ഐ.പി.എല്‍ 2024ലെ 65ാം മത്സരത്തിന് രാജസ്ഥാന്‍ റോയല്‍സിന്റെ രണ്ടാം ഹോം സ്‌റ്റേഡിയമായ ബര്‍സാപര സ്‌റ്റേഡിയം വേദിയാവുകകയാണ്. പഞ്ചാബ് കിങ്‌സാണ് മത്സരത്തില്‍ പിങ്ക് ആര്‍മിയുടെ എതിരാളികള്‍. പ്ലേ ഓഫിന് യോഗ്യത നേടിയ ശേഷമുള്ള രാജസ്ഥാന്റെ ആദ്യ മത്സരമാണിത്.
മത്സരത്തില്‍ ടോസ് നേടിയ സഞ്ജു ബാറ്റിങ് തെരഞ്ഞെടുത്തു.
ജോസ് ബട്‌ലറിന്റെ അഭാവമാണ് രാജസ്ഥാന്‍ ആരാധകരെ നിരാശരാക്കുന്നത്. ടി-20 ലോകകപ്പിന് മുന്നോടിയായി ഇ.സി.ബി തങ്ങളുടെ ലോകകപ്പ് താരങ്ങളെ തിരിച്ചുവിളിച്ചിരിക്കുകയാണ്. ബട്‌ലറാണ് ടി-20 ലോകകപ്പില്‍ ഇംഗ്ലണ്ടിനെ നയിക്കുന്നത്. കഴിഞ്ഞ ദിവസമാണ് താരം രാജസ്ഥാന്‍ ക്യാമ്പിനോട് ഗുഡ് ബൈ പറഞ്ഞത്.
ബട്‌ലറിന് പകരക്കാരനായി ആരെത്തുമെന്നാണ് ആരാധകര്‍ കണ്ണിമ വെട്ടാതെ നോക്കിയിരുന്നത്. ഇംഗ്ലണ്ട് വിക്കറ്റ് കീപ്പര്‍ ബാറ്ററായ ജോസ് ബട്‌ലറിന് പകരക്കാരനായി മറ്റൊരു ഇംഗ്ലീഷ് വിക്കറ്റ് കീപ്പര്‍ ബാറ്ററെയാണ് രാജസ്ഥാന്‍ വിശ്വസിച്ച് ഓപ്പണിങ്ങില്‍ കളത്തിലിറക്കുന്നത്.
കഴിഞ്ഞ ഡിസംബറില്‍ നടന്ന താരലേലത്തില്‍ രാജസ്ഥാന്‍ റോയല്‍സ് സവായ് മാന്‍സിങ് സ്‌റ്റേഡിയത്തിലെത്തിച്ച ടോം കോലര്‍ കാഡ്‌മോറാണ് ജെയ്‌സ്വാളിനൊപ്പം ഓപ്പണിങ്ങിനിറങ്ങുക.
മോശമല്ലാത്ത പ്രകടനമാണ് ടി-20 ഫോര്‍മാറ്റില്‍ ടി.കെ.സി പുറത്തെടുക്കുന്നത്. ടി-20യില്‍ ഇതുവരെ 187 ഇന്നിങ്‌സില്‍ നിന്നും 140+ സ്‌ട്രൈക്ക് റേറ്റില്‍ 4,734 റണ്‍സാണ് താരം സ്വന്തമാക്കിയത്. ഒരു സെഞ്ച്വറിയും 34 അര്‍ധ സെഞ്ച്വറിയുമാണ് താരം ഫോര്‍മാറ്റില്‍ നേടിയത്. 2016ല്‍ ഡുര്‍ഹാമിനെതിരെ വോര്‍സ്റ്റര്‍ഷെയര്‍ റാപിഡ്‌സിനായി 54 പന്തില്‍ 127 റണ്‍സ് താരം നേടിയിരുന്നു.
ഇതിന് പുറമെ ഈ വര്‍ഷമാദ്യം നടന്ന ഐ.എല്‍ ടി-20യില്‍ ഷാര്‍ജ വാറിയേഴ്‌സിനെ നയിച്ചതും ടി.കെ.സിയായിരുന്നു.
രാജസ്ഥാന്‍ ക്വാളിഫയര്‍ വണ്ണില്‍ സ്ഥാനം പിടിക്കാന്‍ ഒരുങ്ങുമ്പോള്‍ നിലവില്‍ പോയിന്റ് പട്ടികയില്‍ പത്താം സ്ഥാനക്കാരായ പഞ്ചാബിന് മികച്ച പ്രകടനം പുറത്തെടുത്ത് തലകുനിക്കാതെ സീസണിനോട് വിടപറയുക മാത്രമാണ് ഇനി ചെയ്യാനുള്ളത്.
രാജസ്ഥാന്‍ റോയല്‍സ് പ്ലെയിങ് ഇലവന്‍
യശസ്വി ജെയ്‌സ്വാള്‍, ടോം കോലര്‍ കാഡ്‌മോര്‍, സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), റിയാന്‍ പരാഗ്, ധ്രുവ് ജുറെല്‍, റോവ്മന്‍ പവല്‍, ആര്‍. അശ്വിന്‍, ട്രെന്റ് ബോള്‍ട്ട്, സന്ദീപ് ശര്‍മ, ആവേശ് ഖാന്‍, യൂസ്വേന്ദ്ര ചഹല്‍.
പഞ്ചാബ് കിങ്‌സ് പ്ലെയിങ് ഇലവന്‍
പ്രഭ്‌സിമ്രാന്‍ സിങ്, ജോണി ബെയര്‍സ്‌റ്റോ (വിക്കറ്റ് കീപ്പര്‍), റിലി റൂസോ, ശശാങ്ക് സിങ്, ജിതേഷ് ശര്‍മ, സാം കറന്‍ (ക്യാപ്റ്റന്‍), ഹര്‍പ്രീത് ബ്രാര്‍, ഹര്‍ഷല്‍ പട്ടേല്‍, നഥാന്‍ എല്ലിസ്, രാഹുല്‍ ചഹര്‍, അര്‍ഷ്ദീപ് സിങ്.
Content highlight: IPL 2024: RR vs PBKS: Tom Kohler Cadmore replaces Jos Buttler