ഐ.പി.എല്‍ 2024ലെ നാലാം മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെ ടോസ് നേടിയ രാജസ്ഥാന്‍ റോയല്‍സ് ബാറ്റിങ് തെരഞ്ഞെടുത്തിരിക്കുകയാണ്. രാജസ്ഥാന്‍ റോയല്‍സിന്റെ കോട്ടയെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഹോം ഗ്രൗണ്ട് സവായ് മാന്‍സിങ് സ്‌റ്റേഡിയമാണ് ക്ലാസിക് പോരാട്ടത്തിന് വേദിയാകുന്നത്.
തങ്ങള്‍ ബാറ്റ് ചെയ്യാനും ബൗള്‍ ചെയ്യാനും തയ്യാറായിരുന്നുവെന്നും എന്നാല്‍ പുതിയ കോംബിനേഷല്‍ ബാറ്റിങ് തെരഞ്ഞെടുക്കുകയാണ് മികച്ച തീരുമാനമെന്നും സഞ്ജു പറഞ്ഞു.
‘മികച്ച വിക്കറ്റാണിത്, ഞങ്ങള്‍ ബാറ്റ് ചെയ്യാനും ബൗള്‍ ചെയ്യാനും തയ്യാറാണ്. എന്നാല്‍ ടീമിലെ പുതിയ കോംബിനേഷനുകള്‍ കണക്കിലെടുക്കുമ്പോള്‍ ബാറ്റിങ് തെരഞ്ഞെടുക്കുന്നതാണ് ശരിയായ തീരുമാനമെന്നാണ് എനിക്ക് തോന്നുന്നത്.
രാജസ്ഥാനില്‍ നിന്നും ഒരുപാട് യുവതാരങ്ങള്‍ വമ്പന്‍ താരങ്ങളായിട്ടുണ്ട്. അത് ടീമിനെ സംബന്ധിച്ചും ഏറെ മികച്ചതാണ്. ഞാന്‍ ഗെയ്മിനായി കാത്തിരിക്കുന്നു,’ ടോസ് വിജയിച്ച ശേഷം സഞ്ജു പറഞ്ഞു.
ടോസ് ലഭിച്ചാല്‍ തങ്ങളും ബാറ്റിങ് തന്നെ തെരഞ്ഞെടുക്കുമായിരുന്നു എന്നാണ് ലഖ്‌നൗ നായകന്‍ രാഹുലും പറഞ്ഞത്.
‘ ടോസ് ലഭിച്ചാല്‍ ഞങ്ങളും ആദ്യം ബാറ്റിങ് തന്നെ തെരഞ്ഞെടുക്കുമായിരുന്നു. പിച്ച് വളരെ മികച്ചതായാണ് കാണപ്പെടുന്നത്. പക്ഷേ മത്സരത്തിനിടെ അതിന്റെ സ്വഭാവം കാര്യമായി മാറും എന്ന് ഞാന്‍ കരുതുന്നില്ല. കഴിഞ്ഞ വര്‍ഷത്തെ അതേ ടീം തന്നെയാണ് ഞങ്ങള്‍ക്കുള്ളത്.
ഫീല്‍ഡിലേക്ക് മടങ്ങിയെത്തിയത് ഏറെ സന്തോഷം നലകുന്നതാണ്. പരിക്കുകള്‍ കഴിഞ്ഞ കുറച്ചു കാലമായി എന്റെ പ്രിയപ്പെട്ട സുഹൃത്തായി മാറിക്കൊണ്ടിരിക്കുകയാണ്. പക്ഷേ അത് മത്സരത്തിന്റെ ഭാഗമാണ്. ഒരു ഗ്രൂപ്പ് എന്ന നിലയില്‍ ഞങ്ങള്‍ മികച്ച മുന്നൊരുക്കങ്ങള്‍ നടത്തിയിട്ടുണ്ട്,’ രാഹുല്‍ പറഞ്ഞു.
അതേസമയം, ആറ് ഓവര്‍ പിന്നിടുമ്പോള്‍ 54 റണ്‍സിന് രണ്ട് വിക്കറ്റ് എന്ന നിലയിലാണ് രാജസ്ഥാന്‍ റോയല്‍സ്. ഓപ്പണര്‍മാരുടെ വിക്കറ്റാണ് ഹല്ലാ ബോല്‍ ആര്‍മിക്ക് നഷ്ടമായത്. ജോസ് ബട്‌ലര്‍ ഒമ്പത് പന്തില്‍ 11 റണ്‍സ് നേടി പുറത്തായപ്പോള്‍ 12 പന്തില്‍ 24 റണ്‍സാണ് യശസ്വി ജെയ്‌സ്വാള്‍ നേടിയത്.