റീസ് ടോപ്‌ലി എന്ന ലെഫ്റ്റ് ആം പേസര്‍ ഓടിവരികയാണ്. സഞ്ജു സാംസണ്‍ ഷോട്ട് കളിക്കുന്നു. ബാറ്റിന്റെ ഇന്‍സൈഡ് എഡ്ജില്‍ സ്പര്‍ശിച്ച പന്ത് സ്റ്റംപ്‌സിന്റെ തൊട്ടടുത്തുകൂടി സഞ്ചരിക്കുന്നു! റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ ഫീല്‍ഡര്‍മാര്‍ ആര്‍ത്തുവിളിക്കുന്നു!
ആര്‍.സി.ബി അപ്പോള്‍ ശക്തമായ നിലയിലായിരുന്നു. 184 എന്ന വിജയലക്ഷ്യം ഭേദിക്കാനിറങ്ങിയ രാജസ്ഥാന്‍ റോയല്‍സിന് ആരംഭത്തില്‍ തന്നെ യശസ്വി ജെയ്‌സ്വാളിന്റെ വിക്കറ്റ് നഷ്ടപ്പെട്ടിരുന്നു. 0/1 എന്ന സ്‌കോറിലാണ് സഞ്ജു ബാറ്റിങ്ങിനിറങ്ങിയത്.
യാഷ് ദയാല്‍ ബോള്‍ ചെയ്യാനെത്തി. വീണ്ടും ഒരു ഇന്‍സൈഡ് എഡ്ജ്! പന്ത് സഞ്ജുവിന്റെ പാഡില്‍!
ഒരു ബോക്‌സിങ്ങ് മത്സരത്തില്‍ കാണുന്നത് പോലെയുള്ള രംഗങ്ങളാണ് ജയ്പൂരില്‍ അരങ്ങേറിയത്. സഞ്ജുവിന് നേരെ ആര്‍.സി.ബിയുടെ രണ്ട് പഞ്ചുകള്‍!
തുടര്‍ന്ന് ദയാല്‍ ഒരു ഔട്ട്‌സ്വിംഗര്‍ എറിഞ്ഞു. അത് പോയന്റിലൂടെ ബൗണ്ടറി കടന്നു. പിന്നാലെ ഒരു ഷോര്‍ട്ട് ബോള്‍ വന്നു. അത് മിഡ്‌വിക്കറ്റിലൂടെ ചീറിപ്പാഞ്ഞുപോയി! സഞ്ജു എന്ന ബോക്‌സറുടെ രണ്ട് കൗണ്ടര്‍ പഞ്ചുകള്‍!
ഇയന്‍ ബിഷപ്പ് കമന്ററി ബോക്‌സിലൂടെ അലറിവിളിച്ചു, ”സഞ്ജു സ്വന്തം മസില്‍ പ്രദര്‍ശിപ്പിക്കുകയാണ്…”
പിന്നീട് ആര്‍.സി.ബി ചിത്രത്തില്‍ ഇല്ലായിരുന്നു. ജോസ് ബട്‌ലറും സഞ്ജുവും അഴിഞ്ഞാടുക തന്നെ ചെയ്തു!
ഡാഗര്‍ എന്ന സ്പിന്നറുടെ ടി-20 ക്രിക്കറ്റിലെ ഇക്കോണമി നിരക്ക് 6.68 ആയിരുന്നു. റണ്‍സ് വഴങ്ങുന്നതില്‍ അത്രയേറെ പിശുക്ക് കാട്ടുന്ന ഡാഗര്‍ ഇക്കുറി തല്ലുകൊണ്ട് വലഞ്ഞു. അയാളെ തെല്ലും ബഹുമാനിക്കാതെ സഞ്ജു ക്രീസില്‍നിന്ന് ചാടിയിറങ്ങി! സിക്‌സര്‍ പായിച്ച് ഫിഫ്റ്റി തികച്ചു!
സഞ്ജുവിന്റെ നിസ്വാര്‍ത്ഥമായ സമീപനം നാം ഒരിക്കല്‍ക്കൂടി കണ്ടു. രാജസ്ഥാന്റെ വിജയം ഉറപ്പായ നിലയ്ക്ക് സഞ്ജുവിന് അവസാന ഓവറുകളില്‍ തട്ടിയും മുട്ടിയും കളിക്കാമായിരുന്നു. നോട്ടൗട്ടായി നിന്ന് ഒരു വലിയ സ്‌കോര്‍ സംഘടിപ്പിക്കാമായിരുന്നു.
പക്ഷേ സഞ്ജു നെറ്റ് റണ്‍റേറ്റ് മനസില്‍വെച്ച് ആക്രമിച്ചുകളിച്ചു. നിര്‍ഭാഗ്യവശാല്‍ പുറത്താവുകയും ചെയ്തു.
