| Sunday, 24th March 2024, 5:56 pm

ഒന്നാമനായി തുടര്‍ച്ചയായ അഞ്ചാം വര്‍ഷം; ജെയ്‌സ്വാള്‍ വന്നിട്ടും ബട്‌ലര്‍ വന്നിട്ടും വിട്ടുകൊടുക്കാത്ത കുത്തക റെക്കോഡ്

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ 2024ലെ നാലാം മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെ 194 റണ്‍സിന്റെ വിജയലക്ഷ്യം പടുത്തുയര്‍ത്തി രാജസ്ഥാന്‍ റോയല്‍സ്. രാജസ്ഥാന്റെ ഹോം ഗ്രൗണ്ടായ ജയ്പൂര്‍ സവായ് മാന്‍സിങ് സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത രാജസ്ഥാന്‍ നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 193 റണ്‍സ് നേടുകയായിരുന്നു.

പവര്‍പ്ലേയില്‍ പ്രതീക്ഷിച്ച പ്രകടനമായിരുന്നില്ല രാജസ്ഥാന്‍ പുറത്തെടുത്തത്. രണ്ട് ഓപ്പണര്‍മാരും ആദ്യ ആറ് ഓവറിനുള്ളതില്‍ കളം വിട്ടിരുന്നു.

ജോസ് ബട്‌ലര്‍ ഒമ്പത് പന്തില്‍ 11 റണ്‍സ് നേടി പുറത്തായപ്പോള്‍ 12 പന്തില്‍ 24 റണ്‍സാണ് യശസ്വി ജെയ്സ്വാള്‍ നേടിയത്. അര്‍ധ സെഞ്ച്വറിയുമായി ക്യാപ്റ്റന്‍ സഞ്ജു സാംസണും യുവതാരം റിയാന്‍ പരാഗുമാണ് രാജസ്ഥാനായി തിളങ്ങിയത്.

സഞ്ജു സാംസണ്‍ 52 പന്തില്‍ പുറത്താകാതെ 82 റണ്‍സ് നേടി. മൂന്ന് ഫോറും ആറ് സിക്‌സറും അടക്കം 157.69 എന്ന തകര്‍പ്പന്‍ സ്‌ട്രൈക്ക് റേറ്റിലാണ് സഞ്ജു സ്‌കോര്‍ ചെയ്തത്.

റിയാന്‍ പരാഗ് മൂന്ന് സിക്‌സറും ഒരു ഫോറും അടക്കം 29 പന്തില്‍ 43 റണ്‍സ് നേടി പുറത്തായി. യശസ്വി ജെയ്‌സ്വാള്‍ (12 പന്തില്‍ 24), ധ്രുവ് ജുറെല്‍ (12 പന്തില്‍ 20*) എന്നിവരാണ് രാജസ്ഥാനായി സ്‌കോര്‍ ചെയ്ത മറ്റ് താരങ്ങള്‍.

ലഖ്‌നൗവിനെതിരായ മത്സരത്തില്‍ ടീമിന്റെ ടോപ് സ്‌കോററായതോടെ മറ്റൊരു നേട്ടമാണ് സഞ്ജു സാംസണെ തേടിയെത്തിയത്. കഴിഞ്ഞ അഞ്ച് വര്‍ഷമായി ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ഓപ്പണിങ് മാച്ചിലെ ടോപ് സ്‌കോറര്‍ എന്ന നേട്ടമാണ് രാജസ്ഥാന്‍ നായകന്‍ സ്വന്തമാക്കിയത്. 2020 മുതലുള്ള എല്ലാ ഓപ്പണിങ് മാച്ചിലും 50+ റണ്‍സ് നേടിക്കൊണ്ടാണ് സഞ്ജു ടീമിന്റെ ടോപ് സ്‌കോററായത്.

2023ല്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെയായിരുന്നു രാജസ്ഥാന്‍ ആദ്യ മത്സരം കളിച്ചത്. 32 പന്തില്‍ 55 റണ്‍സാണ് സഞ്ജു സാംസണ്‍ നേടിയത്. രാജസ്ഥാന്റെ ടോപ് ഓര്‍ഡറിലെ മൂന്ന് പേരും അര്‍ധ സെഞ്ച്വറി നേടി മത്സരം കൂടിയായിരുന്നു അത്. ബട്‌ലറും ജെയ്‌സ്വാളും 54 റണ്‍സ് വീതമാണ് നേടിയത്.

