ഇങ്ങനെ ഒന്ന് ഇതുവരെ കണ്ടിട്ടില്ലല്ലോ! രാജസ്ഥാന്‍ താരം കഴുത്തിലണിഞ്ഞത് എന്താണ്? ഇതുകൊണ്ടുള്ള ഉപയോഗമെന്ത്?
IPL
ഇങ്ങനെ ഒന്ന് ഇതുവരെ കണ്ടിട്ടില്ലല്ലോ! രാജസ്ഥാന്‍ താരം കഴുത്തിലണിഞ്ഞത് എന്താണ്? ഇതുകൊണ്ടുള്ള ഉപയോഗമെന്ത്?
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 15th May 2024, 9:34 pm

 

ഐ.പി.എല്‍ 2024ലെ 65ാം മത്സരത്തിനാണ് ഗവാഹത്തിയിലെ ബര്‍സാപര സ്‌റ്റേഡിയം വേദിയാകുന്നത്. രാജസ്ഥാന്‍ റോയല്‍സിന്റെ രണ്ടാം ഹോം സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ പഞ്ചാബ് കിങ്‌സാണ് എതിരാളികള്‍.

നേരത്തെ, മത്സരത്തില്‍ ടോസ് നേടിയ രാജസ്ഥാന്‍ റോയല്‍സ് ബാറ്റിങ് തെരഞ്ഞെടുത്തു.

ജോസ് ബട്‌ലര്‍ രാജസ്ഥാന്‍ ക്യാമ്പ് വിട്ടതിന് ശേഷമുള്ള ആദ്യ മത്സരത്തില്‍ ആര് യശസ്വി ജെയ്‌സ്വാളിനൊപ്പം ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുമെന്നായിരുന്നു ആരാധകര്‍ ഉറ്റുനോക്കിയത്. സ്‌ക്വാഡില്‍ നിന്നുതന്നെയുള്ള നിരവധി ഓപ്ഷനുകളില്‍ നിന്നും ഇംഗ്ലണ്ട് താരം ടോം കോലര്‍ കാഡ്‌മോറിനെയാണ് രാജസ്ഥാന്‍ തെരഞ്ഞെടുത്തത്.

ഐ.എല്‍. ടി-20യില്‍ ഷാര്‍ജ വാറിയേഴ്‌സിന്റെ ക്യാപ്റ്റനായ കാഡ്‌മോറില്‍ നിന്നും ആരാധകര്‍ കാര്യമായി പ്രതീക്ഷിച്ചെങ്കിലും ഇംഗ്ലണ്ട് താരം നിരാശപ്പെടുത്തി. 23 പന്ത് നേരിട്ട് 18 റണ്‍സാണ് താരം സ്വന്തമാക്കിയത്.

രണ്ട് ബൗണ്ടറിയും ഒരു സിക്‌സറും അടങ്ങുന്നതായിരുന്നു കാഡ്‌മോറിന്റെ ഇന്നിങ്‌സ്. ടീം സ്‌കോര്‍ 43ല്‍ നില്‍ക്കവെ രാഹുല്‍ ചഹറിന്റെ പന്തില്‍ ജിതേഷ് ശര്‍മക്ക് ക്യാച്ച് നല്‍കിയാണ് താരം മടങ്ങിയത്.

താരത്തിന്റെ ഇന്നിങ്‌സിനെക്കാളേറെ കാഡ്‌മോര്‍ കഴുത്തില്‍ ധരിച്ച അത്യാധുനിക ഉപകരണമാണ് ക്രിക്കറ്റ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചായകുന്നത്. ഐ.പി.എല്ലില്‍ അധികം താരങ്ങള്‍ ധരിച്ച് കാണാത്ത ഈ ഉപകരണം എന്താണെന്നും അതിന്റെ ഉപയോഗമെന്തെന്നാണെന്നും ആരാധകര്‍ പരസ്പരം ചോദിച്ചുതുടങ്ങി.