സഞ്ജയ് മഞ്ജരേക്കര്‍ അഭിപ്രായപ്പെട്ടു,
”സഞ്ജുവിന് റെക്കോര്‍ഡുകള്‍ പ്രധാനമല്ല. അയാള്‍ ടീമിനുവേണ്ടി ഷോട്ടുകള്‍ കളിച്ചുകൊണ്ടേയിരിക്കും. അതാണ് സഞ്ജുവിനെ കൂടുതല്‍ അപകടകാരിയാക്കുന്നത്…!”
ഐ.പി.എല്ലില്‍ 4,000 റണ്ണുകള്‍ സഞ്ജു പൂര്‍ത്തിയാക്കിയിട്ടുണ്ട്. ആകെ 16 പേരാണ് ആ നാഴികക്കല്ല് കീഴടക്കിയിട്ടുള്ളത്. അവരില്‍ മൂന്ന് പേര്‍ക്ക് മാത്രമാണ് സഞ്ജുവിനേക്കാള്‍ അധികം സ്‌ട്രൈക്ക് റേറ്റ് ഉള്ളത്!
പക്ഷേ സഞ്ജു എന്ന ഇംപാക്റ്റ് പ്ലെയര്‍ അടുത്ത ടി-20 ലോകകപ്പിലും പുറത്തിരുന്നേക്കും. ഏകദിന ശൈലിയില്‍ ടി-20 കളിക്കുന്ന താരങ്ങള്‍ ലോകകപ്പില്‍ ഇന്ത്യന്‍ ജേഴ്‌സി അണിയും. കോമാളിക്കൂട്ടം എന്ന് വിശേഷിപ്പിക്കാവുന്ന സെലക്ടര്‍മാരുടെ വികൃതികള്‍!
2003ലെ ലോകകപ്പില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ഷോയബ് അക്തറിനെതിരെ കളിച്ച അപ്പര്‍ കട്ട് ഇന്നും എന്നെ രോമാഞ്ചമണിയിക്കുന്നുണ്ട്. അപ്പോള്‍ ഞാന്‍ ഒരു സ്വപ്നം കണ്ടിരുന്നു, ഒരു മലയാളി എന്നെങ്കിലും ഇതുപോലൊരു ഷോട്ട് കളിക്കുമോ!?
ആ സ്വപ്നം സഞ്ജു പൂര്‍ത്തീകരിച്ചിട്ടുണ്ട്. മുഹമ്മദ് സിറാജിനെതിരെ അയാള്‍ കളിച്ച അപ്പര്‍കട്ട് നോക്കൂ! വായുവില്‍ ഉയര്‍ന്നുചാടിക്കൊണ്ട് ഒരു എലഗന്റ് ഹിറ്റ്!
ലോകപ്രശസ്ത ബോക്‌സറായ മൈക്ക് ടൈസണ്‍ ഇടിക്കൂട്ടിലെ നോക്കൗട്ട് പഞ്ചിനെക്കുറിച്ച് ഒരു അഭിമുഖത്തില്‍ വിശദീകരിക്കുന്നുണ്ട്,
”ബോക്‌സറുടെ ശാരീരിക വലിപ്പമല്ല പ്രധാനം. എതിരാളിയെ നാം കബളിപ്പിക്കണം. നമ്മുടെ നോക്കൗട്ട് പഞ്ച് വരുന്നത് അവന്‍ അറിയരുത്…”
ആര്‍.സി.ബിയുടെ ഏറ്റവും മികച്ച ബോളറാണ് ടോപ്‌ലി. അയാള്‍ക്കെതിരെ സഞ്ജു ഒരു ഓഫ്‌ഡ്രൈവ് പായിച്ചിരുന്നു. അതായിരുന്നു സഞ്ജുവിന്റെ നോക്കൗട്ട് പഞ്ച്!
ടൈസണ്‍ പറഞ്ഞത് പോലെ ആ പഞ്ച് വരുന്നത് ആര്‍.സി.ബി അറിഞ്ഞില്ല! വെറുമൊരു പുഷ് ആയിരുന്നു ആ ഷോട്ട്. പക്ഷേ രണ്ട് ഫീല്‍ഡര്‍മാരുടെ നടുവിലൂടെ പന്ത് അതിര്‍ത്തി കടന്നു.
ആ നിമിഷത്തില്‍ ആര്‍.സി.ബി തിരിച്ചറിഞ്ഞിട്ടുണ്ടാവണം, ”ഇന്ന് രക്ഷയില്ല. ഫോമിലുള്ള സഞ്ജുവിന്റെ പഞ്ചുകള്‍ക്ക് ക്വിന്റല്‍ കണക്കിന് ഭാരമുണ്ട്…’
Content highlight: IPL 2024: RR vs RCB: Sandeer Das writes about Sanju Samson’s innings