| Saturday, 6th April 2024, 6:34 pm

കളത്തിലിറങ്ങിയാല്‍ ചരിത്രം, ഫോമിലേക്ക് മടങ്ങിയെത്തിയാല്‍... ഐ.പി.എല്ലില്‍ 'സെഞ്ച്വറി പൂര്‍ത്തിയാക്കാന്‍' ജോസ്, അല്ല, ജോഷ് ബട്‌ലര്‍

സ്പോര്‍ട്സ് ഡെസ്‌ക്

സീസണിലെ നാലാം മത്സരത്തിനാണ് സഞ്ജു സാംസണും സംഘവും സ്വന്തം കോട്ടയായ സവായ് മാന്‍സിങ് സ്‌റ്റേഡിയത്തിലെത്തുന്നത്. വിരാട് കോഹ്‌ലിയുടെ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവാണ് എതിരാളികളികള്‍.

ഈ മത്സരത്തില്‍ ഒരു ചരിത്ര നേട്ടമാണ് രാജസ്ഥാന്‍ സൂപ്പര്‍ താരം ജോഷ് ബട്‌ലറിനെ കാത്തിരിക്കുന്നത്. ഐ.പി.എല്ലിലെ നൂറാം മത്സരമെന്ന റെക്കോഡാണ് ഇംഗ്ലണ്ട് വൈറ്റ് ബോള്‍ നായകന്‍ സ്വന്തമാക്കാനൊരുങ്ങുന്നത്. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇംഗ്ലീഷ് താരമാകാനും ബട്‌ലറിന് സാധിക്കും എന്നതാണ് ഈ മത്സരത്തെ ഏറെ സ്‌പെഷ്യലാക്കുന്നത്.

83 മത്സരം കളിച്ച മുന്‍ ഇംഗ്ലണ്ട് നായകനായ ഓയിന്‍ മോര്‍ഗനാണ് ഏറ്റവുമധികം ഐ.പി.എല്‍ മത്സരം കളിച്ച ഇംഗ്ലണ്ട് താരങ്ങളുടെ പട്ടികയിലെ രണ്ടാമന്‍.

ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന് പുറമെ മുംബൈ ഇന്ത്യന്‍സിനും വേണ്ടിയാണ് ബട്‌ലര്‍ കളത്തിലിറങ്ങിയത്.

ഐ.പി.എല്ലിലെ 99 മത്സരത്തില്‍ നിന്നും 3,258 റണ്‍സാണ് ബട്‌ലറിന്റെ സമ്പാദ്യം. 37.02 ശരാശരിയിലും 147.15 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റിലും ബാറ്റ് വീശുന്ന ബട്‌ലര്‍ അഞ്ച് സെഞ്ച്വറിയും 19 അര്‍ധ സെഞ്ച്വറിയും തന്റെ പേരില്‍ കുറിച്ചിട്ടുണ്ട്.

എന്നാല്‍ ഈ സീസണില്‍ ഫോം കണ്ടെത്താന്‍ താരത്തിന് ഇനിയും സാധിച്ചിട്ടില്ല. മൂന്ന് മത്സരത്തില്‍ നിന്നും 11.66 ശരാശരിയില്‍ 35 റണ്‍സാണ് ബട്‌ലര്‍ ആകെ നേടിയത്. 11 (9), 11 (16), 13 (16) എന്നിങ്ങനെയാണ് സീസണില്‍ താരത്തിന്റെ പ്രകടനം. ബട്‌ലര്‍ ഫോം വീണ്ടെടുത്താല്‍ രാജസ്ഥാന്‍ സ്‌കോറിങ്ങിന് അതുണ്ടാക്കുന്ന ഇംപാക്ട് ചെറുതായിരിക്കില്ല.

അതേസമയം, പിങ്ക് പ്രോമിസിന്റെ ഭാഗമായി ഓള്‍ പിങ്ക് ജേഴ്‌സിയുമായാണ് രാജസ്ഥാന്‍ കളത്തിലിറങ്ങുന്നത്. രാജസ്ഥാനില്‍ സ്ത്രീകള്‍ നയിക്കുന്ന മികച്ച പ്രവര്‍ത്തനങ്ങള്‍ വര്‍ധിപ്പിക്കുകകയും അവയെ പിന്തുണയ്ക്കുകയും ചെയ്യുന്നതിനായാണ് രാജസ്ഥാന്‍ പിങ്ക് ജേഴ്സിയണിഞ്ഞ് കളത്തിലിറങ്ങുന്നത്.

ഇതിന് പുറമെ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് അടിക്കുന്ന ഓരോ സിക്സറിനും ആറ് വീടുകളില്‍ സോളാര്‍ ഉപയോഗിച്ചുകൊണ്ട് വൈദ്യുതി എത്തിക്കുമെന്നും ടീം അറിയിച്ചിരുന്നു. രാജസ്ഥാന്‍ റോയല്‍സ് ഫൗണ്ടേഷനൊപ്പം ചേര്‍ന്നാണ് ടീം ഇത്തരമൊരു പ്രവര്‍ത്തനത്തിനൊരുങ്ങുന്നത്.

സൗരോര്‍ജം നല്‍കുന്നതോടെ സുസ്ഥിരവും ശുദ്ധവുമായ അന്തരീക്ഷം രാജസ്ഥാന്‍ സൃഷ്ടിച്ചെടുക്കുക എന്നതുകൂടിയാണ് രാജസ്ഥാന്‍ റോയല്‍സ് ലക്ഷ്യമിടുന്നത്. ടീമിന്റെ ഈ നീക്കത്തിനും ആരാധകര്‍ക്കിടയില്‍ നിന്നും മികച്ച പിന്തുണയാണ് ലഭിക്കുന്നത്.

നിലവില്‍ കളിച്ച മൂന്ന് മത്സരത്തിലും വിജയിച്ച് പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് രാജസ്ഥാന്‍ റോയല്‍സ്. ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരങ്ങളില്‍ ലഖ്നൗവിനെയും ദല്‍ഹിയെയും തോല്‍പിച്ചപ്പോള്‍ വാംഖഡെ സ്റ്റേഡിയത്തിലെത്തി മുംബൈ ഇന്ത്യന്‍സിനെയും പരാജയപ്പെടുത്തിയാണ് സഞ്ജുവും സംഘവും അപരാജിതരായി തുടരുന്നത്.

റോയല്‍ ചലഞ്ചേഴ്സിനെതിരെ വിജയിച്ചാല്‍ പോയിന്റെ പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്താനും സഞ്ജുവിനും സംഘത്തിനുമാകും.

Content highlight: IPL 2024: RR vs RCB: Josh Buttler to become the first England player to complete 100 matches in IPL

We use cookies to give you the best possible experience. Learn more