ഐ.പി.എല്‍ 2024ലെ 65ാം മത്സരത്തിനാണ് ഗുവാഹത്തിയിലെ ബര്‍സാപര സ്‌റ്റേഡിയം വേദിയാകുന്നത്. രാജസ്ഥാന്‍ റോയല്‍സിന്റെ രണ്ടാം ഹോം സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ പഞ്ചാബ് കിങ്‌സാണ് എതിരാളികള്‍.
മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത രാജസ്ഥാന് പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചില്ല. യശസ്വി ജെയ്‌സ്വാളും സഞ്ജു സാംസണും റോവ്മന്‍ പവലും അടക്കമുള്ളവര്‍ പാടെ നിരാശപ്പെടുത്തി.
നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 144 റണ്‍സ് മാത്രമാണ് രാജസ്ഥാന് നേടാന്‍ സാധിച്ചത്. ഹോം ടൗണ്‍ ബോയ് റിയാന്‍ പരാഗിന്റെയും വെറ്ററന്‍ ആര്‍. അശ്വിനിന്റെയും ഇന്നിങ്‌സുകളാണ് രാജസ്ഥാനെ വമ്പന്‍ വീഴ്ചയില്‍ നിന്നും കരകയറ്റിയത്.
റിയാന്‍ പരാഗ് 34 പന്തില്‍ നിന്നും 48 റണ്‍സാണ് നേടിയത്. ആറ് ബൗണ്ടറികളടക്കം 141.18 സ്‌ട്രൈക്ക് റേറ്റിലാണ് താരം സ്‌കോര്‍ ചെയ്തത്.
19 പന്തില്‍ മൂന്ന് ബൗണ്ടറിയുടെയും ഒരു സിക്‌സറിന്റെയും അകമ്പടിയോടെ 28 റണ്‍സാണ് അശ്വിന്‍ ടോട്ടലിലേക്ക് കൂട്ടിച്ചേര്‍ത്തത്.
15 പന്തില്‍ 18 റണ്‍സാണ് സഞ്ജു സാംസണ്‍ നേടിയത്. ബാറ്റിങ്ങില്‍ ആരാധകര്‍ പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചില്ലെങ്കിലും ബാറ്റെടുത്ത് ക്രീസിലെത്തും മുമ്പ് ഒരു റെക്കോഡ് നേടാന്‍ സഞ്ജുവിനായി.
ടി-20 ഫോര്‍മാറ്റില്‍ ഏറ്റവുമധികം തവണ ടീമിനെ നയിച്ച ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍മാരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്കുയര്‍ന്നാണ് സാംസണ്‍ റെക്കോഡിട്ടത്. ഇത് 78ാം തവണയാണ് സഞ്ജു വിക്കറ്റ് കീപ്പറായി ടീമിനെ നയിക്കുന്നത്. 77 തവണ ടീമിനെ നയിച്ച ദിനേഷ് കാര്‍ത്തിക്കിനെ മറികടന്നാണ് താരം രണ്ടാമതെത്തിയത്.
ഈ നേട്ടം കൈവരിച്ച ഇന്ത്യന്‍ താരങ്ങളുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തിയ സഞ്ജു, ക്രിക്കറ്റ് ചരിത്രത്തില്‍ പട്ടികയില്‍ ആറാമതുമെത്തി.
ടി-20യില്‍ ഏറ്റവുമധികം തവണ ടീമിനെ നയിച്ച വിക്കറ്റ് കീപ്പര്‍
(താരം – മാച്ച് എന്നീ ക്രമത്തില്‍)
എം.എസ്. ധോണി – 316
സര്‍ഫറാസ് ഖാന്‍ – 160
മുസ്തഫിസുര്‍ റഹ്‌മാന്‍ – 130
കുമാര്‍ സംഗക്കാര – 94
ആദം ഗില്‍ക്രിസ്റ്റ് – 83
സഞ്ജു സാംസണ്‍ – 78*
ദിനേഷ് കാര്‍ത്തിക് – 77
സാം ബില്ലിങ്‌സ് – 74
അതേസമയം, രാജസ്ഥാന്‍ ഉയര്‍ത്തിയ 145 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ പഞ്ചാബിനും തുടക്കം പാളി. പവര്‍പ്ലേ അവസാനിക്കും മുമ്പ് തന്നെ മൂന്ന് വിക്കറ്റ് നഷ്ടപ്പെട്ടാണ് പഞ്ചാബ് പതറുന്നത്. പ്രഭ്‌സിമ്രാന്‍ സിങ്, റിലി റൂസോ, ശശാങ്ക് സിങ് എന്നിവരെയാണ് പഞ്ചാബിന് നഷ്ടമായത്.
നിലവില്‍ ആറ് ഓവര്‍ പിന്നിടുമ്പോള്‍ 38ന് മൂന്ന് എന്ന നിലയിലാണ് പഞ്ചാബ്. 14 പന്തില്‍ ഒമ്പത് റണ്‍സുമായി ജോണി ബെയര്‍സ്‌റ്റോയും മൂന്ന് പന്തില്‍ രണ്ട് റണ്‍സുമായി സാം കറനുമാണ് ക്രീസില്‍.
രാജസ്ഥാന്‍ റോയല്‍സ് പ്ലെയിങ് ഇലവന്‍
യശസ്വി ജെയ്‌സ്വാള്‍, ടോം കോലര്‍ കാഡ്‌മോര്‍, സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), റിയാന്‍ പരാഗ്, ധ്രുവ് ജുറെല്‍, റോവ്മന്‍ പവല്‍, ആര്‍. അശ്വിന്‍, ട്രെന്റ് ബോള്‍ട്ട്, സന്ദീപ് ശര്‍മ, ആവേശ് ഖാന്‍, യൂസ്വേന്ദ്ര ചഹല്‍.
പഞ്ചാബ് കിങ്‌സ് പ്ലെയിങ് ഇലവന്‍
പ്രഭ്‌സിമ്രാന്‍ സിങ്, ജോണി ബെയര്‍സ്‌റ്റോ (വിക്കറ്റ് കീപ്പര്‍), റിലി റൂസോ, ശശാങ്ക് സിങ്, ജിതേഷ് ശര്‍മ, സാം കറന്‍ (ക്യാപ്റ്റന്‍), ഹര്‍പ്രീത് ബ്രാര്‍, ഹര്‍ഷല്‍ പട്ടേല്‍, നഥാന്‍ എല്ലിസ്, രാഹുല്‍ ചഹര്‍, അര്‍ഷ്ദീപ് സിങ്.
Content Highlight: IPL 2024: RR vs PBKS: Sanju Samson surpassed Dinesh Karthik