2022ലും സണ്‍റൈസേഴ്‌സിനെയാണ് തങ്ങളുടെ ഓപ്പണിങ് മാച്ചില്‍ രാജസ്ഥാന്‍ നേരിട്ടത്. 27 പന്തില്‍ 55 റണ്‍സാണ് സഞ്ജു നേടിയത്. കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടത് സഞ്ജുവായിരുന്നു.

2021ല്‍ പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തില്‍ സെഞ്ച്വറി നേടിക്കൊണ്ടാണ് സഞ്ജു ടീമിന്റെ ടോപ് സ്‌കോററായത്. പഞ്ചാബ് ഉയര്‍ത്തിയ 222 റണ്‍സ് പിന്തുടരുന്നതിനിടെ 63 പന്തില്‍ 119 റണ്‍സാണ് സഞ്ജു നേടിയത്. മത്സരത്തില്‍ നാല് റണ്‍സിന് രാജസ്ഥാന്‍ പരാജയപ്പെട്ടെങ്കിലും കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടത് സഞ്ജുവിനെ തന്നെയായിരുന്നു.

2020ല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെയാണ് സഞ്ജു സാംസണ്‍ കളമറിഞ്ഞ് കളിച്ചത് ധോണിപ്പടക്കെതിരെ 32 പന്തില്‍ 74 റണ്‍സ് നേടിയാണ് സഞ്ജു തിളങ്ങിയത്. മത്സരത്തില്‍ രാജസ്ഥാന്‍ വിജയിച്ചപ്പോള്‍ കളിയിലെ താരമായതും സഞ്ജു തന്നെ.

അതേസമയം, രാജസ്ഥാന്‍ ഉയര്‍ത്തിയ 194 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ ലഖ്‌നൗവിന് ആദ്യ വിക്കറ്റ് നഷ്ടപ്പെട്ടിരിക്കുകയാണ്. ആദ്യ ഓവറില്‍ ട്രെന്റ് ബോള്‍ട്ടാണ് വിക്കറ്റ് നേടിയത്. അഞ്ച് പന്തില്‍ നാല് റണ്‍സ് നേടിയ സൂപ്പര്‍ താരം ക്വിന്‍ണ്‍ ഡി കോക്കിനെ നാന്ദ്രേ ബര്‍ഗറിന്റെ കൈകളിലെത്തിച്ചാണ് ബോള്‍ട്ട് മടക്കിയത്.

രാജസ്ഥാന്‍ റോയല്‍സ് പ്ലെയിങ് ഇലവന്‍

യശസ്വി ജയ്സ്വാള്‍, ജോസ് ബട്ലര്‍, സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍ & വിക്കറ്റ് കീപ്പര്‍), റിയാന്‍ പരാഗ്, ഷിംറോണ്‍ ഹെറ്റ്മെയര്‍, ധ്രുവ് ജുറെല്‍, ആര്‍. അശ്വിന്‍, സന്ദീപ് ശര്‍മ, ട്രെന്റ് ബോള്‍ട്ട്, ആവേശ് ഖാന്‍, യൂസ്വേന്ദ്ര ചഹല്‍

ഇംപാക്ട് പ്ലെയര്‍: നാന്ദ്രേ ബര്‍ഗര്‍, റോവ്മന്‍ പവല്‍, തനുഷ് കോട്ടിയന്‍, ശുഭം ദുബെ, കുല്‍ദീപ് സെന്‍.

ലഖ്നൗ സൂപ്പര്‍ ജയന്റ്സ് പ്ലെയിങ് ഇലവന്‍

ക്വിന്റണ്‍ ഡി കോക്ക് (വിക്കറ്റ് കീപ്പര്‍) 2 കെ.എല്‍. രാഹുല്‍ (ക്യാപ്റ്റന്‍) ദേവദത്ത് പടിക്കല്‍, ആയുഷ് ബദോനി, മാര്‍ക്കസ് സ്റ്റോയിനിസ്, നിക്കോളാസ് പൂരന്‍, ക്രുണാല്‍ പാണ്ഡ്യ, രവി ബിഷ്ണോയ്, മൊഹ്സിന്‍ ഖാന്‍ നവീന്‍ ഉള്‍ ഹഖ്, യാഷ് താക്കൂര്‍

ഇംപാക്ട് പ്ലെയര്‍: ദീപക് ഹൂഡ, മായങ്ക് യാദവ്, അമിത് മിശ്ര, പ്രേരക് മങ്കാദ്, കെ. ഗൗതം

Content highlight: IPL 2024: RR vs LSG: Sanju Samson becomes the top scorer for Rajasthan Royals in first match for 5 consecutive years

We use cookies to give you the best possible experience. Learn more