ഐ.പി.എല്‍ 2024ലെ 65ാം മത്സരത്തിനാണ് ഗുവാഹത്തിയിലെ അസം ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയം വേദിയാകുന്നത്. രാജസ്ഥാന്‍ റോയല്‍സിന്റെ രണ്ടാം ഹോം ഗ്രൗണ്ടില്‍ നടക്കുന്ന മത്സരത്തില്‍ പഞ്ചാബ് കിങ്‌സാണ് എതിരാളികള്‍.
മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത രാജസ്ഥാന് പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചിരുന്നില്ല. യശസ്വി ജെയ്‌സ്വാളും സഞ്ജു സാംസണും റോവ്മന്‍ പവലും അടക്കമുള്ള സൂപ്പര്‍ താരങ്ങള്‍ പാടെ നിരാശപ്പെടുത്തി.
നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 144 റണ്‍സ് മാത്രമാണ് രാജസ്ഥാന് നേടാന്‍ സാധിച്ചത്. ഹോം ടൗണ്‍ ബോയ് റിയാന്‍ പരാഗിന്റെയും വെറ്ററന്‍ ആര്‍. അശ്വിനിന്റെയും ഇന്നിങ്‌സുകളാണ് രാജസ്ഥാനെ വമ്പന്‍ വീഴ്ചയില്‍ നിന്നും കരകയറ്റിയത്.
റിയാന്‍ പരാഗ് 34 പന്തില്‍ നിന്നും 48 റണ്‍സാണ് നേടിയത്. ആറ് ബൗണ്ടറികളടക്കം 141.18 സ്‌ട്രൈക്ക് റേറ്റിലാണ് താരം സ്‌കോര്‍ ചെയ്തത്.
19 പന്തില്‍ മൂന്ന് ബൗണ്ടറിയുടെയും ഒരു സിക്‌സറിന്റെയും അകമ്പടിയോടെ 28 റണ്‍സാണ് അശ്വിന്‍ ടോട്ടലിലേക്ക് കൂട്ടിച്ചേര്‍ത്തത്.
ഈ മികച്ച പ്രകടനത്തിന് പിന്നാലെ ഒരു തകര്‍പ്പന്‍ നേട്ടവും പരാഗ് സ്വന്തമാക്കിയിരുന്നു. സീസണിലെ 500 റണ്‍സ് മാര്‍ക് പിന്നിട്ടാണ് പരാഗ് തന്റെ സ്വപ്‌നതുല്യമായ സീസണ് ഒന്നുകൂടി സ്‌പെഷ്യലാക്കിയത്. കരിയറില്‍ ഇതാദ്യമായാണ് പരാഗ് ഒരു സീസണില്‍ 500 മാര്‍ക് പിന്നിടുന്നത്.
ഇതേ മത്സരത്തില്‍ തന്നെ സഞ്ജു സാംസണും 500 റണ്‍സെന്ന മാജിക്കല്‍ മൈല്‍സ്റ്റോണ്‍ പിന്നിട്ടിരുന്നു. പരാഗിനെ പോലെ കരിയറില്‍ ഇതാദ്യമായാണ് സഞ്ജുവും ഈ നേട്ടം സ്വന്തമാക്കുന്നത്.
എന്നാല്‍ സഞ്ജുവിന്റെ നേട്ടത്തെക്കാള്‍ പരാഗിന്റെ 500 റണ്‍സ് നേട്ടം ഒരല്‍പം സ്‌പെഷ്യലാണ്. സ്വന്തം മണ്ണില്‍ സ്വന്തം കാണികള്‍ക്ക് മുമ്പിലാണ് താരം ഈ നേട്ടത്തിലെത്തിയത്. അതിനേക്കാളുപരി ഈ സീസണില്‍ 500 റണ്‍സ് മാര്‍ക് പിന്നിടുന്ന ആദ്യ അണ്‍ക്യാപ്ഡ് താരം കൂടിയാണ് പരാഗ്.
രാജസ്ഥാന്റെ ചരിത്രത്തില്‍ ഇത് രണ്ടാം തവണയാണ് ഒരു അണ്‍ക്യാപ്ഡ് താരം ഒരു സീസണില്‍ 500+ റണ്‍സ് നേടുന്നത്. 2021ല്‍ യശസ്വി ജെയ്‌സ്വാളാണ് ഈ നേട്ടത്തിലെത്തിയ ആദ്യ രാജസ്ഥാന്‍ താരം.
അതേസമയം, രാജസ്ഥാന്‍ ഉയര്‍ത്തിയ 145 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ പഞ്ചാബിനും തുടക്കം പാളി. പവര്‍പ്ലേ അവസാനിക്കും മുമ്പ് തന്നെ മൂന്ന് വിക്കറ്റ് നഷ്ടപ്പെട്ടാണ് പഞ്ചാബ് പതറുന്നത്. പ്രഭ്സിമ്രാന്‍ സിങ്, റിലി റൂസോ, ശശാങ്ക് സിങ് എന്നിവരെയാണ് പഞ്ചാബിന് നഷ്ടമായത്.
നിലവില്‍ പത്ത് ഓവര്‍ പിന്നിടുമ്പോള്‍ 63ന് നാല് എന്ന നിലയിലാണ് പഞ്ചാബ്.അഞ്ച് പന്തില്‍ എട്ട് റണ്‍സുമായി ജിതേഷ് ശര്‍മയും 14 പന്തില്‍ 13 റണ്‍സുമായി ക്യാപ്റ്റന്‍ സാം കറനുമാണ് ക്രീസില്‍.
രാജസ്ഥാന്‍ റോയല്‍സ് പ്ലെയിങ് ഇലവന്‍
യശസ്വി ജെയ്‌സ്വാള്‍, ടോം കോലര്‍ കാഡ്‌മോര്‍, സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), റിയാന്‍ പരാഗ്, ധ്രുവ് ജുറെല്‍, റോവ്മന്‍ പവല്‍, ആര്‍. അശ്വിന്‍, ട്രെന്റ് ബോള്‍ട്ട്, സന്ദീപ് ശര്‍മ, ആവേശ് ഖാന്‍, യൂസ്വേന്ദ്ര ചഹല്‍.
പഞ്ചാബ് കിങ്‌സ് പ്ലെയിങ് ഇലവന്‍
പ്രഭ്‌സിമ്രാന്‍ സിങ്, ജോണി ബെയര്‍സ്‌റ്റോ (വിക്കറ്റ് കീപ്പര്‍), റിലി റൂസോ, ശശാങ്ക് സിങ്, ജിതേഷ് ശര്‍മ, സാം കറന്‍ (ക്യാപ്റ്റന്‍), ഹര്‍പ്രീത് ബ്രാര്‍, ഹര്‍ഷല്‍ പട്ടേല്‍, നഥാന്‍ എല്ലിസ്, രാഹുല്‍ ചഹര്‍, അര്‍ഷ്ദീപ് സിങ്.
Content highlight: IPL 2024: RR vs PBKS: Riyan Parag becomes the first uncapped batter to complete 500 runs in this season