 

ക്യു കോളര്‍ (Q-Collar) എന്ന ഉപകരണമാണ് താരം കഴുത്തില്‍ ധരിച്ചത്. കളിക്കിടെ തലയിടിച്ചുവീഴുമ്പോഴോ മറ്റോ തലച്ചോറിനേല്‍ക്കുന്ന ക്ഷതത്തിന്റെ ആഘാതത്തിന്റെ തോത് കുറയ്ക്കാന്‍ വേണ്ടിയുള്ളതാണ് ക്യു കോളര്‍. കളിക്കളത്തില്‍ താരങ്ങളുടെ സുരക്ഷക്കായി ഉപയോഗിക്കുന്ന ഡിവൈസാണ് ഇത്.

കഴുത്തിന് ചുറ്റുമുള്ള രക്തക്കുഴലുകളെ മൃദുമായി അമര്‍ത്തുന്ന തരത്തിലാണ് ഈ ഉപകരണം ഡിസൈന്‍ ചെയ്തിട്ടുള്ളത്. ഇതിലൂടെ ഒരു ബബിള്‍ റാപ് (Bubble Wrap) ഇഫക്ട് തലച്ചോറിന് ചുറ്റും സൃഷ്ടിക്കപ്പെടും. ഇതിലൂടെ പരിക്കിന്റെ സാധ്യതകള്‍ കുറയ്ക്കുകയും ചെയ്യുന്നു.

അതേസമയം, ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 144 റണ്‍സാണ് നേടിയത്. 34 പന്തില്‍ 48 റണ്‍സ് നേടിയ റിയാന്‍ പരാഗാണ് ടീമിന്റെ ടോപ് സ്‌കോറര്‍. 19 പന്തില്‍ 28 റണ്‍സ് നേടിയ ആര്‍. അശ്വിനാണ് ടീമിനായി രണ്ടാമത് ഏറ്റവുമധികം സ്‌കോര്‍ കണ്ടെത്തിയത്.

പഞ്ചാബ് കിങ്‌സിനായി രാഹുല്‍ ചഹര്‍, ഹര്‍ഷല്‍ പട്ടേല്‍, സാം കറന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടിയപ്പോള്‍ നഥാന്‍ എല്ലിസും അര്‍ഷ്ദീപ് സിങ്ങും ഓരോ വിക്കറ്റും നേടി.

രാജസ്ഥാന്‍ റോയല്‍സ് പ്ലെയിങ് ഇലവന്‍

യശസ്വി ജെയ്‌സ്വാള്‍, ടോം കോലര്‍ കാഡ്‌മോര്‍, സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), റിയാന്‍ പരാഗ്, ധ്രുവ് ജുറെല്‍, റോവ്മന്‍ പവല്‍, ആര്‍. അശ്വിന്‍, ട്രെന്റ് ബോള്‍ട്ട്, സന്ദീപ് ശര്‍മ, ആവേശ് ഖാന്‍, യൂസ്വേന്ദ്ര ചഹല്‍.

പഞ്ചാബ് കിങ്‌സ് പ്ലെയിങ് ഇലവന്‍

പ്രഭ്‌സിമ്രാന്‍ സിങ്, ജോണി ബെയര്‍സ്‌റ്റോ (വിക്കറ്റ് കീപ്പര്‍), റിലി റൂസോ, ശശാങ്ക് സിങ്, ജിതേഷ് ശര്‍മ, സാം കറന്‍ (ക്യാപ്റ്റന്‍), ഹര്‍പ്രീത് ബ്രാര്‍, ഹര്‍ഷല്‍ പട്ടേല്‍, നഥാന്‍ എല്ലിസ്, രാഹുല്‍ ചഹര്‍, അര്‍ഷ്ദീപ് സിങ്.

 

 

Content Highlight: IPL 2024: RR vs PBKS: Tom Kohler Cadmore wears a q collar around his neck