ഈ മത്സരത്തില്‍ രാജസ്ഥാന്‍ ഓള്‍ പിങ്ക് ജേഴ്‌സിയണിഞ്ഞാണ് കളത്തിലിറങ്ങുന്നത്. രാജസ്ഥാനില്‍ സ്ത്രീകള്‍ നയിക്കുന്ന മികച്ച പ്രവര്‍ത്തനങ്ങള്‍ വര്‍ധിപ്പിക്കുകകയും അവയെ പിന്തുണയ്ക്കുകയും ചെയ്യുന്നതിനായാണ് രാജസ്ഥാന്‍ പിങ്ക് ജേഴ്‌സിയണിഞ്ഞ് കളത്തിലിറങ്ങുന്നത്.
രാജസ്ഥാന്‍ റോയല്‍സ് ഫൗണ്ടേഷന്‍ വഴി സ്ത്രീകള്‍ക്കായി നിരവധി കാര്യങ്ങള്‍ ചെയ്ത ടീം ഇത്തവണ അവരെയും ജേഴ്‌സിയുടെ ഭാഗമാക്കിയിട്ടുണ്ട്.
ഫൗണ്ടേഷന് കീഴില്‍ സ്വയം പര്യാപ്തരായ സ്ത്രീകളുടെ പേരുകള്‍ ജേഴ്‌സിയില്‍ കുറിച്ചിട്ടുണ്ട്. നേരത്തെ അവരുടെ അനുഭവങ്ങളും സ്വപ്‌നങ്ങളും ഉള്‍പ്പെടുത്തി രാജസ്ഥാന്‍ റോയല്‍സ് പങ്കുവെച്ച വീഡിയോക്ക് ക്രിക്കറ്റ് ആരാധകരില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചത്.
റോയല്‍ ചലഞ്ചേഴ്‌സ് ബെഗംളൂരുവിനെതിരായ മത്സരത്തില്‍ വിജയിച്ചാല്‍ പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനം തിരിച്ചുപിടിക്കാന്‍ രാജസ്ഥാന്‍ റോയല്‍സിന് സാധിക്കും. എന്നാല്‍ വിജയത്തോടൊപ്പം മത്സരത്തില്‍ സിക്‌സറടിച്ചുകൂട്ടാനുമാണ് രാജസ്ഥാന്‍ റോയല്‍സ് ഒരുങ്ങുന്നത്.
മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് അടിക്കുന്ന ഓരോ സിക്‌സറിനും ആറ് വീടുകളില്‍ സോളാര്‍ ഉപയോഗിച്ചുകൊണ്ട് വൈദ്യുതി എത്തിക്കുമെന്നാണ് ടീം പ്രഖ്യാപിച്ചിരിക്കുന്നത്. സൗരോര്‍ജം നല്‍കുന്നതോടെ സുസ്ഥിരവും ശുദ്ധവുമായ അന്തരീക്ഷം രാജസ്ഥാന്‍ സൃഷ്ടിച്ചെടുക്കുക എന്നതുകൂടിയാണ് രാജസ്ഥാന്‍ റോയല്‍സ് ലക്ഷ്യമിടുന്നത്. ടീമിന്റെ ഈ നീക്കത്തിനും ആരാധകര്‍ക്കിടയില്‍ നിന്നും മികച്ച പിന്തുണയാണ് ലഭിക്കുന്നത്.
നിലവില്‍ കളിച്ച മൂന്ന് മത്സരത്തിലും വിജയിച്ച് പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് രാജസ്ഥാന്‍ റോയല്‍സ്. ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരങ്ങളില്‍ ലഖ്‌നൗവിനെയും ദല്‍ഹിയെയും തോല്‍പിച്ചപ്പോള്‍ വാംഖഡെ സ്‌റ്റേഡിയത്തിലെത്തി മുംബൈ ഇന്ത്യന്‍സിനെയും തോല്‍പിച്ചാണ് സഞ്ജുവും സംഘവും അപരാജിതരായി തുടരുന്നത്. റോയല്‍ ചലഞ്ചേഴ്‌സിനെതിരെ വിജയിച്ചാല്‍ പോയിന്റെ പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്താനും സഞ്ജുവിനും സംഘത്തിനുമാകും.
അതേസമയം, കളിച്ച നാല് മത്സരത്തില്‍ നിന്നും ഒരു ജയവും മൂന്ന് തോല്‍വിയുമായി എട്ടാം സ്ഥാനത്താണ് ആര്‍.സി.ബി. വിരാട് ഒഴികെയുള്ള ഒരാള്‍ക്ക് പോലും ഫോമിലെത്താന്‍ സാധിക്കാത്തതാണ് ടീമിന് തിരിച്ചടിയാകുന്നത്. കോടികള്‍ മുടക്കി ടീമിലെത്തിച്ച കാമറൂണ്‍ ഗ്രീനും അല്‍സാരി ജോസഫും അടക്കമുള്ളവര്‍ പ്രതീക്ഷക്കൊത്ത് ഉയരാത്തത് ടീമിന് തിരിച്ചടിയാണ്.
രാജസ്ഥാനെതിരെ തോല്‍വി വഴങ്ങേണ്ടി വന്നാല്‍ ടീമിന്റെ എട്ടാം സ്ഥാനത്തിനും ഇളക്കം തട്ടിയേക്കും.
Content Highlight: IPL 2024: RR vs RCB: Rajasthan Royals to wear all pink jersey against Royal Challengers Bengaluru