ആദ്യം ഹെല്‍മെറ്റ് പിന്നെ വിക്കറ്റ്; രാജസ്ഥാന്‍ റോയല്‍സ് കൈമാറിയവനെ മൂന്നാം പന്തില്‍ തീര്‍ത്ത് ബോള്‍ട്ട്
IPL
ആദ്യം ഹെല്‍മെറ്റ് പിന്നെ വിക്കറ്റ്; രാജസ്ഥാന്‍ റോയല്‍സ് കൈമാറിയവനെ മൂന്നാം പന്തില്‍ തീര്‍ത്ത് ബോള്‍ട്ട്
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 24th March 2024, 6:24 pm

 

ഐ.പി.എല്‍ 2024ലെ ആദ്യ മത്സരത്തിനിറങ്ങിയ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന് മോശം തുടക്കം. സവായ് മാന്‍സിങ് സ്‌റ്റേഡിയത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ ആദ്യ ഓവര്‍ മുതല്‍ വിക്കറ്റ് നഷ്ടപ്പെട്ടാണ് ലഖ്‌നൗ പതറുന്നത്.

സൂപ്പര്‍ പേസര്‍ ട്രെന്റ് ബോള്‍ട്ടാണ് വിക്കറ്റ് വേട്ടക്ക് തുടക്കമിട്ടത്. ആദ്യ ഓവറിലെ അഞ്ചാം പന്തില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ക്വിന്റണ്‍ ഡി കോക്കിനെ അരങ്ങേറ്റക്കാരന്‍ നാന്ദ്രേ ബര്‍ഗറിന്റെ കൈകളിലെത്തിച്ചാണ് ബോള്‍ട്ട് മടക്കിയത്. അഞ്ച് പന്തില്‍ നാല് റണ്‍സായിരുന്നു താരം നേടിയത്.

രാജസ്ഥാന്‍ റോയല്‍സ് ട്രേഡ് ചെയ്ത ദേവ്ദത്ത് പടിക്കലാണ് ഓവറിലെ അവസാന പന്ത് നേരിടാനെത്തിയത്. ആ പന്തില്‍ റണ്‍സൊന്നും പിറന്നില്ല.

രണ്ടാം ഓവറില്‍ സഞ്ജു സാംസണ്‍ നാന്ദ്രേ ബര്‍ഗറിനെ പന്തേല്‍പിച്ചു. ഐ.പി.എല്‍ കരിയറിലെ ആദ്യ ഓവറില്‍ ആറ് റണ്‍സ് മാത്രമാണ് താരം വഴങ്ങിയത്.

മൂന്നാം ഓവര്‍ എറിയാന്‍ ബോള്‍ട്ട് വീണ്ടും പന്തുമായി നോണ്‍ സ്‌ട്രൈക്കേഴ്‌സ് എന്‍ഡിലെത്തി. ദേവ്ദത്ത് പടിക്കലായിരുന്നു സ്‌ട്രൈക്കിലുണ്ടായിരുന്നത്.

ഓവറിലെ ആദ്യ പന്തില്‍ തന്ന ബൗണ്‍സറിലൂടെയാണ് ബോള്‍ട്ട് പടിക്കലിനെ നേരിട്ടത്. ഒരു ഓവറില്‍ രണ്ട് ബൗണ്‍സര്‍ എറിയാമെന്ന പുതിയ നിയമം മുതലെടുത്താണ് ബോള്‍ട്ട് ഓവറിലെ ആദ്യ പന്ത് തന്നെ ബൗണ്‍സര്‍ എറിഞ്ഞത്.

ആ പന്ത് പടിക്കലിന്റെ ഹെല്‍മെറ്റിലായിരുന്നു ചെന്നുകൊണ്ടത്. ഇതിന് പിന്നാലെ ഫിസിയോകളെത്തി താരത്തെ പരിശോധിച്ചിരുന്നു. ബോള്‍ട്ട് പടിക്കലിനടുത്തെത്തി സംസാരിക്കുകയും ചെയ്തിരുന്നു.

തൊട്ടടുത്ത പന്തില്‍ ദേവ്ദത്തിനെ പുറത്താക്കിയാണ് ബോള്‍ട്ട് മത്സരത്തിലെ രണ്ടാം വിക്കറ്റ് സ്വന്തമാക്കിയത്. ഹാര്‍ഡ് ലെങ്ത്തില്‍ പിച്ച് ചെയ്ത പന്തില്‍ താരം ക്ലീന്‍ ബൗള്‍ഡാവുകയായിരുന്നു. ആ ഓവറില്‍ വെറും ഒറ്റ റണ്‍സ് മാത്രമാണ് പിറന്നത്.

അടുത്ത ഓവറിലെ ആദ്യ പന്തില്‍ ആയുഷ് ബദോനിയെ പുറത്താക്കി നാന്ദ്രേ ബര്‍ഗര്‍ ഐ.പി.എല്ലിലെ ആദ്യ വിക്കറ്റും സ്വന്തമാക്കി.

അതേസമയം, ആറ് ഓവര്‍ പിന്നിടുമ്പോള്‍ 47ന് മൂന്ന് എന്ന നിലയിലാണ് ലഖ്‌നൗ. എട്ട് പന്തില്‍ 18 റണ്‍സുമായി ദീപക് ഹൂഡയും 15 പന്തില്‍ 15 റണ്‍സുമായി കെ.എല്‍. രാഹുലുമാണ് ക്രീസില്‍.

നേരത്തെ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത രാജസ്ഥാന്‍ നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 193 റണ്‍സ് നേടിയിരുന്നു. സഞ്ജു സാംസണിന്റെയും റിയാന്‍ പരാഗിന്റെയും ഇന്നിങ്‌സാണ് രാജസ്ഥാന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.

സഞ്ജു സാംസണ്‍ 52 പന്തില്‍ പുറത്താകാതെ 82 റണ്‍സ് നേടി. മൂന്ന് ഫോറും ആറ് സിക്‌സറും അടക്കം 157.69 എന്ന തകര്‍പ്പന്‍ സ്‌ട്രൈക്ക് റേറ്റിലാണ് സഞ്ജു സ്‌കോര്‍ ചെയ്തത്.

റിയാന്‍ പരാഗ് മൂന്ന് സിക്‌സറും ഒരു ഫോറും അടക്കം 29 പന്തില്‍ 43 റണ്‍സ് നേടി പുറത്തായി. യശസ്വി ജെയ്‌സ്വാള്‍ (12 പന്തില്‍ 24), ധ്രുവ് ജുറെല്‍ (12 പന്തില്‍ 20*) എന്നിവരാണ് രാജസ്ഥാനായി സ്‌കോര്‍ ചെയ്ത മറ്റ് താരങ്ങള്‍.

 

Content highlight: IPL 2024: RR vs LSG: Trent Boult dismissed Devdutt Padikkal