഥാന്‍ നായകന് 4,000 റണ്‍സിലെത്താന്‍ സാധിക്കുമായിരുന്നു. 156ാം മത്സരത്തിലാണ് താരം ഈ നേട്ടത്തിലെത്തിയത്.

രാജസ്ഥാന്‍ റോയല്‍സിനും ദല്‍ഹി ഡെയര്‍ഡെവിള്‍സിനും വേണ്ടിയാണ് സഞ്ജു ഇതുവരെ കളിച്ചിട്ടുള്ളത്. ബാറ്റെടുത്ത 150 ഇന്നിങ്‌സില്‍ നിന്നും 29.60 എന്ന ശരാശരിയിലും 137.35 സ്‌ട്രൈക്ക് റേറ്റിലും 3,997 റണ്‍സാണ് താരം സ്വന്തമാക്കിയത്. മൂന്ന് സെഞ്ച്വറിയും 21 അര്‍ധ സെഞ്ച്വറിയുമാണ് സഞ്ജുവിന്റെ പേരിലുള്ളത്.
(ആര്‍.സി.ബിക്കെതിരായ മത്സരത്തിന് മുമ്പുള്ള കണക്കുകള്‍)

അതേസമയം, ആര്‍.സി.ബിക്കെതിരായ മത്സരത്തില്‍ എട്ട് ഓവര്‍ പിന്നിടുമ്പോള്‍ 77ന് ഒന്ന് എന്ന നിലയിലാണ് രാജസ്ഥാന്‍. 25 പന്തില്‍ 43 റണ്‍സുമായി ജോസ് ബട്‌ലറും 21 പന്തില്‍ 33 റണ്‍സുമായി സഞ്ജു സാംസണുമാണ് ക്രീസില്‍.

റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു പ്ലെയിങ് ഇലവന്‍

വിരാട് കോഹ്‌ലി, ഫാഫ് ഡു പ്ലെസി (ക്യാപ്റ്റന്‍), രജത് പാടിദാര്‍, ഗ്ലെന്‍ മാക്‌സ്‌വെല്‍, കാമറൂണ്‍ ഗ്രീന്‍, സൗരഭ് ചൗഹാന്‍, ദിനേഷ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍), മായങ്ക് ഡാഗര്‍, റീസ് ടോപ്‌ലി, മുഹമമ്ദ് സിറാജ്, യാഷ് ദയാല്‍.

രാജസ്ഥാന്‍ റോയല്‍സ് പ്ലെയിങ് ഇലവന്‍

ജോഷ് ബട്‌ലര്‍, യശസ്വി ജെയ്‌സ്വാള്‍, സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), റിയാന്‍ പരാഗ്, ധ്രുവ് ജുറെല്‍, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, ആര്‍. അശ്വിന്‍, യൂസ്വേന്ദ്ര ചഹല്‍, നാന്ദ്രേ ബര്‍ഗര്‍, ആവേശ് ഖാന്‍, ട്രെന്റ് ബോള്‍ട്ട്.

 

Content highlight: IPL 2024: RR vs RCB: Sanju Samson completed 4,000 IPL Runs