ഐ.പി.എല്‍ 2024ലെ 65ാം മത്സരത്തിനാണ് രാജസ്ഥാന്‍ റോയല്‍സ് തങ്ങളുടെ രണ്ടാം ഹോം സ്റ്റേഡിയമായ ബര്‍സാപരയിലെത്തിയത്. പഞ്ചാബ് കിങ്സാണ് ഐ.പി.എല്‍ എല്‍ ക്ലാസിക്കോയില്‍ പിങ്ക് ആര്‍മിയുടെ എതിരാളികള്‍. പ്ലേ ഓഫിന് യോഗ്യത നേടിയ ശേഷമുള്ള രാജസ്ഥാന്റെ ആദ്യ മത്സരമാണിത്.
മത്സരത്തില്‍ ടോസ് നേടിയ സഞ്ജു സാംസണ്‍ ബാറ്റിങ് തെരഞ്ഞെടുത്തു.
ഇംഗ്ലണ്ട് സൂപ്പര്‍ താരം ജോസ് ബട്‌ലറിന്റെ അഭാവത്തില്‍ മറ്റൊരു ഇംഗ്ലണ്ട് വിക്കറ്റ് കീപ്പര്‍ ബാറ്ററായ ടോം കോലര്‍ കാഡ്‌മോറിനെയാണ് രാജസ്ഥാന്‍ റോയല്‍സ് ജെയ്‌സ്വാളിനൊപ്പം ഓപ്പണിങ്ങിനിറക്കിയത്. ഐ.പി.എല്ലില്‍ താരത്തിന്റെ അരങ്ങേറ്റ മത്സരമാണിത്.
Welcome to TOM KOHLER-CADMORE, IPL 🔥💪
— Rajasthan Royals (@rajasthanroyals) May 15, 2024
പ്രതീക്ഷിച്ച തുടക്കമല്ല റോയല്‍സിന് ലഭിച്ചത്. പഞ്ചാബ് നായകന്‍ സാം കറന്‍ എറിഞ്ഞ ആദ്യ ഓവറിലെ ആദ്യ പന്തില്‍ ജെയ്‌സ്വാള്‍ ബൗണ്ടറി നേടി. എന്നാല്‍ സ്‌കോര്‍ ബോര്‍ഡില്‍ മറ്റൊരു റണ്‍സ് കൂട്ടിച്ചേര്‍ക്കും മുമ്പ് തന്നെ സാം കറന്‍ താരത്തെ പുറത്താക്കി. ഓവറിലെ നാലാം പന്തില്‍ ക്ലീന്‍ ബൗള്‍ഡായാണ് താരം മടങ്ങിയത്.
വണ്‍ ഡൗണായി ക്യാപ്റ്റന്‍ സഞ്ജു സാംസണാണ് കളത്തിലിറങ്ങിയത്. ടി.കെ.സിക്കൊപ്പം താരം പതിയെ സ്‌കോര്‍ ബോര്‍ഡ് ചലിപ്പിക്കുകയാണ്.
ഇതിനിടെ സഞ്ജു മറ്റൊരു നേട്ടവും സ്വന്തമാക്കിയിരുന്നു. സീസണില്‍ 500 റണ്‍സെന്ന നേട്ടമാണ് താരം സ്വന്തമാക്കിയത്. പഞ്ചാബിനെതിരെ 14 റണ്‍സ് കണ്ടെത്തിയതോടെയാണ് സഞ്ജു 500 മാര്‍ക് പിന്നിട്ടത്.
— Rajasthan Royals (@rajasthanroyals) May 15, 2024
2013 മുതലുള്ള ഐ.പി.എല്‍ കരിയറില്‍ ഇതാദ്യമായാണ് സഞ്ജു ഒരു സീസണില്‍ 500 റണ്‍സ് പൂര്‍ത്തിയാക്കുന്നത്. ഇതിന് മുമ്പ് 2021ല്‍ നേടിയ 484 റണ്‍സായിരുന്നു സഞ്ജുവിന്റെ ഉയര്‍ന്ന സ്‌കോര്‍.
ഇതിന് പുറമെ മറ്റൊരു നേട്ടവും സഞ്ജു സ്വന്തമാക്കി. രാജസ്ഥാന്‍ റോയല്‍സിനായി ഒരു സീസണില്‍ 500 റണ്‍സ് നേടുന്ന അഞ്ചാമത് താരമെന്ന നേട്ടമാണ് രാജസ്ഥാന്‍ നായകന്‍ തന്റെ പേരിലും കുറിച്ചത്.
അജിന്‍ക്യ രഹാനെ, ഷെയ്ന്‍ വാട്സണ്‍, ജോസ് ബട്‌ലര്‍, യശസ്വി ജെയ്സ്വാള്‍ എന്നിവരാണ് ഇതിന് മുമ്പ് ഒരു സീസണില്‍ 500 റണ്‍സെന്ന മാജിക്കല്‍ നമ്പര്‍ പിന്നിട്ടത്.
അതേസമയം, പവര്‍പ്ലേ അവസാനിക്കുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 38 റണ്‍സ് എന്ന നിലയിലാണ് രാജസ്ഥാന്‍. 12 പന്തില്‍ 17 റണ്‍സുമായി സഞ്ജു സാംസണും 20 പന്തില്‍ 17 റണ്‍സുമായി ടോം തോലര്‍ കാഡ്‌മോറുമാണ് ക്രീസില്‍.