| Saturday, 6th April 2024, 7:29 pm

സിക്‌സറടി വീരനെ ഈ മത്സരത്തിലും കളത്തിലിറക്കാതെ സഞ്ജു; പിങ്ക് പ്രോമിസുമായി രാജസ്ഥാന്‍, ഡി.കെയെ പഴയ ജോലിയേല്‍പിച്ച് ആര്‍.സി.ബി

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ 2024ലെ 19ാം മത്സരത്തില്‍ ടോസ് നേടി രാജസ്ഥാന്‍ റോയല്‍സ്. റോയല്‍ ചലഞ്‌ഛേഴ്‌സ് ബെംഗളൂരുവിനെതിരെ സവായ് മാന്‍സിങ് സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ രാജസ്ഥാന്‍ ആദ്യം ബൗള്‍ ചെയ്യും.

ടോസിനിടെ സഞ്ജു സാംസണ്‍ സോളാര്‍ ലാംപ് ബെംഗളൂരു നായകന് കൈമാറിയിരുന്നു. ഈ മത്സരത്തിന്റെ പ്രത്യേകതയെ കുറിക്കുന്നതാണ് ഈ സോളാര്‍ ലാംപ്.

മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് അടിക്കുന്ന ഓരോ സിക്‌സറിനും ആറ് വീടുകളില്‍ സോളാര്‍ ഉപയോഗിച്ചുകൊണ്ട് വൈദ്യുതി എത്തിക്കുമെന്ന് ടീം അറിയിച്ചിരുന്നു. രാജസ്ഥാന്‍ റോയല്‍സ് ഫൗണ്ടേഷനൊപ്പം ചേര്‍ന്നാണ് ടീം ഇത്തരമൊരു പ്രവര്‍ത്തനത്തിനൊരുങ്ങുന്നത്.

സൗരോര്‍ജം നല്‍കുന്നതോടെ സുസ്ഥിരവും ശുദ്ധവുമായ അന്തരീക്ഷം രാജസ്ഥാന്‍ സൃഷ്ടിച്ചെടുക്കുക എന്നതുകൂടിയാണ് രാജസ്ഥാന്‍ റോയല്‍സ് ലക്ഷ്യമിടുന്നത്. ടീമിന്റെ ഈ നീക്കത്തിനും ആരാധകര്‍ക്കിടയില്‍ നിന്നും മികച്ച പിന്തുണയാണ് ലഭിക്കുന്നത്.

കഴിഞ്ഞ മത്സരത്തിലെ അതേ ഇലവനെ തന്നെയാണ് രാജസ്ഥാന്‍ കളത്തിലിറക്കിയത്. വിന്‍ഡീസ് കരുത്തനും ബ്രൂട്ടവല്‍ ഹാര്‍ഡ് ഹിറ്ററുമായ റോവ്മന്‍ പവലിനെ ഈ മത്സരത്തില്‍ രാജസ്ഥാന്‍ കളത്തിലിറക്കുമെന്നായിരുന്നു ആരാധകര്‍ കരുതിയത്. എന്നാല്‍ വിജയത്തിനൊപ്പം സിക്‌സറുകളും ലക്ഷ്യം വെച്ചിറങ്ങിയ മത്സരത്തില്‍ പവലിനെ പുറത്തിരുത്തി കഴിഞ്ഞ മത്സരത്തിലെ വിജയ ഫോര്‍മുല തന്നെയാണ് രാജസ്ഥാന്‍ ആവര്‍ത്തിക്കുന്നത്.

അതേസമയം, ഒരു മാറ്റവുമായാണ് ബെംഗളൂരു കളത്തിലിറങ്ങുന്നത്. 23കാരനായ സൗരഭ് ചൗഹാനെയാണ് ബെംഗളൂരു പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വിക്കറ്റ് കീപ്പര്‍ അനുജ് റാവത്തിന് പകരമാണ് സൗരഭ് കളത്തിലിറങ്ങുന്നത്. ദിനേഷ് കാര്‍ത്തിക്കാണ് രാജസ്ഥാനെതിരായ മത്സരത്തില്‍ ആര്‍.സി.ബിയുടെ ഗ്ലൗമാന്‍.

റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു പ്ലെയിങ് ഇലവന്‍

വിരാട് കോഹ്‌ലി, ഫാഫ് ഡു പ്ലെസി (ക്യാപ്റ്റന്‍), രജത് പാടിദാര്‍, ഗ്ലെന്‍ മാക്‌സ്‌വെല്‍, കാമറൂണ്‍ ഗ്രീന്‍, സൗരഭ് ചൗഹാന്‍, ദിനേഷ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍), മായങ്ക് ഡാഗര്‍, റീസ് ടോപ്‌ലി, മുഹമമ്ദ് സിറാജ്, യാഷ് ദയാല്‍.

രാജസ്ഥാന്‍ റോയല്‍സ് പ്ലെയിങ് ഇലവന്‍

ജോഷ് ബട്‌ലര്‍, യശസ്വി ജെയ്‌സ്വാള്‍, സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), റിയാന്‍ പരാഗ്, ധ്രുവ് ജുറെല്‍, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, ആര്‍. അശ്വിന്‍, യൂസ്വേന്ദ്ര ചഹല്‍, നാന്ദ്രേ ബര്‍ഗര്‍, ആവേശ് ഖാന്‍, ട്രെന്റ് ബോള്‍ട്ട്.

Content Highlight: IPL 2024: RR vs RCB: Rajasthan Royals won the toss and elect to field first

We use cookies to give you the best possible experience. Learn more