ഒടുവില്‍ കപ്പടിച്ച ഒരു ടീമിനെ കയ്യില്‍ കിട്ടി; ട്രോഫിയില്ലാത്തവരെ തെരഞ്ഞ് പിടിച്ച് തല്ലുന്നവനെന്ന ചീത്തപ്പേര് മാറ്റി നരെയ്ന്‍
IPL
ഒടുവില്‍ കപ്പടിച്ച ഒരു ടീമിനെ കയ്യില്‍ കിട്ടി; ട്രോഫിയില്ലാത്തവരെ തെരഞ്ഞ് പിടിച്ച് തല്ലുന്നവനെന്ന ചീത്തപ്പേര് മാറ്റി നരെയ്ന്‍
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 16th April 2024, 8:53 pm

ഐ.പി.എല്‍ 2024ലെ 31ാം മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നേരിടുകയാണ്. കൊല്‍ക്കത്തയുടെ ഹോം ഗ്രൗണ്ടായ ഈഡന്‍ ഗാര്‍ഡന്‍സിലാണ് മത്സരം അരങ്ങേറുന്നത്. മത്സരത്തില്‍ ടോസ് നേടിയ രാജസ്ഥാന്‍ റോയല്‍സ് ഫീല്‍ഡിങ് തെരഞ്ഞെടുത്തു.

സൂപ്പര്‍ താരം സുനില്‍ നരെയ്‌ന്റെ ബാറ്റിങ് മികവില്‍ ഹോം ടീം സ്‌കോര്‍ ഉയര്‍ത്തുകയാണ്. മത്സരത്തില്‍ അര്‍ധ സെഞ്ച്വറി നേടിയാണ് നരെയ്ന്‍ രാജസ്ഥാന്‍ ബൗളര്‍മാരെ തച്ചുതകര്‍ക്കുന്നത്. സീസണില്‍ നരെയ്‌ന്റെ രണ്ടാം അര്‍ധ സെഞ്ച്വറി നേട്ടമാണിത്.

നേരിട്ട 29ാം പന്തിലാണ് നരെയ്ന്‍ ഫിഫ്റ്റി നേടിയത്. അശ്വിനെതിരെ സിക്‌സര്‍ നേടിക്കൊണ്ടാണ് നരെയ്ന്‍ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്.

ഐ.പി.എല്ലില്‍ നരെയ്‌ന്റെ ആറാം അര്‍ധ സെഞ്ച്വറി നേട്ടമാണിത്.

താരത്തിന്റെ ഈ അര്‍ധ സെഞ്ച്വറിക്ക് മറ്റൊരു പ്രത്യേകതയുമുണ്ട്. ഐ.പി.എല്ലില്‍ കിരീടം നേടിയ ഒരു ടീമിനെതിരെ നേടുന്ന ആദ്യ അര്‍ധ സെഞ്ച്വറിയാണിത്.

ഇതിന് മുമ്പ് നരെയ്ന്‍ നേടിയ അഞ്ച് അര്‍ധ സെഞ്ച്വറികളും ഐ.പി.എല്ലില്‍ കിരീടം നേടാന്‍ സാധിക്കാതെ പോയ ടീമിനെതിരെയായിരുന്നു. റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെയും ദല്‍ഹി ക്യാപ്പിറ്റല്‍സിനെതിരെയും രണ്ട് തവണ അര്‍ധ സെഞ്ച്വറി നേടിയ നരെയ്ന്‍, പഞ്ചാബ് കിങ്‌സിനെതിരെയാണ് അഞ്ചാം ഫിഫ്റ്റി പൂര്‍ത്തിയാക്കിയത്.

 

അതേസമയം, അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയ ശേഷവും നരെയ്ന്‍ തന്റെ വെടിക്കെട്ട് തുടരുകയാണ്. നിലവില്‍ 14 ഓവര്‍ പിന്നിടുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 146 റണ്‍സ് എന്ന നിലയിലാണ് കൊല്‍ക്കത്ത. 42 പന്തില്‍ 74 റണ്‍സുമായി നരെയ്‌നും നാല് പന്തില്‍ മൂന്ന് റണ്‍സുമായി ആന്ദ്രേ റസലുമാണ് ക്രീസില്‍.

രാജസ്ഥാന്‍ റോയല്‍സ് പ്ലെയിങ് ഇലവന്‍

യശസ്വി ജെയ്‌സ്വാള്‍, സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), റിയാന്‍ പരാഗ്, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, റോവ്മന്‍ പവല്‍, ധ്രുവ് ജുറെല്‍, ആര്‍. അശ്വിന്‍, ട്രെന്റ് ബോള്‍ട്ട്, ആവേശ് ഖാന്‍, കുല്‍ദീപ് സെന്‍, യൂസ്വേന്ദ്ര ചഹല്‍.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്

ഫില്‍ സോള്‍ട്ട് (വിക്കറ്റ് കീപ്പര്‍), സുനില്‍ നരെയ്ന്‍, ആംഗ്ക്രിഷ് രഘുവംശി, വെങ്കിടേഷ് അയ്യര്‍, ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), റിങ്കു സിങ്, ആന്ദ്രേ റസല്‍, രമണ്‍ദീപ് സിങ്, മിച്ചല്‍ സ്റ്റാര്‍ക്, വരുണ്‍ ചക്രവര്‍ത്തി, ഹര്‍ഷിത് റാണ.

 

Content Highlight: IPL 2024: RR vs KKR: Sunil Narine scored half century against Rajasthan Royals