| Monday, 1st April 2024, 8:07 pm

ഇത് എങ്ങനെ സഹിക്കും, ടീം ചരിത്രം കുറിച്ചപ്പോള്‍ ആരും ആഗ്രഹിക്കാത്ത നേട്ടം രോഹിത്തിന്; ആദ്യ ഓവര്‍ മാജിക്കില്‍ വാംഖഡെ തേങ്ങുന്നു

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ 2024ലെ ആദ്യ ഹോം മത്സരത്തില്‍ ചരിത്ര നേട്ടം കുറിച്ചാണ് മുംബൈ ഇന്ത്യന്‍സ് രാജസ്ഥാന്‍ റോയല്‍സിനെ നേരിടുന്നത്. ഐ.പി.എല്ലിലെ 250ാം മത്സരമെന്ന സ്വപ്‌ന നേട്ടമാണ് മുംബൈ ഇന്ത്യന്‍സ് സീസണിലെ ആദ്യ ഹോം മത്സരത്തിലൂടെ സ്വന്തമാക്കിയിരിക്കുന്നത്.

ഐ.പി.എല്ലിന്റെ ചരിത്രത്തില്‍ ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ടീമാണ് മുംബൈ ഇന്ത്യന്‍സ്.

ഐ.പി.എല്ലില്‍ ഏറ്റവുമധികം മത്സരം കളിക്കുന്ന ടീമുകള്‍

(ടീം – കളിച്ച മത്സരങ്ങള്‍ എന്നീ ക്രമത്തില്‍)

മുംബൈ ഇന്ത്യന്‍സ് – 250*

റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു – 244

ദല്‍ഹി ക്യാപ്പിറ്റല്‍സ് – 241

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് – 239

പഞ്ചാബ് കിങ്‌സ് – 235

ചെന്നൈ സൂപ്പര്‍ കിങ്‌സ് – 228

എന്നാല്‍ ഈ ചരിത്ര മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ സംബന്ധിച്ച് കാര്യങ്ങള്‍ ഒട്ടും പന്തിയല്ല. മുന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയടക്കം മൂന്ന് താരങ്ങള്‍ ഗോള്‍ഡന്‍ ഡക്കായാണ് പുറത്തായത്.

ട്രെന്റ് ബോള്‍ട്ട് എറിഞ്ഞ ആദ്യ ഓവറില്‍ രോഹിത് ശര്‍മയെയും നമന്‍ ധിറിനെയും ഹോം ടീമിന് നഷ്ടമായിരുന്നു. രോഹിത് ശര്‍മയെ സഞ്ജു സാംസണിന്റെ കൈകളിലെത്തിച്ച് മടക്കിയ ബോള്‍ട്ട് തൊട്ടടുത്ത പന്തില്‍ നമന്‍ ധിറിനെ വിക്കറ്റിന് മുമ്പില്‍ കുടുക്കിയും പുറത്താക്കി.

ബോള്‍ട്ടിന്റെ പന്തില്‍ സഞ്ജു സാംസണിന്റെ കൈകളിലൊതുങ്ങിയതിന് പിന്നാലെ രോഹിത് ശര്‍മ ഒരു മോശം റെക്കോഡും കുറിച്ചിരുന്നു. ഐ.പി.എല്ലിന്റെ ചരിത്രത്തില്‍ ഏറ്റവുമധികം തവണ പൂജ്യത്തിന് പുറത്തായ താരങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തിയാണ് രോഹിത് തലകുനിച്ചുനില്‍ക്കുന്നത്.

ഐ.പി.എല്ലില്‍ ഏറ്റവുമധികം തവണ പൂജ്യത്തിന് പുറത്തായ താരങ്ങള്‍

രോഹിത് – 17*

ദിനേഷ് കാര്‍ത്തിക് – 17

ഗ്ലെന്‍ മാക്‌സ്‌വെല്‍ – 15

മന്‍ദീപ് സിങ് – 15

സുനില്‍ നരെയ്ന്‍ – 15

പീയൂഷ് ചൗള

അതേസമയം, നാല് ഓവര്‍ അവസാനിക്കുമ്പോള്‍ നാലാം വിക്കറ്റും മുംബൈ ഇന്ത്യന്‍സിന് നഷ്ടപ്പെട്ടിരിക്കുകയാണ്. രോഹിത്തിനും മനന്‍ ധിറിനും പുറമെ ഡെവാള്‍ഡ് ബ്രെവിസും ഗോള്‍ഡന്‍ ഡക്കായി മടങ്ങി. ബോള്‍ട്ട് തന്നെയാണ് മൂന്നാം വിക്കറ്റും നേടിയത്.

നാന്ദ്രേ ബര്‍ഗര്‍ എറിഞ്ഞ നാലാം ഓവറില്‍ ഇഷാന്‍ കിഷന്റെ വിക്കറ്റും ഹോം ടീമിന് നഷ്ടമായി. 14 പന്തില്‍ 16 റണ്‍സ് നേടി നില്‍ക്കവെ സഞ്ജുവിന്റെ കൈകളിലൊതുങ്ങാനായിരുന്നു ഇഷാന്റെ വിധി.

മുംബൈ ഇന്ത്യന്‍സ് പ്ലെയിങ് ഇലവന്‍

രോഹിത് ശര്‍മ, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), നമന്‍ ധിര്‍, തിലക് വര്‍മ, ഹര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), ടിം ഡേവിഡ്, ജെറാള്‍ഡ് കോട്‌സി, പീയൂഷ് ചൗള, ആകാശ് മധ്വാള്‍, ജസ്പ്രീത് ബുംറ, ക്വേന മഫാക്ക

രാജസ്ഥാന്‍ റോയല്‍സ് പ്ലെയിങ് ഇലവന്‍

യശസ്വി ജെയ്‌സ്വാള്‍, ജോഷ് ബട്‌ലര്‍, സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), റിയാന്‍ പരാഗ്, ധ്രുവ് ജുറെല്‍, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, ആര്‍. അശ്വിന്‍, ട്രെന്റ് ബോള്‍ട്ട്, ആവേശ് ഖാന്‍, നാന്ദ്രേ ബര്‍ഗര്‍, യൂസ്വേന്ദ്ര ചഹല്‍.

Content highlight: IPL 2024: RR vs MI: Rohit Sharma dismissed for a duck

We use cookies to give you the best possible experience. Learn more