ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന രാജസ്ഥാന്‍ റോയല്‍സ് – പഞ്ചാബ് കിങ്‌സ് ‘എല്‍ ക്ലാസിക്കോ’ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് വിജയിച്ചിരുന്നു. പഞ്ചാബിന്റെ ഹോം സ്‌റ്റേഡിയമായ മൊഹാലിയിലെ മഹാരാജ യാദവീന്ദ്ര സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ മൂന്ന് വിക്കറ്റിനായിരുന്നു രാജസ്ഥാന്റെ വിജയം.
മത്സരത്തില്‍ ടോസ് നേടി എതിരാളികളെ ബാറ്റിങ്ങിനയച്ച രാജസ്ഥാന്‍ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 147 റണ്‍സിന് പഞ്ചാബിനെ തളച്ചു. 16 പന്തില്‍ 31 റണ്‍സ് നേടിയ അശുതോഷ് ശര്‍മയും 24 പന്തില്‍ 29 റണ്‍സ് നേടിയ ജിതേഷ് ശര്‍മയുമാണ് പഞ്ചാബിനായി നിര്‍ണായകമായത്.
രാജസ്ഥാനായി കേശവ് മഹാരാജും ആവേശ് ഖാനും രണ്ട് വിക്കറ്റ് വീതം നേടിയപ്പോള്‍ ട്രെന്റ് ബോള്‍ട്ട്, യൂസ്വേന്ദ്ര ചഹല്‍, കുല്‍ദീപ് സെന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി.
148 റണ്‍സിന്റെ ലക്ഷ്യം രാജസ്ഥാന്‍ അനായാസം മറികടക്കുമെന്ന് കരുതിയിരുന്നവരെ പഞ്ചാബ് ബൗളര്‍മാര്‍ ഒന്നടങ്കം ഞെട്ടിച്ചു. കഗീസോ റബാദയുടെ മികച്ച പ്രകടനമാണ് രാജസ്ഥാനെ അനായാസ വിജയത്തില്‍ നിന്നും തട്ടിയകറ്റിയത്. കഗീസോ റബാദക്ക് പുറമെ ക്യാപ്റ്റന്റെ റോളിലെത്തിയ സാം കറനും ലിയാം ലിവിങ്സ്റ്റണും മികച്ച രീതിയില്‍ പന്തെറിഞ്ഞു.
എന്നാല്‍ എന്തുകൊണ്ടാണ് രാജസ്ഥാന്‍ ആരാധകര്‍ തന്നെ മധ്യനിരയിലെ വിശ്വസ്തന്‍ എന്ന് വിശേഷിപ്പിക്കുന്നതെന്ന് ഷിംറോണ്‍ ഹെറ്റ്‌മെയര്‍ കാണിച്ചുകൊടുത്തതോടെ പഞ്ചാബ് തോല്‍വിയറിഞ്ഞു. അര്‍ഷ്ദീപ് സിങ്ങെറിഞ്ഞ അവസാന ഓവറില്‍ രണ്ട് സിക്‌സറടക്കം നേടിക്കൊണ്ടാണ് ഹെറ്റി രാജസ്ഥാനെ സീസണിലെ അഞ്ചാം വിജയത്തിലേക്ക് നയിച്ചത്.
രാജസ്ഥാനെതരെ തോല്‍വി വഴങ്ങിയതോടെ ഹോം സ്‌റ്റേഡിയത്തിലും ന്യൂട്രല്‍ വേദിയിലുമായി എറ്റവുമധികം തോല്‍വി വഴങ്ങുന്ന ടീം എന്ന മോശം റെക്കോഡാണ് പഞ്ചാബിനെ തേടിയെത്തിയത്. ദല്‍ഹി ക്യാപ്പിറ്റല്‍സിനെ മറികടന്നാണ് പഞ്ചാബ് കിങ്‌സ് ഈ മോശം റെക്കോഡിലെത്തിയത്.
ഐ.പി.എല്ലില്‍ ഹോം സ്‌റ്റേഡിയത്തില്‍ (+ ന്യൂട്രല്‍ സ്‌റ്റേഡിയത്തില്‍) ഏറ്റവുമധികം തോല്‍വി വഴങ്ങിയ ടീം
പഞ്ചാബ് കിങ്‌സ് – 73 തോല്‍വി*
ദല്‍ഹി ക്യാപ്പറ്റില്‍സ് – 72
റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു – 67
പഞ്ചാബിനെതിരായ മത്സരത്തില്‍ വിജയിച്ചതോടെ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ് രാജസ്ഥാന്‍ റോയല്‍സ്. ആറ് മത്സരത്തില്‍ നിന്നും അഞ്ച് വിജയത്തോടെ പത്ത് പോയിന്റാണ് ടീമിനുള്ളത്.
അതേസമയം, പഞ്ചാബ് ഒരു സ്ഥാനം നഷ്ടപ്പെട്ട് എട്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ആറ് മത്സരത്തില്‍ നിന്നും രണ്ട് ജയവും നാല് തോല്‍വിയുമായി എട്ടാം സ്ഥാനത്താണ് പഞ്ചാബ്.
ഏപ്രില്‍ 16നാണ് രാജസ്ഥാന്റെ അടുത്ത മത്സരം. ഈഡന്‍ ഗാര്‍ഡന്‍സില്‍ നടക്കുന്ന മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സാണ് എതിരാളികള്‍.
മുംബൈ ഇന്ത്യന്‍സിനെതിരെയാണ് പഞ്ചാബ് തങ്ങളുടെ അടുത്ത മത്സരത്തിനിറങ്ങുന്നത്. ഏപ്രില്‍ 18ന് സ്വന്തം തട്ടകമായ മഹാരാജ യാദവീന്ദ്ര സ്റ്റേഡിയത്തിലാണ് പഞ്ചാബ് മുംബൈയെ നേരിടുന്നത്.
Content Highlight: IPL 2024: RR vs PBKS: Punjab Kings create a worst record