| Sunday, 24th March 2024, 5:24 pm

അഞ്ച് വര്‍ഷമായി തുടരുന്ന സ്ഥിരത; ഒന്നാം മത്സരങ്ങളുടെ രാജകുമാരനായി സഞ്ജു സാംസണ്‍; ഇത് ഹാട്രിക്കല്ല, അതുക്കും മേലെ

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ 2024ല്‍ തങ്ങളുടെ ആദ്യ മത്സരത്തിനിറങ്ങിയിരിക്കുകയാണ് രാജസ്ഥാന്‍ റോയല്‍സ്. തങ്ങളുടെ കോട്ടയായ സവായ് മാന്‍സിങ് സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ കെ.എല്‍. രാഹുലിന്റെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സാണ് എതിരാളികള്‍.

മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത രാജസ്ഥാന്‍ മികച്ച സ്‌കോറിലേക്ക് നടന്നടുക്കുകയാണ്. ക്യാപ്റ്റന്‍ സഞ്ജു സാംസണിന്റെ അര്‍ധ സെഞ്ച്വറിയും യുവതാരം റിയാന്‍ പരാഗിന്റെ തകര്‍പ്പന്‍ ഇന്നിങ്‌സുമാണ് രാജസ്ഥാന് തുണയായത്.

നേരിട്ട 33ാം പന്തിലാണ് ക്യാപ്റ്റന്‍ സഞ്ജു സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. ഓപ്പണര്‍ ജോസ് ബട്‌ലറും യശസ്വി ജെയ്‌സ്വാളും പ്രതീക്ഷക്കൊത്ത് ഉയരാതെ വന്നതോടെ സ്‌കോര്‍ ഉയര്‍ത്താനുള്ള ചുമതല സഞ്ജു ഏറ്റെടുക്കുകയായിരുന്നു.

ഒന്നിന് പിന്നാലെ ഒന്ന് എന്ന നിലയില്‍ സിക്‌സറുകള്‍ പറത്തിയാണ് സഞ്ജു അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്.

തുടര്‍ച്ചയായ അഞ്ചാം വര്‍ഷമാണ് സഞ്ജു സാംസണ്‍ ആദ്യ മത്സരത്തില്‍ 50+ റണ്‍സ് നേടുന്നത്. 2020ല്‍ ആരംഭിച്ച അതേ കണ്‍സിസ്റ്റന്‍സി ആദ്യ മത്സരങ്ങളില്‍ സഞ്ജു സാംസണ്‍ തുടരുകയാണ്.

2020ല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെയാണ് രാജസ്ഥാന്‍ ആദ്യ മത്സരം കളിച്ചത്. 32 പന്തില്‍ 74 റണ്‍സാണ് സഞ്ജു നേടിയത്. മത്സരത്തിലെ താരവും സഞ്ജു തന്നെയായിരുന്നു.

2021ലെ ആദ്യ മത്സരത്തില്‍ സെഞ്ച്വറിയാണ് സഞ്ജു സാസംണ്‍ നേടിയത്. പഞ്ചാബ് കിങ്‌സ് ഉയര്‍ത്തിയ 222 റണ്‍സിന്റെ ലക്ഷ്യം പിന്തുടരവെ 63 പന്തില്‍ 119 റണ്‍സാണ് സഞ്ജു നേടിയത്. മത്സരത്തില്‍ രാജസ്ഥാന്‍ നാല് റണ്‍സിന് പരാജയപ്പെട്ടെങ്കിലും മത്സരത്തിലെ താരം സഞ്ജു സാംസണ്‍ തന്നെയായിരുന്നു.

2022ലും 2023ലും സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെയാണ് സഞ്ജു ആദ്യ മത്സരത്തില്‍ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. 2022ല്‍ 27 പന്തില്‍ 55 റണ്‍സ് നേടിയ സഞ്ജു 2023ല്‍ 32 പന്തില്‍ 55 റണ്‍സും നേടി. 2022ലെ പ്ലെയര്‍ ഓഫ് ദി മാച്ച് സഞ്ജു നേടിയപ്പോള്‍ 2023ല്‍ ജോസ് ബട്‌ലറാണ് കളിയിലെ താരമായത്.

ഇപ്പോള്‍ തുടര്‍ച്ചയായ അഞ്ചാം വര്‍ഷവും സഞ്ജു സാംസണ്‍ തന്റെ പതിവ് തുടര്‍ന്നിരിക്കുകയാണ്.

അതേസമയം, നിലവില്‍ 17 ഓവര്‍ പിന്നിടുമ്പോള്‍ 158ന് നാല് എന്ന നിലയിലാണ് രാജസ്ഥാന്‍. 42 പന്തില്‍ 62 റണ്‍സുമായി സഞ്ജു സാംസണും മൂന്ന് പന്തില്‍ എട്ട് റണ്‍സുമായി ധ്രുവ് ജുറെലുമാണ് ക്രീസില്‍.

രാജസ്ഥാന്‍ റോയല്‍സ് പ്ലെയിങ് ഇലവന്‍

യശസ്വി ജയ്സ്വാള്‍, ജോസ് ബട്ലര്‍, സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍ & വിക്കറ്റ് കീപ്പര്‍), റിയാന്‍ പരാഗ്, ഷിംറോണ്‍ ഹെറ്റ്മെയര്‍, ധ്രുവ് ജുറെല്‍, ആര്‍. അശ്വിന്‍, സന്ദീപ് ശര്‍മ, ട്രെന്റ് ബോള്‍ട്ട്, ആവേശ് ഖാന്‍, യൂസ്വേന്ദ്ര ചഹല്‍

ഇംപാക്ട് പ്ലെയര്‍: നാന്ദ്രേ ബര്‍ഗര്‍, റോവ്മന്‍ പവല്‍, തനുഷ് കോട്ടിയന്‍, ശുഭം ദുബെ, കുല്‍ദീപ് സെന്‍.

ലഖ്നൗ സൂപ്പര്‍ ജയന്റ്സ് പ്ലെയിങ് ഇലവന്‍

ക്വിന്റണ്‍ ഡി കോക്ക് (വിക്കറ്റ് കീപ്പര്‍) 2 കെ.എല്‍. രാഹുല്‍ (ക്യാപ്റ്റന്‍) ദേവദത്ത് പടിക്കല്‍, ആയുഷ് ബദോനി, മാര്‍ക്കസ് സ്റ്റോയിനിസ്, നിക്കോളാസ് പൂരന്‍, ക്രുണാല്‍ പാണ്ഡ്യ, രവി ബിഷ്ണോയ്, മൊഹ്സിന്‍ ഖാന്‍ നവീന്‍ ഉള്‍ ഹഖ്, യാഷ് താക്കൂര്‍

ഇംപാക്ട് പ്ലെയര്‍: ദീപക് ഹൂഡ, മായങ്ക് യാദവ്, അമിത് മിശ്ര, പ്രേരക് മങ്കാദ്, കെ. ഗൗതം

Content highlight: IPL 2024: RR vs LSG: Sanju Samson score 50+ runs in first match for 5 consecutive years

We use cookies to give you the best possible experience. Learn more